'സജീവ് ജോസഫിന് സീറ്റ്, ഫലം ദുരന്തമാകും', തുറന്നടിച്ച്‌ സോണി, കണ്ണൂരില്‍ കലാപം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

'സജീവ് ജോസഫിന് സീറ്റ്, ഫലം ദുരന്തമാകും', തുറന്നടിച്ച്‌ സോണി, കണ്ണൂരില്‍ കലാപം

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തെച്ചൊല്ലി കണ്ണൂരിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സജീവ് ജോസഫിന് സീറ്റ് നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ജില്ലയില്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള മൂന്ന് സീറ്റുകളിലും എ ഗ്രൂപ്പ് യോഗം വിളിച്ചുവെന്നാണ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന സോണി സെബാസ്റ്റ്യന്‍ തുറന്നടിച്ചത്. ഇരിക്കൂര്‍ മണ്ഡലത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി, കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സോണി സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്ന, എ ഗ്രൂപ്പ് നേതാക്കളുടെ പദ്ധതി.

സജീവ് ജോസഫ് വിഭാഗീയപ്രവര്‍ത്തനം നടത്തുന്നയാളാണെന്നും, സീറ്റ് നല്‍കിയതിന്‍റെ ഫലം ദുരന്തമായിരിക്കുമെന്നും സോണി സെബാസ്റ്റ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രതിഷേധിക്കാന്‍ തന്നെയാണ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്ന് സോണി സെബാസ്റ്റ്യന്‍ പറയുന്നു. 'സജീവ് ജോസഫ് വേണ്ടേവേണ്ട', എന്ന മുദ്രാവാക്യങ്ങളുമായി ബാനറുകളുമായി ഇരിക്കൂര്‍ ടൗണില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പ് നടത്തിയ രാപ്പകല്‍ സമരത്തിനിടെ പന്തലിലേക്ക് പാഞ്ഞുകയറിയ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തമ്മിലടിയുമായി. ഇതെല്ലാം അവഗണിച്ച്‌ സജീവ് ജോസഫിന് തന്നെ സീറ്റ് നല്‍കിയതിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.

എന്നാല്‍, ദില്ലിയില്‍ നേതാക്കളുടെ പെട്ടി പിടിച്ചുനടന്നയാള്‍ എന്ന ആരോപണം തന്നെ അപമാനിക്കാനാണ് എന്നാണ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് പറയുന്നത്. രാജി വച്ച നേതാക്കളെ കൂടെ കൊണ്ടുവരും. സോണി സെബാസ്റ്റ്യനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും സജീവ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog