ഇരട്ട വോട്ടുകള്‍ കണ്ടെത്തി കള്ളവോട്ട് തടയാന്‍, കര്‍ശന നിര്‍ദ്ദേശങ്ങളുമായി കണ്ണൂര്‍ കലക്ടര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

ഇരട്ട വോട്ടുകള്‍ കണ്ടെത്തി കള്ളവോട്ട് തടയാന്‍, കര്‍ശന നിര്‍ദ്ദേശങ്ങളുമായി കണ്ണൂര്‍ കലക്ടര്‍

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച്‌ 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നടപടിക്രമങ്ങള്‍ വിശദീകരിച്ച്‌ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കലക്ടര്‍ കത്തയച്ചു.നടപടികളുടെ ഭാഗമായി തഹസില്‍ദാര്‍മാരുടെ (ഇആര്‍ഒ) നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ച്‌ ഓരോ മണ്ഡലത്തിലെയും വോട്ടര്‍ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.ഒരേ മണ്ഡലത്തിലോ വ്യത്യസ്ത മണ്ഡലങ്ങളിലായോ ഒരാളുടെ തന്നെ ഒന്നിലധികം എന്‍ട്രികള്‍, ഒരേ ഫോട്ടോയിലും അഡ്രസ്സിലും വ്യത്യസ്ത പേരുകളില്‍ വോട്ടര്‍മാര്‍, ഒരേ വോട്ടര്‍ ഐഡി നമ്ബറില്‍ വ്യത്യസ്ത വോട്ടര്‍മാര്‍ എന്നീ കേസുകള്‍ കണ്ടെത്തുന്നതിനാണിത്. മാര്‍ച്ച്‌ 25നു മുമ്ബായി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കും.

പരിശോധന നാല് ഘട്ടങ്ങളിലായി

ഇആര്‍ഒനെറ്റ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പേര്, ജനനതീയതി, വയസ്സ്, ലിംഗം തുടങ്ങിയ വിശദാംശങ്ങള്‍ വച്ച്‌ തെരച്ചില്‍ നടത്തുന്നതാണ് പരിശോധനയുടെ ആദ്യപടി. ഇതുപ്രകാരം ഇആര്‍ഒനെറ്റില്‍ സാദൃശ്യമുള്ള വോട്ടര്‍മാരെ കണ്ടെത്തുന്നതിനുള്ള ഡിഎസ്‌ഇ (ഡിമോഗ്രഫിക്കലി സിമിലര്‍ എന്‍ട്രീസ്) സംവിധാനത്തിന്റെ സഹായത്തോടെ ഒരേപോലെയുള്ളത് (മാച്ച്‌), ഒരേപോലെയല്ലാത്തത് (നോട്ട് മാച്ച്‌), സംശയാസ്പദമായത് (ഡൗട്ട്ഫുള്‍) എന്നിങ്ങനെ എന്‍ട്രികള്‍ തരംതിരിക്കുന്നതാണ് അടുത്ത ഘട്ടം.

ഇവയില്‍ ഒരേപോലെയുള്ളവയും സംശയമുള്ളവയുമായ എന്‍ട്രികള്‍ കണ്ടെത്തി ഫീല്‍ഡ് വെരിഫിക്കേഷന് വേണ്ടി ബിഎല്‍ഒമാര്‍ക്ക് നല്‍കും. തുടര്‍ന്ന് ഇആര്‍ഒനെറ്റില്‍ ലഭ്യമായ ഡിഎസ്‌ഇ, ലോജിക്കല്‍ എറര്‍ എന്നീ ഓപ്ഷനുകള്‍ ഉപയോഗിച്ച്‌ ഒന്നിലധികം വോട്ടുകളുള്ള വോട്ടര്‍മാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക (മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റ്) തയ്യാറാക്കും.

നടപടികള്‍ മാര്‍ച്ച്‌ 30നകം പൂര്‍ത്തിയാക്കും

ഈ പട്ടിക ബിഎല്‍ഒമാര്‍ക്ക് കൈമാറി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തും. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഇക്കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. ഒന്നിലധികം വോട്ടുകളുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നും ഇത് ലംഘിക്കുന്നവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകുമെന്നുമുള്ള കൃത്യമായ മുന്നറിയിപ്പ് ബിഎല്‍ഒമാര്‍ നല്‍കണം.

ബിഎല്‍ഒമാര്‍ വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ പാടില്ല. ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റില്‍ വോട്ടിന്റെ നിജസ്ഥിതി രേഖപ്പെടുത്തും. എഡിഎസ് (ആബ്‌സന്റ് ഡെത്ത് ഷിഫ്റ്റ്) പട്ടിക തയ്യാറാക്കുന്നതിനോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 30ന് മുമ്ബായി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

ഇരട്ട വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും

എഡിഎസ്, വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി എന്നിവയ്‌ക്കൊപ്പം ഈ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റും വരണാധികാരികള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണം.

വോട്ടെടുപ്പ് ദിവസം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഒരാള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി അവര്‍ക്ക് ലഭിച്ച മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടര്‍ പട്ടികയിലെ പേരിന് നേരെ പ്രത്യേകം മാര്‍ക്ക് ചെയ്യണം. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, ആബ്‌സന്റീ വോട്ടര്‍മാര്‍ എന്നീ വോട്ടര്‍മാരുടെ കാര്യത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഹാന്‍ഡ്ബുക്കില്‍ പറയുന്ന അതേ നടപടിക്രമങ്ങളാണ് ഇരട്ടവോട്ടര്‍മാരുടെ കാര്യത്തിലും അനുവര്‍ത്തിക്കേണ്ടത്.

ബൂത്തില്‍ നിരീക്ഷണം കര്‍ശനമാക്കും

മള്‍ട്ടിപ്പ്ള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാരുടെ കൈവിരലില്‍ മായാത്ത മഷി പുരട്ടുന്നുവെന്നും അവര്‍ ബൂത്ത് വിടുന്നതിന് മുമ്ബ് മഷി ഉണങ്ങുന്നുവെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ഏതെങ്കിലും ബൂത്തില്‍ അസ്വാഭാവികമാം വിധം കൂടുതലായി കൃത്രിമമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തില്‍ വെബ്കാസ്റ്റിംഗ്/സിസിടിവി കവറേജ് ഉറപ്പുവരുത്തണം.

മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റിന്റെ പകര്‍പ്പ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കണം. പോളിഗ് ഏജന്റുമാര്‍ക്ക് പരാതിയില്ല എന്നു കരുതി വോട്ടറുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ആള്‍മാറാട്ടം നടന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും.

ഒരാള്‍ക്ക് ഒന്നിലധികം വോട്ട് ചേര്‍ക്കപ്പെട്ട സംഭവത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയോ മനപ്പൂര്‍വമായ ഇടപെടലോ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അവര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടിയും നിയമനടപടിയും സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കലാശക്കൊട്ട്

സ്ഥാനാര്‍ഥികളുടെ കലാശക്കൊട്ട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാവണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വോട്ടെടുപ്പിന്റെ 48 മണിക്കൂറിന് മുമ്ബ് കലാശക്കൊട്ട് അവസാനിപ്പിക്കണം. കലാശക്കൊട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനായുള്ള അനുമതി പൊലീസില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം. ഏപ്രില്‍ മൂന്നിന് വൈകീട്ട് ഏഴ് മണിക്ക് ശേഷം ബൈക്ക് റാലി പാടില്ല. പ്രശ്‌ന ബാധിത ബൂത്തുകളുടെ വിവരങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്.

എന്നാല്‍ ചില പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രത്യേക സ്വാധീനം ഉണ്ടാവാം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി അത്തരം ബൂത്തുകളുടെ വിവരങ്ങള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടികളുമായുള്ള യോഗം മാര്‍ച്ച്‌ 26ന് 11 മണിക്ക് ഡി വൈ എസ് പി തലത്തില്‍ ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog