ചൈനയില്‍ ഉയ്​ഗറുകളെ പീഡിപ്പിക്കുന്നു, ഉദ്യോ​ഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി പാശ്ചാത്യരാജ്യങ്ങള്‍
കണ്ണൂരാൻ വാർത്ത
ഉയ്ഗര്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരായ അവകാശ ലംഘനങ്ങളുടെ പേരില്‍ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. പീഡനം, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക പീഡനം എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സിന്‍ജിയാങ്ങിന്റെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ക്യാമ്ബുകളില്‍ ചൈന ഉയ്ഗര്‍ മുസ്ലിംകളെ തടഞ്ഞുവച്ചിരിക്കുന്നതായി പറയുന്നു. എന്നാല്‍ അതിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍, യുകെ, യുഎസ്, കാനഡ എന്നിവയുടെ ഏകോപന ശ്രമമായാണ് ഉപരോധം.

അതേസമയം രാജ്യത്ത് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാണ് ചൈന അതിന് മറുപടി നല്‍കിയത്.രാജ്യത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ചൈന നിഷേധിച്ചു. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഉപയോഗിക്കുന്ന "പുനര്‍-വിദ്യാഭ്യാസ" (re-education) ക്യാമ്ബുകളാണ് അതെന്ന് ചൈന അവകാശപ്പെട്ടു. അതേസമയം ചൈന ഉയ്ഗര്‍കളെ കൈകാര്യം ചെയ്യുന്ന രീതി അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളെ ഭയപ്പെടുത്തുന്നതാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ചൈനയ്‌ക്കെതിരെ അവസാനമായി ഉപരോധം ഏര്‍പ്പെടുത്തിയത് 1989 -ലെ ടിയാനന്‍മെന്‍ സ്ക്വയര്‍ ആക്രമണ സമയത്താണ്. അന്ന് നടന്ന സംഘട്ടനത്തില്‍ ബെയ്ജിംഗിലെ സൈന്യം ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുണ്ടായി.യാത്രാനിരോധനം, സ്വത്ത് മരവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ സിന്‍ജിയാങ്ങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നു. കൂടാതെ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് അവര്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്. പ്രാദേശിക പൊലീസ് സേനയായ സിന്‍ജിയാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഡയറക്ടര്‍ ചെന്‍ മിങ്‌ഗുവോ, സിന്‍ജിയാങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം വാങ് മിങ്‌ഷാന്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാമ്ബത്തിക, അര്‍ദ്ധസൈനിക സംഘടനയായ സിന്‍ജിയാങ് പ്രൊഡക്ഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്സിന്റെ (എക്സ്പിസിസി) പാര്‍ട്ടി സെക്രട്ടറി വാങ് ജുന്‍ഷെംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിന്‍ജിയാങ്ങിലെ ഉയ്ഗര്‍ മുസ്‌ലിംകളെ ദുരുപയോഗം ചെയ്യുന്നത് "നമ്മുടെ കാലത്തെ ഏറ്റവും മോശമായ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നാണ്" എന്ന് റാബ് പറഞ്ഞു.

തങ്ങള്‍ ചൈനീസ് സര്‍ക്കാരിന് വ്യക്തമായ സന്ദേശം നല്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഗുരുതരമായതും ആസൂത്രിതവുമായ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കില്ലെന്നും, ഉത്തരവാദിത്തപ്പെട്ടവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സഹപാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു. ഒരു ദശലക്ഷത്തിലധികം ഉയ്ഗര്‍കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സിന്‍ജിയാങ്ങിലെ ക്യാമ്ബുകളില്‍ തടങ്കലിലാക്കിയതായി കണക്കാക്കപ്പെടുന്നു. ചൈനയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് സിന്‍ജിയാങ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രദേശമാണിത്. ടിബറ്റിനെപ്പോലെ, അതിന് സ്വയംഭരണാധികാരമുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വലിയ നിയന്ത്രണങ്ങളും അത് നേരിടുന്നു. ഈ പ്രദേശത്ത് താമസിക്കുന്ന ഉയ്ഗര്‍ മുസ്ലിമുകള്‍ തുര്‍ക്കിഷ് ഭാഷയ്ക്ക് സമാനമായ ഒരു ഭാഷ സംസാരിക്കുകയും സാംസ്കാരികമായും വംശീയമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായി അടുത്ത് കിടക്കുകയും ചെയ്യുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത