'പി ജയരാജനില്ലാത്തത് അഴീക്കോട് കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിരിച്ചടിയാകും'; 'മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല'; 'രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി ബിസിനസ് ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ചു'; അച്ചടക്ക നടപടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ധീരജ് കുമാര്‍; അമ്ബാടിമുക്ക് സഖാവിനെ പുറത്താക്കിയിട്ടും കണ്ണൂരില്‍ പ്രതിഷേധം കത്തുന്നു; തലശേരിയില്‍ സ്ഥിതി സങ്കീര്‍ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കണ്ണൂരില്‍ സി പി എമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ധീരജ് കുമാര്‍. പി ജയരാജന് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ സ്പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ധീരജ് കുമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ അച്ചടക്ക നടപടി.

രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി ബിസിനസ് ചെയ്ത് ജീവിക്കാനാണ് ധീരജിന്റെ തീരുമാനം. സി പി എം പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി കൂടുതല്‍ പേര്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ധീരജ് പറഞ്ഞു.പി ജയരാജന് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിക്ക് നേരിയ മേല്‍ക്കൈയുള്ള അഴീക്കോട് കണ്ണൂര്‍ മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവര്‍ത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് പരസ്യ പ്രതികരണം നടത്തിയതെന്നും ധീരജ് കുമാര്‍ പറയുന്നു. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇന്നലെ ധീരജ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരണവും നടത്തിയതോടെയാണ് സി പി എം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടിയോട് ആലോചിക്കാതെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാനം രാജിവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍. ധീരജ് കുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് പഴയ അമ്ബാടിമുക്ക് സഖാവിനെ സിപിഎം പുറത്താക്കിയത്. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് സിപിഎം ജില്ലാ നേതൃത്വം തീരുമാനമെടുത്തത്.

പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് സിപിഎം പള്ളിക്കുന്ന് ലോക്കലിലെ ചെട്ടി പീടിക ബ്രാഞ്ചംഗംകൂടിയായ എന്‍. ധീരജ് കുമാറിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഇതിനിടെ ധീരജിനെ പുറത്താക്കിയതോടെ കണ്ണൂരില്‍ സ്ഥിതി സ്‌ഫോടനാത്മകമായി തുടരുകയാണ്.

ശനിയാഴ്ച് രാവിലെ പത്തു മണിയോടെയാണ് പി.ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പി.ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു.

ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജന്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ നേരത്തെ ഉയരുകയും പാര്‍ട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചര്‍ച്ചയായിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളും കേന്ദ്രീകരിച്ച്‌ പി.ജയരാജനായി ഹാഷ് ടാഗ് ക്യാംപയിനും തുടങ്ങിയിട്ടുണ്ട്. പി.ജെ ആര്‍മി ഫേസ്‌ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനാത്മകമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ധീരജ് കുമാറിനെ രഹസ്യമായി പിന്തുണച്ചു കൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ ചില ഏരിയാ ലോക്കല്‍ കമ്മിറ്റികളിലും പ്രതിഷേധം ശക്തമാണ്.സോഷ്യല്‍ മീഡിയയില്‍ പി.ജയരാജനെ അനുകുലിക്കുന്നവര്‍ മുഖ്യമന്ത്രിക്കെതിരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും അതി രൂക്ഷമായ വിമര്‍ശനമാണ് അഴിച്ചു വിടുന്നത്.

സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ തെരുവിലിറങ്ങാനാണ് പി. ജയരാജനെ അനുകുലിക്കുന്നവരുടെ നീക്കം. ജില്ലയിലെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്താനും പോസ്റ്റര്‍ പ്രചാരണം നടത്താനും ഇവര്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്ന് മേഖലയിലും തലശേരി, പാനൂര്‍ , കുത്തുപറമ്ബ് മേഖലയിലും സ്ഥിതി അതീവ ഗൗരവകരമാണ്.

സോഷ്യല്‍ മീഡിയയില്‍ പി.ജെ ആര്‍മിയുടെ കടുത്ത പ്രതിഷേധമാണുയരുന്നത്. തലശേരിയില്‍ പ്രവര്‍ത്തകര്‍ കൂട്ടരാജിഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കകത്ത് പുകയുന്ന അമര്‍ഷം അവഗണിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, പി ജയരാജന്‍ തന്നെ പി ജെ ആര്‍മിയെ അടക്കം തള്ളി ഇന്നലെ വൈകുന്നേരം രംഗത്തെത്തിയിരുന്നു. തന്റെ പേരുയര്‍ത്തിയുള്ള വിവാദങ്ങളില്‍ നിന്നും സി പി എമ്മുകാര്‍ പിന്‍വാങ്ങണമെന്നും പി ജെ ആര്‍മിയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ജയരാജന്‍ ഇന്നലെ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha