പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച്‌ കെ സുധാകരന്‍, 'ആവശ്യം വന്നാല്‍ പാര്‍ട്ടിക്കുവേണ്ടി ഏത് ത്യാഗവും സഹിക്കും'; പൊട്ടിത്തെറിയില്‍ മയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ മയം വരുത്തി കെ സുധാകരന്‍ എംപി. കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെസി വേണുഗോപാലിന്റെ ഇടപെടലുണ്ടായോ എന്നതില്‍ പ്രതികരിക്കാനില്ല. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോരായ്മകളുണ്ട് എന്ന അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇരിക്കൂറില്‍ സജി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഹൈക്കമാന്‍ഡിന്റെ അംഗീകരാത്തോടെയാണ്. അത്രയേ എനിക്കറിയൂ. പട്ടിക എങ്ങനെയായാലും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷയുണ്ട്. ഇവിടെ മത്സരം ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ്.സ്ഥാനാര്‍ത്ഥി പട്ടികയൊക്കെ അത് സെക്കണ്ടറിയാണ്. ആര് സ്ഥാനാര്‍ത്ഥിയായാലും അത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. ഇടതുപക്ഷത്തോടാണ് മത്സരം. ഇടതുപക്ഷത്തിന്റെ അഞ്ചുവര്‍ഷത്തെ തെറ്റായ ഭരണത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം', സുധാകരന്‍ പറഞ്ഞു.

ഇടതുപക്ഷത്തോടാണ് മത്സരമെന്നും സുധാകരന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ധര്‍മ്മടത്തിന്റെ മാത്രം പ്രത്യേകതയെന്താണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിനെന്താ ചിറകുണ്ടോ എന്നുമായിരുന്നു ചോദ്യം. പിണറായി വിജയനൊന്നും മുന്നിലെ പ്രശ്‌നമേ അല്ലെന്നും ഫലപ്രദമായ സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ സമയമെടുക്കും. അതിനെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ആ കരുത്തന്‍ കെ സുധാകരനാണോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. ഇതിനോട് പൊട്ടിച്ചിരിച്ചായിരുന്നു സുധാകരന്റെ മറുപടി. ഈ ചോദ്യം ഞാന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സര രംഗത്തുണ്ടാവുമോ എന്ന ചോദ്യത്തിന്, എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നായി പ്രതികരണം. 'എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറുള്ള ആളാണ് ഞാനെന്ന് കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അറിയാം. 16,000 വോട്ടിന് ജയിക്കാമായിരുന്ന കണ്ണൂര്‍ വേണ്ടെന്ന് വെച്ചിട്ട് പാര്‍ട്ടിക്കുവേണ്ടി ഉദുമയില്‍പോയി തോറ്റ ആളാണ് ഞാന്‍. 1980, 82, 91, 97 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഒരേ നിയോജകമണ്ഡലങ്ങളില്‍നിന്നും നാല് വട്ടം തോറ്റ ആളാണ് ഞാന്‍. എനിക്ക് തോല്‍വി ഒരു പ്രശ്‌നമല്ല. ആവശ്യം വന്നാല്‍ പാര്‍ട്ടിക്കുവേണ്ടി ഏത് ത്യാഗവും സഹിക്കും', സുധാകരന്‍ വ്യക്തമാക്കി.

താന്‍ ആരുമായും അകന്നിട്ടില്ലെന്നും പാര്‍്ട്ടിയില്‍ എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മയം വരികയാണ് ചെയ്തത്. അഭിപ്രായവ്യത്യാസങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ തുറന്ന് പറയും. തിരുത്തും. തിരുത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നുമായിരുന്നു സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഈ വാക്കുകളിലാണ് അദ്ദേഹം മയം വരുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹം നേതൃത്വത്തിനെതിരെ പൊട്ടിതെറിച്ചത്. ഹൈക്കമാന്റ് എന്നത് സോണിയയും രാഹുലും അല്ല, കെസി വേണുഗോപാലാണെന്നും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha