ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം മലക്കം മറിഞ്ഞ് എ.കെ.ബാലന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാലക്കാട്: തരൂരിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വിവാദത്തില്‍ മലക്കം മറിഞ്ഞ് എ.കെ.ബാലന്‍. രണ്ട് തവണ കുഴല്‍മന്ദത്ത് നിന്നും രണ്ട് തവണ തരൂരില്‍ നിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട എ.കെ.ബാലന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ ഭാര്യയും റിട്ട.ആരോഗ്യവകുപ്പ് ഡയറക്ടറുമായ പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മിറ്റിയില്‍ വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ബാലന്റെ വ്യാഖ്യാനം. മാത്രമല്ല മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്വന്തം താത്പര്യത്തിനായി താന്‍ പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. അതേസമയം ജില്ലാകമ്മിറ്റിയില്‍ പങ്കെടുത്ത ബാലന്‍ പുറത്ത് വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ നിഷേധാത്മക മറുപടി ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജമീലക്കും തനിക്കും എതിരെ പാലക്കാടും തരൂരിലും പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍പ്രചരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഇവര്‍ ജാരസന്തതികള്‍ ആണെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഇത്തരത്തിലുള്ള ചിലര്‍ പോസ്റ്ററുകളുമായി രംഗത്തിറങ്ങാറുമുണ്ട്. തരൂരില്‍ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കുമെന്നതായിരുന്നു ചില നേതാക്കളുടെ അഭിപ്രായം. പിന്നീടാണ് അവര്‍ക്ക് പകരം ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് പി.പി.സുമോദിനെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചത്.

ഇതിനിടെ ജില്ലയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായെന്ന് പറയാം. മുന്നണിയുടെ നിലവിലുള്ള നാല് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും കളത്തിലിറങ്ങും. തരൂര്‍,കോങ്ങാട്, പാലക്കാട്, മലമ്ബുഴ എന്നിവിടങ്ങളില്‍ പുതുമുഖങ്ങളാണ്. ഇവര്‍ ആദ്യമായാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുന്നത്. കോങ്ങാട് കെ.ശാന്തകുമാരി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. മലമ്ബുഴയിലെ എ.പ്രഭാകരനാവട്ടെ ജില്ലയിലെ മുതിര്‍ന്ന നേതാവും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. പാലക്കാട്ട് സ്ഥാനാര്‍ത്ഥി സി.പി.പ്രമോദ് എന്‍ജിഒ യൂണിയന്‍ സ്ഥാപക ജന.സെക്രട്ടറിയും ശ്രീകൃഷ്ണപുരം മുന്‍ എംഎല്‍എയുമായ ഇ.പ്രത്മനാഭന്റെ മകനാണ്. കഴിഞ്ഞ വര്‍ഷം വരെ മന്ത്രി എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. രണ്ട് തവണ എംപിയായ എം.ബി.രാജേഷാണ് തൃത്താലയിലെ സ്ഥാനാര്‍ത്ഥി. സിപിഐയുടെ പട്ടാമ്ബിയില്‍ നിലവിലെ എംഎല്‍എ മുഹമ്മദ് മുഹ്സിനും, മണ്ണാര്‍ക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജും മത്സരിക്കും. ചിറ്റൂരില്‍ ജലസേചന മന്ത്രി കെ.കൃഷ്ണന്‍കുട്ടി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha