വൈപ്പിന്‍കരയില്‍ വീറുറ്റ പോരാട്ടം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

വൈപ്പിന്‍കരയില്‍ വീറുറ്റ പോരാട്ടം


കൊച്ചി: ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്. ഒരുവശത്ത് കടല്‍, മറുവശത്ത് കായല്‍. വെെപ്പിന്‍ മണ്ഡലത്തില്‍ ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങി വേണം തിരഞ്ഞെടുപ്പ് പ്രചാരണം. മുന്‍പ് ഞാറയ്ക്കല്‍ എന്നറിയപ്പെട്ടിരുന്ന മണ്ഡലം 2011 ലാണ് വെെപ്പിനായി മാറിയത്. അന്നു മുതല്‍ എസ്. ശര്‍മ്മ നിലനിറുത്തുന്ന മണ്ഡലം ഇത്തവണയും ഒപ്പം നില്‍ക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. യുവനേതാവിനെ കളത്തിലിറക്കി തിരികെപ്പിടിക്കാനുള്ള ദൗത്യത്തിലാണ് യു.ഡി.എഫ്. വെെപ്പിന്‍കരക്കാരനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് എന്‍.ഡി.എ.

രണ്ട് വട്ടം എസ്. ശര്‍മ്മ വിജയിച്ച വൈപ്പിനില്‍ ഇത്തവണ കെ.എന്‍. ഉണ്ണികൃഷ്ണനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.യു.ഡി.എഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയിയും. അഡ്വ. കെ.എസ്. ഷെെജുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കണയന്നൂര്‍ താലൂക്കിലെ കടമക്കുടിയും മുളവുകാടും കൊച്ചി താലൂക്കിലെ പള്ളിപ്പുറം, ഞാറയ്ക്കല്‍, നായരമ്ബലം, കുഴിപ്പിള്ളി, എളങ്കുന്നപുഴ, എടവനക്കാട് എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ പെടുന്നത്. 2016 ലെ കണക്ക് പ്രകാരം 1,64,237 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

ജനങ്ങള്‍ ഒപ്പം നില്‍ക്കും

മണ്ഡലം ഇത്തവണയും കൂടെ നില്‍ക്കുമെന്ന വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും. ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തില്‍ പ്ലാവിന്‍ തെെ നട്ടായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. അഞ്ച് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഇടത് താത്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണ ചുമതല വഹിക്കുന്ന നേതാവ് ഇ.സി. ശിവദാസ് പറഞ്ഞു. 20 ന് ബൂത്ത് കേന്ദ്രങ്ങളിലെ പൊതുപര്യടനം ആരംഭിക്കും. പ്രഖ്യാപനം വന്നത് മുതല്‍ ഭവന വ്യാപാര സന്ദര്‍ശനങ്ങളിലാണ് സ്ഥാനാര്‍ത്ഥി. വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞാണ് പ്രചാരണം പുരോഗമിക്കുന്നത്.

സമീപനം പ്രതീക്ഷ നല്‍കുന്നത്

മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും മുതിര്‍ന്ന നേതാക്കളെയും നേരില്‍ക്കണ്ട് പിന്തുണയും അനുഗ്രഹവും തേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച്‌ മണ്ഡലം തിരികെ പിടിക്കുമെന്ന് യു.ഡി.എഫ് നേതാവ് അഡ്വ. എം.പി പോള്‍ പറഞ്ഞു. ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കാളമുക്ക് ഹാര്‍ബറില്‍ നിന്ന് മുനമ്ബത്തേക്ക് റോഡ് ഷോയും, യു.ഡി.എഫ് നേതൃയോഗവും നടത്തി. ഇന്ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും. 22, 23 തിയതികളിലായി മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും.

വോട്ടര്‍മാരെ നേരില്‍ കാണും

സ്ഥാനാര്‍ത്ഥി കെ.എസ്. ഷൈജു വൈപ്പിന്‍ നിവാസിയായതിനാല്‍ ജനങ്ങളില്‍ നിന്ന് വന്‍പിന്തുണ ലഭിക്കുന്നുണ്ടെന്ന് എന്‍.ഡി.എ നേതാക്കള്‍ പറഞ്ഞു. വികസനമുണ്ടായെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും കുടിവെള്ളപ്രശ്നം, സ്വകാര്യ ബസുകളുടെ നഗരപ്രവേശം തുടങ്ങിയ പരിഹരിക്കാത്ത പ്രശ്നങ്ങള്‍ മുന്‍നിറുത്തിയാണ് പ്രചാരണം. ഗൃഹസന്ദര്‍ശനത്തിലൂടെ പരമാവധി വോട്ടര്‍മാരെയെല്ലാം നേരില്‍ കാണുമെന്ന് പ്രചരണ ചുമതല വഹിക്കുന്ന നേതാവ് എ.പി രാജന്‍ പറഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog