ഇരിക്കൂര്‍ : കോണ്‍ഗ്രസില്‍ കൂട്ടരാജി , വിമത സ്‌ഥാനാര്‍ഥിക്കു നീക്കം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ഇരിക്കൂര്‍ : കോണ്‍ഗ്രസില്‍ കൂട്ടരാജി , വിമത സ്‌ഥാനാര്‍ഥിക്കു നീക്കം

കണ്ണൂര്‍: ഇരിക്കൂറിലെ സ്‌ഥാനാര്‍ഥിയായി സജീവ്‌ ജോസഫിനെ പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെ.പി.സിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്‍, സെക്രട്ടറിമാരായ എം.പി.മുരളി, ചന്ദ്രന്‍ തില്ലങ്കേരി, കെ.വി.ഫിലോമിന, വി.എന്‍.ജയരാജ്‌, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, കെ.പി.സി.സി. അംഗങ്ങളായ തോമസ്‌ വക്കത്താനം, എന്‍.പി. ശ്രീധരന്‍, ചാക്കോ പാലക്കലോടി എന്നിവര്‍ രാജിവച്ചു. 22 ഡി.സി.സി. ഭാരവാഹികളും 7 ബ്ലോക്ക്‌ പ്രസിഡന്റുമാരും ഇരിക്കൂര്‍ മണ്ഡലത്തിലെ എട്ടു മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. എ ഗ്രൂപ്പുകാരായ എം. പ്രദീപ്‌കുമാറിന്റെയും (പയ്യന്നൂര്‍) കെ. ബ്രിജേഷ്‌കുമാറിന്റെയും (കല്യാശ്ശേരി) പേരുകള്‍ സ്‌ഥാനാര്‍ഥി പട്ടികയിലുണ്ടെങ്കിലും ഇവര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലാണ്‌ ഗ്രൂപ്പ്‌.ജില്ലയില്‍ കോണ്‍ഗ്രസ്‌ മത്സരിക്കുന്ന ഒരു മണ്ഡലത്തിലും പ്രചാരണ പ്രവര്‍ത്തനം നടത്തില്ലെന്നും നേതാക്കള്‍ പറഞ്ഞു. അതിനിടെ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ ശ്രീകണ്‌ഠാപുരത്ത്‌ സജീവ്‌ ജോസഫ്‌ അനുകൂലിയെ എ ഗ്രൂപ്പുകാര്‍ മര്‍ദിച്ചു. ഇരിക്കൂറില്‍ ഏകപക്ഷീയമായ സ്‌ഥാനാര്‍ഥി പ്രഖ്യാപനമാണ്‌ നടന്നതെന്ന്‌ സോണി സെബാസ്‌റ്റ്യന്‍ പ്രതികരിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലാണ്‌ ഇരിക്കൂറിലും കണ്ണൂര്‍ ജില്ലയിലാകെയും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്‌ടിച്ചതെന്ന്‌ ആരോപണമുയര്‍ന്നു. സജീവ്‌ ജോസഫിനെ ഏകപക്ഷീയമായി സ്‌ഥാനാര്‍ത്ഥിയാക്കിയതിനെതിരേ കെ.സുധാകരന്‍ എം.പിയും രംഗത്തുവന്നതോടെ സ്‌ഥിതി വഷളായി. തന്നോടോ കണ്ണൂര്‍ ഡി.സി.സിയോടോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമാണ്‌ സ്‌ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്നും പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം സംസ്‌ഥാന നേതൃത്വത്തിന്‌ മാത്രമാണെന്നും കെ. സുധാകരന്‍ പ്രതികരിച്ചു.
യുവ നേതാവിനെ എ ഗ്രൂപ്പ്‌ വിമത സ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കുമെന്നാണ്‌ വിവരം. ഉമ്മന്‍ ചാണ്ടി എതിര്‍ത്തിട്ടും ഇരിക്കൂറില്‍ സിറ്റിങ്‌ സീറ്റ്‌ എ ഗ്രൂപ്പിന്‌ നഷ്‌ടപ്പെട്ടതിലാണു പ്രതിഷേധം. മണ്ഡലത്തില്‍ സജീവ്‌ ജോസഫിനാണ്‌ വിജയ പ്രതീക്ഷയെന്ന്‌ ഹൈക്കമാന്‍ഡിന്‌ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ടെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വാദം. സോണി സെബാസ്‌റ്റ്യനല്ലാതെ മറ്റൊരാളെ സ്‌ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്നാണ്‌ എ ഗ്രൂപ്പ്‌ ഉയര്‍ത്തുന്ന നിലപാട്‌. സജീവ്‌ ജോസഫ്‌ കെ.സി വേണുഗോപാലിന്റെ അനുയായിയാണ്‌ അറിയപ്പെടുന്നത്‌. രണ്ടു ദിവസമായി ശ്രീകണ്‌ഠാപുരത്ത്‌ കോണ്‍ഗ്രസ്‌ ബ്‌ളോക്ക്‌ കമ്മിറ്റി ഓഫീസിനു മുന്‍പില്‍ പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം നടത്തിവരികയാണ്‌. ആലക്കോട്‌, നടുവില്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ്‌ ബ്‌ളോക്ക്‌ കമ്മിറ്റി ഓഫിസുകള്‍ എ ഗ്രൂപ്പുകാര്‍ അടച്ചുപൂട്ടിയിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog