കണ്ണൂരില്‍ കോണ്‍ഗ്രസ്, ലീഗ്‌ ഇരട്ട‌ വോട്ട് ‌ ; ചെന്നിത്തലയുടെ ആരോപണം തിരിഞ്ഞുകൊത്തുന്നു
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍
വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തിരിഞ്ഞുകൊത്തുന്നു. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസുകാരുടെയും ലീഗുകാരുടെയും ഇരട്ടവോട്ടുകളാണ് പരിശോധനയില്‍ പുറത്തുവരുന്നത്. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ മിക്കയിടത്തും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ വോട്ടുചേര്‍ത്തത്.

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ ഒന്നാം ബൂത്തായ വാരം യുപി സ്കൂളില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ‘ഹരിസുധ’യില്‍ ഹരിദാസനാണ് ഇരട്ട വോട്ട്. രണ്ടു വോട്ടും ഒരേ ബൂത്തിലാണ്. പട്ടികയില്‍ 141–-ാമതും 847–-ാമതും ഹരിദാസനാണ്. ഇതേ ബൂത്തില്‍ രണ്ടിടത്തായി ഹരിദാസന്റെ ഭാര്യ എം ഒ സുധയുമുണ്ട്.143–-ാമതും 848–-ാമതും. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിലെ ജീവനക്കാരനാണ് ഹരിദാസന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരം യുപി സ്കൂളിലെ ഒന്നാം നമ്ബര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പോളിങ് ഏജന്റായിരുന്നു. 141–-ാമതായുള്ള പേരിന് വിലാസം ‘വടവതിയില്‍’ എന്നാണെങ്കില്‍ കൂട്ടിച്ചേര്‍ത്ത പട്ടികയില്‍ ‘ഒറ്റപ്പിലാക്കല്‍’ എന്നാണ് വീട്ടുപേര് നല്‍കിയത്.

ഇതേ ബൂത്തില്‍ ലീഗ് കുടുംബാംഗമായ മുബഷിറക്കും രണ്ടു വോട്ടുണ്ട്. 821, 841 എന്നിവയാണ് ക്രമനമ്ബര്‍. ഒരിടത്ത് ഭര്‍ത്താവ് ഇര്‍ഷാദിന്റെ പേരാണ് വിലാസത്തിലെങ്കില്‍ രണ്ടാമത്തേതില്‍ പിതാവ് മൊയ്തീന്റെ പേരാണ്. കണ്ണൂര്‍ മണ്ഡലത്തില്‍ 26ാം നമ്ബര്‍ ബൂത്തായ കാപ്പാട് മദ്രസ എല്‍പി സ്കൂളിലെ പട്ടികയിലും ഇരട്ടവോട്ടുകാര്‍ കോണ്‍ഗ്രസുകാരാണ്. പുതുക്കുടി ഹൗസില്‍ മംഗള പ്രകാശന്‍ 542, 674 എന്നീ നമ്ബറുകളിലാണ് പട്ടികയിലുള്ളത്. 26–-ാം ബൂത്തിലെ 1102–-ാം നമ്ബര്‍ വോട്ടറായ പുതിയവീട്ടില്‍ ആര്യ രാമകൃഷ്ണന്‍ 27–-ാം ബൂത്തിലെ 1146–-ാം വോട്ടറാണ്. പലയിടത്തും ബിഎല്‍ഒമാരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ കോണ്‍ഗ്രസുകാരും ലീഗുകാരും വോട്ടുകള്‍ ചേര്‍ത്തത്.

കാസര്‍കോട് ഉദുമയിലെ കുമാരിയുടെ ഇരട്ടവോട്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, തനിക്ക് രണ്ടല്ല നാലു വോട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വോട്ട് ചേര്‍ത്തതെന്നും കുമാരി അന്നുതന്നെ പറഞ്ഞിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത