രണ്ടാംനിലയില്‍നിന്നു താഴേക്കു മറിഞ്ഞയാളെ രക്ഷിച്ച തൊഴിലാളിക്ക് ആദരം; ഊരാളുങ്കല്‍ സൊസൈറ്റി ജോലി നല്‍കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

രണ്ടാംനിലയില്‍നിന്നു താഴേക്കു മറിഞ്ഞയാളെ രക്ഷിച്ച തൊഴിലാളിക്ക് ആദരം; ഊരാളുങ്കല്‍ സൊസൈറ്റി ജോലി നല്‍കും

ഇടപാടുകാരന്റെ ബിനുവിന്റെ ജീവന്‍ രക്ഷിച്ച ബാബുരാജിനെ കേരള ബാങ്കിന്റെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍
കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്കുമറിഞ്ഞ തൊഴിലാളിയെ രക്ഷിച്ചയാള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ജോലി നല്‍കും. സൊസൈറ്റി തൊഴിലാളിയായ അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനുവിനെ രക്ഷിച്ച വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരം നല്‍കി.ബാങ്കിന്റെ ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുന്നതിനിടെ പൊടുന്നനെ താഴോട്ടു മറിഞ്ഞ ബിനുവിനെ അടുത്തുണ്ടായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ രക്ഷിക്കുകയായിരുന്നു. ബിനുവിന്റെ കാലില്‍ മുറുകെ പിടിച്ച ബാബുരാജ് ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ ഉയര്‍ത്തി എടുക്കുകയായിരുന്നു. ഈ മാസം 18-നായിരുന്നു സംഭവം. ക്ഷേമനിധി തുക അടയ്ക്കാന്‍ ബാങ്കിലെത്തിയതായിരുന്നു ഇരുവരും.

വന്‍ അപകടത്തില്‍നിന്നാണു ബിനുവിനെ മറ്റുള്ളവരുടെ സഹായത്തോടെ ബാബുരാജ് രക്ഷിച്ചത്. കെട്ടിടത്തിനു താഴേക്കുകൂടി വൈദ്യുത ലൈന്‍ കടന്നുപോകുന്നുണ്ട്. ബിനുവിന്റെ ഒരു കാലിലാണു ബാബുരാജിനു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലില്‍ കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന കെകെ ദാമു ഉള്‍പ്പെടെയുള്ളവര്‍, ബാങ്കിലെ ഗണ്‍മാന്‍ വിനോദ് തുടങ്ങിയവരുടെ സഹായത്തോടെ ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തര വൈദ്യശുശ്രൂഷ ലഭ്യമാക്കി. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അതിവേഗം വൈറലാകുകയായിരുന്നു.

ഇടപാടുകാരനായ ബിനുവിന്റെ ജീവന്‍ രക്ഷിച്ച ബാബുരാജിനെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ കെ കെ ദാമുവിനെയും കേരള ബാങ്കും ആദരിച്ചു. ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ആദരം നല്‍കിയത്. കേരളാ ബാങ്ക് സി.ജി.എം കെ സി സഹദേവന്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിനന്ദനവും അറിയിച്ചു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് ഉപഹാരം നല്‍കി.

.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog