ആവേശമായി ജെ.പി.നഡ്ഡയുടെ റോഡ് ഷോ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

ആവേശമായി ജെ.പി.നഡ്ഡയുടെ റോഡ് ഷോ


ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡയുടെ റോഡ്‌ഷോ. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽപ്പെട്ട ചക്കരക്കല്ലിലായിരുന്നു റോഡ് ഷോ. 
രാവിലെ നടന്ന റോഡ്‌ഷോയിൽ ആവേശത്തോടെ പ്രവർത്തകർ പങ്കെടുത്തു. ബി.ജെ.പി. ദേശീയസമിതിയംഗം സി.കെ.പദ്‌മനാഭനാണ് ധർമടത്ത് ബി.ജെ.പി. സ്ഥാനാർഥി. രാവിലെ 9.45-ന് പ്രത്യേക ഹെലിക്കോപ്റ്ററിലാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. തുടർന്ന് കാർ മാർഗം 10.15-ഓടെ ചക്കരക്കല്ലിന് സമീപം നാലാംപീടികയിലെത്തി. പ്രത്യേകം അലങ്കരിച്ചൊരുക്കിയ വാഹനത്തിൽ കയറി ചക്കരക്കൽ ബസ്‌സ്റ്റാൻഡ് വരെയായിരുന്നു റോഡ് ഷോ. ദേശീയ അധ്യക്ഷനെ കാണാൻ രാവിലെ ഒൻപതു മുതലേ ബി.ജെ.പി. പ്രവർത്തകർ സ്ഥലത്തെത്തിച്ചേർന്നിരുന്നു. ഒൻപതരയോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. വാദ്യഘോഷങ്ങൾ, ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയെല്ലാം റോഡ് ഷോക്ക് കൊഴുപ്പേകി. വാഹനത്തിൽ ജെ.പി.നഡ്ഡക്കൊപ്പം ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ എൻ.ഹരിദാസ്, ബി.ജെ.പി.നേതാവും കർണാടക എം.എൽ.എ.യുമായ സുനിൽകുമാർ കർക്കരെ, ധർമടത്തെ സ്ഥാനാർഥി സി.കെ.പദ്‌മനാഭൻ, മറ്റു സ്ഥാനാർഥികളായ കെ.രഞ്ചിത്ത്, ബിജു ഏളക്കുഴി, അർച്ചന വണ്ടിച്ചാലിൽ, അരുൺ കൈതപ്രം തുടങ്ങിയവരുമുണ്ടായിരുന്നു. റോഡ്‌ഷോയിൽ നേതാക്കളായ കെ.കെ.വിനോദ്കുമാർ, എ.ദാമോദരൻ, പി.ആർ.രാജൻ, യു.ടി.ജയന്തൻ, വി.പി.സംഗീത, വിജയൻ വട്ടിപ്രം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ചക്കരക്കല്ല് ബസ്‌സ്റ്റാൻഡിനുള്ളിൽ നടന്ന സമാപന യോഗത്തിൽ വാഹനത്തിൽനിന്നുതന്നെ ജെ.പി.നഡ്ഡ സംസാരിച്ചു. ഇടത്‌-വലത് മുന്നണികളുടെ അഴിമതിഭരണത്തിന് അന്ത്യം കുറിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് നരേന്ദ്രമോദിയുടെ സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തിലും ബംഗാളിലും സി.പി.എമ്മിന് ഇരട്ടത്താപ്പ് നയമാണെന്നും നഡ്ഡ പറഞ്ഞു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog