സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം തടയണമെന്ന് ഇ.ഡി.
കണ്ണൂരാൻ വാർത്ത
കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തടയണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍. അന്വേഷണത്തിന്റെ മറവില്‍ ക്രൈം ബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമക്കുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചെങ്കിലും ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജന്‍സിയുമായി തുറന്ന പോരിനുറച്ച്‌ നില്‍ക്കുകയാണ് സര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് നിയമപരമായ വിലക്കില്ലെന്നും പ്രതിക്ക് അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്‌നയെ നിര്‍ബന്ധിച്ചുവെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടര്‍ പി.രാധാകൃഷ്‌ണനാണ് കോടതിയെ സമീപിച്ചത്.ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ല. സ്വകാര്യ അഭിഭാഷകന്‍ മുഖേനയാണ് രാധാകൃഷ്ണന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. വ്യക്തിപരമായി നല്‍കിയ കേസില്‍ അന്വേഷണ ഏജന്‍സിയുടെ കൈവശമുള്ളതും കോടതിയില്‍ നേരത്തെ രഹസ്യമായി സമര്‍പ്പിച്ചതുമായ രേഖകള്‍ ഹാജരാക്കിയതില്‍ ദുരുദ്ദേശ്യത്തോടെയാണ്. ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ചതിനു പിന്നില്‍ ഉദ്യോഗസ്ഥന്റെ വ്യക്തി താല്‍പര്യം പ്രകടമാണ്. മുതിര്‍ന്ന ഉദ്യോസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യമല്ല ഇതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് എടുത്ത കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നില്‍ ബാഹ്യമായ ഗുഢലക്ഷ്യങ്ങളുണ്ട്. ആരോപണങ്ങളും കേട്ടുകേള്‍വികളും ഉള്‍പ്പെടുത്തി ഹര്‍ജിയില്‍ ഹാജരാക്കിയ രേഖകള്‍, കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെടുത്തി സര്‍ക്കാരിലെ ഉന്നതരെ അപകീര്‍ത്തിപ്പെടുത്താനാണ്. ഉന്നതര്‍ കക്ഷിയല്ലാത്ത ഹര്‍ജിയില്‍ പൊതുമണ്ഡലത്തില്‍ അവരെ മോശക്കാരാക്കാനാണ് രേഖകള്‍ ഉള്‍പ്പെടുത്തിയത്. സ്വന്തം ആവശ്യത്തിന് വേണ്ടി കോടതിയെ ദുരുപയോഗം ചെയ്യുന്ന ഹര്‍ജിക്കാരന്‍ നിയമപരമായ നടപടിക്ക് അര്‍ഹനാണ്. ഉദ്യോഗസ്ഥന്റെ ഹര്‍ജി കോടതിയുടെ ശ്രദ്ധ തിരിക്കാനും മാധ്യമ പ്രശസ്‌തിക്കും വേണ്ടിയുള്ളതാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖയെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യത്തെയും സര്‍ക്കാര്‍ എതിര്‍ത്തു. കേസന്വേഷണത്തില്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പ്രതിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ഏത് ഏജന്‍സി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടര്‍ പി.രാധാകൃഷ്‌ണന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രോസിക്യൂട്ടര്‍ വഴി നേരിട്ടല്ല ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്വകാര്യ അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം സര്‍ക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ച് കേസെന്നും കള്ളക്കടത്തിലെ പ്രതിയും മുഖ്യ സൂത്രധാരനുമായ ശിവശങ്കറിന്റെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത