കോണ്‍ഗ്രസിന് ക്ഷീണം; പാര്‍ട്ടി വിട്ട പി സി ചാക്കോ എന്‍സിപിയില്‍, എല്‍ഡിഎഫിനായി ഇന്ന് മുതല്‍ പ്രചാരണം തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ദേശീയാടിസ്ഥാനത്തില്‍ ബിജെപിക്കെതിരായ ചേരിയെ നയിക്കാന്‍ ശരദ് പവാറിനേ കഴിയൂവെന്ന് തിരിച്ചറിഞ്ഞാണ് എന്‍സിപിയിലെത്തുന്നതെന്ന് പി സി ചാക്കോ പറഞ്ഞു. ഇന്ന് മുതല്‍ കേരളത്തില്‍ യുഡിഎഫിനെതിരെയുള്ള പ്രചാരണത്തില്‍ ശക്തമാകുമെന്ന് പിസി ചാക്കോ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെയാണ് കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ടത്. ദില്ലിയില്‍ എന്‍സിപി ദേശീയ നേതാക്കള്‍ അണിനിരന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാക്കോടയുടെ കടന്നുവരവ് എന്‍സിപിക്ക് ദേശീയ തലത്തിലും കേരളത്തിലും മുതല്‍ക്കൂട്ടാകുമെന്ന് ശരദ് പവാര്‍ പറഞ്ഞു.ദേശീയ തലത്തില്‍ മൂന്നാംമുന്നണി രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി. പ്രചാരണത്തില്‍ ചാക്കോ സജീവമാകുന്നത് കോണ്‍ഗ്രസിന് ക്ഷീണമായേക്കും. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ ചാക്കോയ്ക്ക് ചുമതലകള്‍ നല്‍കാനാണ് എന്‍സിപി നേതൃത്വത്തിന്‍റെ തീരുമാനം.

പി സി ചാക്കോയ്ക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. ദില്ലിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് സംയുക്തമായി വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു.

കാലങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് പാളയത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പി സി ചാക്കോ പറ‌ഞ്ഞു. ചാക്കോയുടെ പഴയ പാര്‍ട്ടി എന്‍സിപി ദേശീയനേതാവായി മടങ്ങാമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തതോടെയാണ് അദ്ദേഹം പഴയ പാളയത്തിലേക്ക് തിരികെപ്പോകാന്‍ തീരുമാനിച്ചത്.

ബിജെപിയിലേക്ക് ചാക്കോ പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ത്തന്നെ അത്തരം എല്ലാ സാധ്യതകളും ചാക്കോ എഴുതിത്തള്ളിയതാണ്. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ്സുകളിലൂടെ രാഷ്ട്രീയം തുടങ്ങിയ പി സി ചാക്കോ കോണ്‍ഗ്രസ് പിളര്‍പ്പില്‍ എ കെ ആന്‍റണിക്കൊപ്പം ഇടതുചേരിയിലേക്ക് കുടിയേറിയിരുന്നതാണ്.

എണ്‍പതുകളില്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗവുമായി. ആന്‍റണി കോണ്‍ഗ്രസ്സിലേക്ക് മടങ്ങിപ്പോയെങ്കിലും ചാക്കോ ശരത് പവാറിനൊപ്പം കോണ്‍ഗ്രസ്സ് എസ്സില്‍ തുടര്‍ന്നു. 86-ല്‍ ഔറംഗാബാദില്‍ നടന്ന എഐസിസിയുടെ പ്രത്യേക സമ്മേളനം വഴിയായിരുന്നു ചാക്കോയുടെ കോണ്‍ഗ്രസ്സിലേക്കുള്ള മടക്കം.

കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രമുഖ ഗ്രൂപ്പുകള്‍ പോക്കറ്റിലിട്ട് ദില്ലിക്ക് വണ്ടി കയറിയെന്ന് ആരോപിച്ചാണ് തീര്‍ത്തും അപ്രതീക്ഷിതമായി പി സി ചാക്കോയുടെ പാര്‍ട്ടി അംഗത്വവും ചുമതലകളും രാജിവച്ചത്. ഗ്രൂപ്പില്ലാതെ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിയെന്ന് പറഞ്ഞ ചാക്കോ വി. എം. സുധീരനെ ഉള്‍പ്പടെ ഗ്രൂപ്പ് മാനേജര്‍മാര്‍ ആക്രമിച്ചുവെന്ന് തുറന്നടിച്ചു. ഹൈക്കമാന്‍റും ഈ ജനാധിപത്യവിരുദ്ധനിലപാട് തടയുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ഉമ്മന്‍ചാണ്ടിയോടുള്ള അതൃപ്തിയും ചാക്കോ മറച്ചുവെച്ചില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha