നേര്‍ക്ക് നേര്‍ - പയ്യന്നൂര്‍ ഇടതിന്റെ ഉരുക്ക് കോട്ട; വിള്ളല്‍ വീഴ്ത്താന്‍ യു.ഡി.എഫ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

നേര്‍ക്ക് നേര്‍ - പയ്യന്നൂര്‍ ഇടതിന്റെ ഉരുക്ക് കോട്ട; വിള്ളല്‍ വീഴ്ത്താന്‍ യു.ഡി.എഫ്

പയ്യന്നൂര്‍: സംസ്ഥാനത്ത് ഇടത്മുന്നണിയുടെ ഉറച്ച സീറ്റുകള്‍ ഏതെല്ലാം എന്ന ചോദ്യത്തിന് ആദ്യ ഉത്തരമായി വരും പയ്യന്നൂരെന്ന പേര്. മണ്ഡലം നിലവില്‍ വന്ന 1965 മുതല്‍ ഇതുവരെ പയ്യന്നൂരില്‍ ഇടതുപക്ഷം മാത്രമെ വിജയിച്ചിട്ടുള്ളു.അത്രയ്ക്ക് വേരോട്ടം ദേശീയപ്രസ്ഥാനത്തിന്റെ അസുലഭമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിന്റെ മണ്ണില്‍ ഇടതുപക്ഷത്തിനുണ്ട്.

എ.വി.കുഞ്ഞമ്ബു , എന്‍.സുബ്രഹ്മണ്യ ഷേണായി , എം.വി.രാഘവന്‍, സി.പി.നാരായണന്‍, പിണറായി വിജയന്‍ ,പി.കെ.ശ്രീമതി,സി. കൃഷ്ണന്‍ എന്നിവരാണ് പയ്യന്നൂരിനെ ഇതുവരെ പ്രതിനിധീകരിച്ചവര്‍.പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍ പെരളം ,കാങ്കോല്‍ ആലപ്പടമ്ബ് , എരമം കുറ്റൂര്‍, പെരിങ്ങോം വയക്കര , ചെറുപുഴ, രാമന്തളി എന്നീ ഗ്രാമ പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണം ഇടതിനാണ്2016ല്‍ എല്‍.ഡി.എഫിലെ സി. കൃഷ്ണന് 40263 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ സാജിദ് മൗവലിന് 42963 വോട്ടും ബി.ജെ.പിയിലെ ആനിയമ്മ രാജേന്ദ്രന് 15341 വോട്ടും ലഭിച്ചു. 2011ല്‍ സി. കൃഷ്ണന് 22782 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2019 ലോകസഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.സതീഷ് ചന്ദ്രന് പയ്യന്നൂര്‍ 26131 വോട്ടിന്റെ ലീഡ് നല്‍കിയിരുന്നു.
പയ്യന്നൂരിന്റെ രാഷ്ട്രീയസാമൂഹിക കലാസാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറ സാന്നിദ്ധ്യമായ ടി. ഐ. മധുസൂദനനാണ് ഇക്കുറി എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി.സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കണ്ണൂര്‍ എ.കെ.ജി. ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ വോട്ടര്‍മാര്‍ക്ക് സുപരിചിതന്‍. ബാലസംഘം പ്രവര്‍ത്തകനായി തുടങ്ങി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി , സി.പി.എം.പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി, പയ്യന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.മുന്‍ ഫോക് ലോര്‍ അക്കാഡമി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ എം.പ്രദീപ് കുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സ് നേതാവും നടനും നാടക കൃത്തുമായിരുന്ന പരേതനായ വി.ചന്ദ്രശേഖരന്‍ വൈദ്യരുടെ മകനായ പ്രദീപ് കുമാര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക മുഖമായാണ് അറിയപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച

പ്രദീപ് കുമാറിന് യുവജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

എന്‍.ഡി.എ.സ്ഥാനാര്‍ത്ഥിയായി അഡ്വ: കെ.കെ.ശ്രീധരനാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീധരന്‍ , ബി.ജെ.പി.അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയയാത്രയിലാണ് ബി.ജെ.പി.യില്‍ അംഗമായത്. പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്ന അച്ചം വീട്ടില്‍ നാരായണ പൊതുവാളുടെ മകനായ ശ്രീധരന് വ്യക്തിപരമായും കുടുംബപരമായും മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍.ഡി.എഫ്.ഭരണത്തില്‍ മണ്ഡലത്തില്‍ നടന്ന ആയിരം കോടിയോളം രൂപയുടെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. എന്നാല്‍ ഇടതുപ്രതിനിധികള്‍ വന്‍പരാജയമായിരുന്നുവെന്നും ഇതിനൊരു മാറ്റം വേണമെന്നുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥന.മോദിയുടെ വികസനം പറഞ്ഞാണ് എന്‍.ഡി.എയുടെ വോട്ടഭ്യര്‍ത്ഥന.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog