മുത്തപ്പൻ ആരുടെ വിളി കേൾക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പറശ്ശിനിക്കടവ് മുത്തപ്പന്റെ നാടാണ് കണ്ണൂർ. മുത്തപ്പന്റെ അനുഗ്രഹം വാങ്ങി സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങുന്നതും ഈയൊരു സവിശേഷത കൊണ്ടാണ്. എന്നാൽ വിളിച്ചാൽ വിളികേൾക്കാത്ത സ്ഥാനാർത്ഥികളെ പാഠം പഠിപ്പിക്കുന്ന ചരിത്രവുമുണ്ട് കണ്ണൂരിന്. തങ്ങളുടെ ജനപ്രതിനിധിയെ നേരിട്ട് കിട്ടണം, കാര്യങ്ങൾ തുറന്ന് പറയണം. അങ്ങനെയുള്ളവർക്കാണ് വോട്ടെന്ന് കണ്ണൂരുകാർ പറയും. കണ്ണൂരിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും കോട്ടകളുണ്ട്. 11 മണ്ഡലങ്ങളിൽ എട്ടിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും ഭരിക്കുന്നു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ജനവിധി തേടുന്ന ജില്ല എന്ന നിലയിലും കണ്ണൂർ ശ്രദ്ധാകേന്ദ്രം. എൽ.ഡി.എഫിൽ ഇത്തവണ എട്ടിടത്ത് സി.പി.എമ്മും ഓരോസീറ്റിൽ കോൺഗ്രസ് എസും ലോക് താന്ത്രിക് ദളും കേരള കോൺഗ്രസ് എമ്മുമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് ലീഗിന് രണ്ട് സീറ്റും ആർ.എസ്.പിക്ക് ഒരു സീറ്റും നൽകി. എട്ടിടത്ത് കോൺഗ്രസും മത്സരിക്കുന്നു. ധർമ്മടം, പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ, കല്യാശേരി, തലശേരി, കൂത്തുപറമ്പ് എന്നിവ ഇടത് കോട്ടകളാണെങ്കിൽ ഇരിക്കൂർ, പേരാവൂർ യു.ഡി.എഫിനൊപ്പം നിൽക്കുന്നു. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങൾ എങ്ങോട്ടും ചായും.

ഇളകാത്ത കോട്ടകൾ

ഇടതിന്റെ ഉരുക്കുകോട്ടകളിൽ ഇത്തവണ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് എതിരാളികൾ പോലും കരുതുന്നില്ല. 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം ഉയർത്തുമെന്ന് ഇടതുമുന്നണി ഉറപ്പിച്ചു പറയുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ കാട്ടിയാണ് യു.ഡി.എഫിലെ സി. രഘുനാഥ് വോട്ടുചോദിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭനും രംഗത്തുണ്ട്

കല്യാശേരിയിൽ 42891 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ ടി.വി. രാജേഷ് കഴിഞ്ഞതവണ വിജയിച്ചത്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം. വിജിനും യു.ഡി.എഫിലെ എം. ബ്രിജേഷ് കുമാറും തമ്മിലാണ് ഇത്തവണ മത്സരം. മന്ത്രി ഇ.പി. ജയരാജൻ ഒഴിഞ്ഞു കൊടുത്ത മട്ടന്നൂരിലേക്ക് നാട്ടുകാരിയായ മന്ത്രി കെ.കെ. ശൈലജ എത്തുന്നത് ആരോഗ്യരംഗത്ത് അവർ നടപ്പാക്കിയ നേട്ടങ്ങളുടെ ലിസ്റ്റുമായാണ്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഇല്ലിക്കൽ അഗസ്തിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതോടെ ശ്രദ്ധാകേന്ദ്രമായ തലശേരിയിലും ഇത്തവണ മത്സരം പൊടിപാറും. ബി.ജെ.പിയുടെ 22000 വോട്ട് എങ്ങോട്ട് പോകുമെന്നതിനെക്കുറിച്ച് കൂട്ടിയും കിഴിച്ചും കഴിയുകയാണ് ഇരുമുന്നണികളും. ഇടതുമുന്നണിയിലെ എ. എൻ. ഷംസീർ

കഴിഞ്ഞ തവണ ലഭിച്ച 34117 വോട്ടിന്റെ ആത്മവിശ്വാസവുമായി രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോൾ

കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷനാണ് എതിരാളി.

40263 വോട്ടിന് ഇടതുമുന്നണിയിലെ സി. കൃഷ്ണൻ വിജയിച്ച പയ്യന്നൂരിൽ ടി. ഐ. മധുസൂദനനെയാണ് സി.പി.എം ഇറക്കിയത്. എം. പ്രദീപ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കൂത്തുപറമ്പിൽ ലോക് താന്ത്രിക് ദളിലെ കെ.പി. മോഹനനും ലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലാണ് മത്സരം. ബി.ജെ.പിക്ക് സ്വാധീനമുള്ള ഇവിടെ സി.സദാനന്ദനുമുണ്ട്.

ഇരിക്കൂറും പേരാവൂരും

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ കലാപക്കൊടി ഉയർത്തിയ മണ്ഡലമാണ് ഇരിക്കൂർ. സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാവുമെന്ന് കരുതിയ എ വിഭാഗത്തിന് മുന്നിലേക്ക് ഇടിത്തീപോലെയാണ് സജീവ് ജോസഫിന്റെ പേര് എത്തിയത്. പ്രതിഷേധം കടുത്തെങ്കിലും ഹൈക്കമാൻഡ് കുലുങ്ങിയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്ത് ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് എം. നേതാവ് സജി കുറ്റിയാനിമറ്റം എൽ.ഡി.എഫിനായി രംഗത്തിറങ്ങുമ്പോൾ യു.ഡി. എഫിനു നേരിയ പരിഭ്രമമുണ്ടെന്നതാണ് സത്യം. എന്നാലും അതിനെ അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. സീറ്റ് നിലനിറുത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും ഇറങ്ങിയതോടെ പേരാവൂരിൽ ഇത്തവണ പോരാട്ടം തീ പാറും.

ആടിയുലഞ്ഞ് കണ്ണൂരും അഴീക്കോടും

കണ്ണൂരും അഴീക്കോടും എങ്ങോട്ടും ചായാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങളാണ്. കണ്ണൂരിൽ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിയും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും തമ്മിലാണ് മത്സരം. ചെറിയ നോട്ടപ്പിശകിൽ കൈവിട്ടു പോയ കണ്ണൂർ തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് യു.ഡി.എഫ്. 1260 വോട്ടിനാണ് കടന്നപ്പള്ളി ഇവിടെ നിന്നും കഴി‌ഞ്ഞതവണ ജയിച്ചത്. അഴീക്കോട്ട് സിറ്റിംഗ് എം.എൽ.എ കെ.എം. ഷാജിയെ യു.ഡി.എഫ് രണ്ടാം അങ്കത്തിനിറക്കുമ്പോൾ മണ്ഡലംതിരിച്ചു പിടിക്കാൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിനെയാണ് എൽ.ഡി.എഫ് ഇറക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha