മഞ്ചേശ്വരം പിടിക്കണമെങ്കില്‍ ഹെലികോപ്‌ടറും പ്രവര്‍ത്തകരും മാത്രം പോരെന്ന് തിരിച്ചറിഞ്ഞ് ബിജെപി, ആശ്വസിക്കാനുള്ള വകനല്‍കുന്നത് മറ്റൊരു ഘടകം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

മഞ്ചേശ്വരം പിടിക്കണമെങ്കില്‍ ഹെലികോപ്‌ടറും പ്രവര്‍ത്തകരും മാത്രം പോരെന്ന് തിരിച്ചറിഞ്ഞ് ബിജെപി, ആശ്വസിക്കാനുള്ള വകനല്‍കുന്നത് മറ്റൊരു ഘടകം

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പെരുമഴ പെയ്യിച്ച ഹെലികോപ്ടറുകള്‍ കാസര്‍കോട്ടുകാര്‍ക്ക് പേടിസ്വപ്‌നമാണ്. ഇതുമായി പുലബന്ധമില്ലെങ്കിലും, പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു ഹെലികോപ്ടറിന്റെ പങ്ക സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയാകാശത്തെ ചൂടുപിടിപ്പിക്കുകയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനാണ് ആ ഹെലികോപ്ടറില്‍ മഞ്ചേശ്വരത്ത് നിന്ന് കോന്നിയിലേക്കും തിരിച്ചുമായി പറന്ന് പ്രചാരണം നടത്തുന്നത്.

കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരത്ത്, പ്രാദേശിക, ഭാഷാന്യൂനപക്ഷാസ്തിത്വങ്ങള്‍ അധിക ആനുകൂല്യമായി കിട്ടിയിട്ടുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലിംലീഗിലെ എ.കെ.എം. അഷറഫ് ട്രോളി: 'എനിക്ക് ഹെലികോപ്ടറൊന്നും പറക്കാനില്ല.അതിന്റെ ആവശ്യവുമില്ല. ഞാനീ മഞ്ചേശ്വരക്കാരനാണ്'. ഹെലികോപ്ടറില്‍ വന്നുപോകുന്ന സ്ഥാനാര്‍ത്ഥിക്ക് ഇവിടെയൊന്നും ചെയ്യാനില്ലെന്ന് സി.പി.എം സ്ഥാനാര്‍ത്ഥി വി.വി. രമേശനും പറയുന്നു.

കഴിഞ്ഞദിവസം വൈകിട്ട് കോന്നിയിലേക്ക് പറന്ന കെ. സുരേന്ദ്രന്‍ രണ്ട് ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. പക്ഷേ സുരേന്ദ്രന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയും പുത്തിഗെയിലെ ബി.ജെ.പിയുടെ അമരക്കാരനുമായ സതീഷ്ചന്ദ്ര ഭണ്ഡാരി ശുഭാപ്തിവിശ്വാസത്തിലാണ്. 'കോന്നിയിലും ഇവിടെയും സ്ഥാനാര്‍ത്ഥിയായാല്‍ രണ്ടും രണ്ടറ്റത്താകുമ്ബോള്‍ ഹെലികോപ്ടറില്‍ പോകേണ്ടിവരും. അതിലെന്ത് കുഴപ്പം?' എന്നാണ് ഭണ്ഡാരി ചോദിക്കുന്നത്. പുത്തിഗെ ഗ്രാമത്തിലെ പെര്‍മുദെ കോളനിയില്‍ അഞ്ചേക്കര്‍ ഭൂമിയുള്ള ഷെട്ടിസമുദായക്കാരനായ ഭണ്ഡാരി കെട്ടിക്കൊടുത്ത കൊച്ചു കുടിലിലിരുന്ന് രാവിലെ പത്ത് മണിക്ക്, ചനിയ എന്ന ബില്ലവസമുദായക്കാരനായ തൊഴിലാളി, ഭണ്ഡാരിയുടെ വാക്കുകളെ തലയാട്ടി ചിരിച്ച്‌ ശരിവച്ചു. വോട്ടുറപ്പ്! ചനിയയുടെ തലയ്ക്ക് മുകളിലൂടെ പഴുത്ത കശുമാങ്ങ അടര്‍ന്നുവീണു. കശുമാങ്ങയുടെ മധുരവും ചവര്‍പ്പും കലര്‍ന്ന രസം പോലെയാണ് മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയരുചിയും.

2001ല്‍ സി.കെ. പത്മനാഭന്‍ മത്സരിച്ചതു തൊട്ട് മഞ്ചേശ്വരത്തെ സ്ഥിരം ഡമ്മി സ്ഥാനാര്‍ത്ഥിയായ ഭണ്ഡാരിയെപ്പോലുള്ളവരുടെ ആത്മാര്‍ത്ഥത കൊണ്ട് മാത്രം ഇത്തവണ കാര്യങ്ങളെളുപ്പമാകുന്നില്ലെന്ന് ബി.ജെ.പി തിരിച്ചറിയാതില്ല.52 ശതമാനമുള്ള ഹിന്ദുവോട്ടിന്റെ ഏകീകരണത്തിലൂടെ വിജയമുറപ്പെന്ന വിശ്വാസം ഭണ്ഡാരിയെ രക്ഷിക്കട്ടെ.

ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷറഫ് ബി.ജെ.പി വിശ്വാസത്തെ തള്ളി. 2016ല്‍ അവിടെ മുസ്ലിംസമുദായത്തിനിടയിലുണ്ടായ രൂക്ഷമായ ഭിന്നതയാണ് ലീഗ് ഭൂരിപക്ഷം 89ലൊതുക്കിയത്. മതേതര ഹിന്ദുമനസുകള്‍ അന്നുമിന്നും തങ്ങള്‍ക്കൊപ്പമാണെന്ന് അഷറഫ് പറയുന്നു. നട്ടുച്ചയിലെ പൊള്ളുന്ന വെയിലത്ത് കുമ്ബള മെയിന്‍ ജംഗ്ഷനില്‍ അഷറഫെത്തി. സ്ഥാനാര്‍ത്ഥിയെ കൗതുകത്തോടെ നോക്കിനിന്നവരുടെ അടുത്തേക്കെത്തി കൈ പിടിച്ചുകുലുക്കി സ്‌നേഹം പങ്കിട്ടു.കന്നഡസാഹിത്യ ബിരുദധാരിയായ അഷറഫ്, തന്റെ പ്രാദേശികാസ്തിത്വവും ഭാഷാന്യൂനപക്ഷപ്രതിനിധി പരിവേഷവും തുറന്നുകാട്ടിയാണ് പ്രചാരണം.

സി.പി.എമ്മിലെ വി.വി. രമേശന്‍ പൈവെളിഗെയില്‍ വീടുകയറിയുള്ള വോട്ടഭ്യര്‍ത്ഥനയുടെ തിരക്കിലാണ്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി 600 കോടിയുടെ വികസനനേട്ടമുണ്ടാക്കിയതും അതിന് പ്രധാനമന്ത്രിയുടെവരെ അവാര്‍ഡ് കിട്ടിയതും രമേശന്‍ വീട്ടുകാരോട് വിവരിക്കുന്നു. 'ഇക്കുറി മഞ്ചേശ്വരത്തിന്റെ കഥ മാറും' രമേശന്റെ ആത്മവിശ്വാസപ്രകടനം.ഉപതിരഞ്ഞെടുപ്പില്‍ ഭാഷാന്യൂനപക്ഷക്കാരനായ ശങ്കര്‍റൈക്ക് സാധിക്കാത്തത് രമേശന് സാധിക്കുമോയെന്ന ചോദ്യമൊക്കെ ഈ ആത്മവിശ്വാസത്തിന് മുന്നില്‍ വഴിമാറുന്നു.

മലയാളവും തുളുവും കന്നഡയും കൊങ്കിണിയും ഉറുദുവും അറബിയും ബ്യാരിയുമെല്ലാം ഭാഷകളാണ് ഈ അതിര്‍ത്തിമണ്ഡലത്തില്‍. കുമ്ബളയില്‍ കന്നഡിഗെയായൊരു ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതിനിടെ അഷറഫ് വോട്ടഭ്യര്‍ത്ഥനയുമായെത്തി: 'നാന്‍ കൂടെ വന്ത് കന്നഡിഗെ, നന്നെ ഗാസാദു മാഡിദു,ഗോവിന്ദപൈ കോളേജിനാലെ ബി.എ സാഹിത്യ കന്നഡതിലെ, ഇപ്പന്തേളുവര്‍ഷന്തില് നാനു കണ്‍മുന്നെ വളദാനു' നിങ്ങളുടെ നാട്ടുകാരന് ഒരു വോട്ടെന്ന് ചുരുക്കം.

പെര്‍മുദെയില്‍ സതീഷ്ഭണ്ഡാരിയും തുളുവില്‍ വോട്ടഭ്യര്‍ത്ഥിച്ചു 'മഞ്ചേശ്വരവിധാന്‍സഭ ക്ഷേത്ര അഭിരുചിയാവന്ത ബി.ജെ.പി ജല്‍പാത്'. പൈവെളിഗെയില്‍ സി.പി.എം പ്രവര്‍ത്തകര്‍ 'നമ്മ പ്രീതിയാന താര, വി.വി. രമേശ, ഇവരിഗെയെല്ല മതാദിദര്‍ഗു അമൂല്യമാത മതഗളിനിതു വിജയഗുളിസെ ബേകാദിക അപേക്ഷിച്ച്‌ഗൊളുതേനെ'. ഇതിലേതഭ്യര്‍ത്ഥനയെ മഞ്ചേശ്വരം പുല്‍കുമെന്ന ചോദ്യത്തിനുത്തരം ഏപ്രില്‍ ആറിന് തരും.

കണക്കുകള്‍

2011ല്‍ ലീഗിലെ പി.ബി. അബ്ദുള്‍റസാഖ് ബി.ജെ.പിയിലെ കെ. സുരേന്ദ്രനെതിരെ നേടിയത് 5,828വോട്ടിന്റെ ലീഡ്. 2016ല്‍ 89ലേക്ക് ചുരുങ്ങി. സി.പി.എമ്മിലെ സി.എച്ച്‌. കുഞ്ഞമ്ബു 2011ല്‍ 35,067വോട്ടും 16ല്‍ 42,565വോട്ടും നേടിയിട്ടും മൂന്നാമനായി. 2019 ഉപതിരഞ്ഞെടുപ്പില്‍ 89ല്‍ നിന്ന് ലീഗിലെ എം.സി. ഖമറുദ്ദീന്‍ ലീഡ്നില 7,923 ആക്കി. അന്ന് ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാര്‍ 57,484വോട്ട് നേടി. സി.പി.എമ്മിലെ ശങ്കര്‍റൈ 38,233വോട്ടിലേക്ക് താണു. ഖമറുദ്ദീനെതിരായ ജുവലറിതട്ടിപ്പ് ആരോപണം തളര്‍ത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog