വട്ടിയൂര്‍ക്കാവില്‍ പ്രമുഖരെ തഴഞ്ഞു: വീണയുടെ യോഗ്യത നേതാവിന്റെ മരുകളായതോ? വോട്ടുമറിക്കല്‍ തന്ത്രമോ? - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

വട്ടിയൂര്‍ക്കാവില്‍ പ്രമുഖരെ തഴഞ്ഞു: വീണയുടെ യോഗ്യത നേതാവിന്റെ മരുകളായതോ? വോട്ടുമറിക്കല്‍ തന്ത്രമോ?

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വലിയ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന വമ്ബന്റെ പേര് കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് വട്ടിയൂര്‍ക്കാവ്.രമേശ് ചെന്നിത്തലയില്‍ തുടങ്ങി ഒടുവില്‍ പിസി വിഷ്ണുനാഥ് വരെ എത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വീണ നായരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ ഇത്തവണ മത്സരിക്കാതിരുന്നത് നിയമസഭാ സീറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് നേരത്തെ തന്നെ ചിലര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രീതിയിലാണ് പ്രമുഖരെ തഴഞ്ഞ് വീണ ഒടുവില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനെത്തുന്നത്.കോണ്‍ഗ്രസ് കുടുംബത്തില്‍ മരുമകളായി എത്തിയശേഷം രാഷ്ട്രീയത്തിലിറങ്ങിയ വീണയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റേയും ബിജെപിയുടേയും ശക്തികേന്ദ്രമായ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും ദുരൂഹതയുണ്ടാക്കുന്നുണ്ട്.

15 വര്‍ഷമായി വിവിധ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായിരുന്ന വീണ മുന്‍ ഉദുമ എംഎല്‍എയായ കെ പി കുഞ്ഞിക്കണ്ണന്റെ മകന്‍ കെപികെ തിലകന്റെ ഭാര്യയാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വീണയുടെ രാഷ്ട്രീയ അരങ്ങേറ്റം. എന്നാല്‍ അന്നത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

അതേസമയം വട്ടിയൂര്‍ക്കാവില്‍ പ്രമുഖരെ തഴഞ്ഞ് വീണയെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതിനുപിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. എന്‍എസ്‌എസ്സിന് സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വീണ മത്സരിച്ചാല്‍ സമുദായ വോട്ടുകള്‍ നേടാന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. 2016ല്‍ കെ മുരളീധരനായിരുന്നു ഇവിടെനിന്നും ജയിച്ചു കയറിയത്. അന്ന് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇടതുപക്ഷത്തിന്റെ ടി എന്‍ സീമ മൂന്നാം സ്ഥാനത്തായി.

എന്നാല്‍ മുരളീധരന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച്‌ ജയിച്ചതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുന്‍ മേയര്‍ വികെ പ്രശാന്ത് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിലെ മോഹന്‍കുമാര്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്‌. ബിജെപിയുടെ എസ് സുരേഷ് മൂന്നാം സ്ഥാനത്തായി.

വി കെ പ്രശാന്ത് തന്നെയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്കുവേണ്ടി വി വി രാജേഷും മത്സരിക്കുന്നു. ഇവിടെ താരതമ്യേന ദുര്‍ബല സ്ഥാനാര്‍ത്ഥിയായ വീണ എത്തുമ്ബോള്‍ ബിജെപിക്ക് പ്രയോജനം ലഭിക്കുമെന്നും ഉറപ്പാണ്.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു പിന്നാലെ 'തെരഞ്ഞെടുപ്പിന് മുന്‍പേ തോറ്റു കഴിഞ്ഞെന്ന്' അണികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചതോടെ ആരെ സഹായിക്കാനാണ് വീണയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ചോദ്യം ബാക്കിയാകുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog