തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം പെട്രോള്‍, ഡീസല്‍ നിരക്കിന് എന്ത് സംഭവിച്ചു? ജിഎസ്ടിയുടെ പരിധിയിലായാല്‍ രക്ഷയുണ്ടോ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെട്രോളിന്റെയും ഡീസലിന്റെയും വില മാര്‍ച്ച്‌ മാസത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. 2021 മാര്‍ച്ച്‌ 15 ലെ നിരക്കുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ രാജ്യത്ത് എല്ലായിടത്തും ഇന്ധന നിരക്ക് റെക്കോര്‍ഡ് ഉയരത്തിലാണ്. ഇന്ധന വില മാര്‍ച്ച്‌ മാസത്തില്‍ ഇതുവരെയും പരിഷ്കരിച്ചിട്ടില്ല, അവസാനമായി നിരക്കില്‍ മാറ്റമുണ്ടായത് 2021 ഫെബ്രുവരി 27 നാണ്. അതായത് തെരഞ്ഞെ‌ടുപ്പ് പ്രഖ്യാപനം ഉണ്ടായതിന് ശേഷം നിരക്കുകളില്‍ മാറ്റം വന്നിട്ടില്ല. അന്ന് പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 15 പൈസയുമാണ് കൂടിയത്.

ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.17 രൂപയും ഡീസല്‍ 81.47 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയും തിരുവനന്തപുരത്ത് നിരക്ക് യഥാക്രമം 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോളിന്റെ നിരക്ക് സെഞ്ച്വറിയടിച്ചിരുന്നു !രാജ്യത്തെ ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വില 101.84 രൂപയില്‍ സ്ഥിരമായി തുടരുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ ലിറ്ററിന് 93.77 രൂപയാണ് നിരക്ക്. മധ്യപ്രദേശിലെ അനുപൂരില്‍ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസല്‍ 91.97 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

2021 ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 4.87 രൂപയും ഡീസല്‍ നിരക്ക് 4.99 രൂപയും ഉയര്‍ന്നു. ചരക്ക് കൂലിയോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതികളും (എക്സൈസ് നികുതി, സംസ്ഥാന വാറ്റ്) സെസ്സുകളും ചുമത്തുന്നതിനാല്‍ ഇന്ധന വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

വിലയുടെ 60 ശതമാനം നികുതി !

പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ഒരു ലിറ്ററിന് എക്സൈസ് തീരുവ, സെസ്സ് എന്നിവയായി 32.90 രൂപയും ഡീസലിന് ലിറ്ററിന് 31.80 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. സംസ്ഥാന വില്‍പ്പന നികുതി, സെസ്സ് എന്നീ ഇനത്തില്‍ കേരള സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പ്പന നടക്കുമ്ബോള്‍ ഏകദേശം 22 രൂപ ലഭിക്കുന്നു. ഡീസലിന്റെ വില്‍പ്പനയിലൂടെ ഏകദേശം 18 രൂപയും ഖജനാവിലേക്ക് എത്തും (2021 ഫെബ്രുവരി 16 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍).

അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് ഇന്ധന വില സാധാരണയായി ദിവസേന പരിഷ്കരിക്കുന്നത്. എന്നാല്‍, നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര നിരക്ക് ഉയര്‍ന്നിട്ടും രാജ്യത്തെ നിരക്കില്‍ മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആഗോളതലത്തില്‍, ക്രൂഡ് ഓയില്‍ വില മാര്‍ച്ച്‌ 15 ഓടെ ഉയര്‍ന്നു, ബ്രെന്റ് ബാരലിന് 70 ഡോളറിനടുത്തെത്തി. പ്രധാന ഉല്‍പാദകരുടെ (ഒപെക് പ്ലസ്) ഉല്‍പാദന വെട്ടിക്കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിരക്ക് ഉയരാന്‍ തുടങ്ങിയത്. ആഗോള സാമ്ബത്തിക, ഇന്ധന ഡിമാന്‍ഡ് വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഉയര്‍ന്നുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അന്താരാഷ്ട്ര നിരക്ക് ഉയരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഉപഭോ​ക്തൃ രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ ആകെ ഇന്ധന ഉപഭോ​ഗത്തിന്റെ 83.7 ശതമാനമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha