പോലീസുകാരികളുടെ മൊഴി: ഇ.ഡി. മേധാവി ഡി.ജിപി. ബെഹ്‌റയെ വിളിച്ചു വിവരങ്ങള്‍ തേടി, സ്വപ്നയു​ടെ സുരക്ഷാ ചുമതലയ്‌ക്കു കേന്ദ്രസേനയെ നിയോഗിക്കും?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ്‌ ഉദ്യോഗസ്‌ഥകളുടെ മൊഴി പുറത്തുവന്ന സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) മേധാവി സഞ്‌ജയ്‌കുമാര്‍ മിശ്ര സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയില്‍നിന്നു വിശദാംശങ്ങള്‍ തേടി. ഡല്‍ഹിയിലെ കേന്ദ്ര കാര്യാലയത്തില്‍നിന്നു നേരിട്ടു ബന്ധപ്പെട്ടാണു ഇ.ഡി. ഡയറക്‌ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്‌.

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി. ഉദ്യോഗസ്‌ഥര്‍ സ്വപ്‌നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്ന്‌ സ്വപ്‌നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പോലീസുകാരികള്‍ ക്രൈം ബ്രാഞ്ചിനു നല്‍കിയ മൊഴിയാണു പുറത്തായത്‌. തങ്ങളുടെ ആവശ്യപ്രകാരം നിയോഗിക്കപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതു തികഞ്ഞ അച്ചടക്കലംഘനമാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ഇ.ഡി.മേധാവി ആവശ്യപ്പെട്ടു.
മൊഴി ചോര്‍ന്നതിനെതിരേ ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്‌ഥര്‍ ബെഹ്‌റയെ നേരില്‍ക്കണ്ടു പരാതി നല്‍കിയ പിന്നാലെയാണു ഡയറക്‌ടര്‍ വിളിച്ചത്‌. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്നു പ്രതി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തങ്ങള്‍ക്കു നല്‍കിയ മൊഴിയിലൊന്നും മുഖ്യമന്ത്രിയെപ്പറ്റി പരാമര്‍ശമില്ലെന്നുമാണു ഇ.ഡി. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്‌ഥര്‍ ബെഹ്‌റയെ ധരിപ്പിച്ചത്‌.

തങ്ങള്‍ക്കും കസ്‌റ്റംസിനുവേണ്ടി കോടതിയിലും നല്‍കിയ രഹസ്യമൊഴിയില്‍ ചില പോലീസുകാരാണു തന്റെ ഫോണ്‍വിളി ചോര്‍ത്തിയതിനു പിന്നിലെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്‌. ഒപ്പമുണ്ടായിരുന്ന പോലീസുകാരി തന്നോടുപറഞ്ഞ കാര്യങ്ങളാണു ഫോണിലൂടെ മറുതലയ്‌ക്കലുള്ള ആളിനോടു പറഞ്ഞത്‌. ഇതാരാണെന്നു തനിക്കറിയില്ലെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്‌. കുറ്റകരമായ നടപടിയാണു സുരക്ഷാ ഉദ്യോഗസ്‌ഥരില്‍നിന്ന്‌ ഉണ്ടായതെന്നും അവര്‍ ഡി.ജി.പിയെ ധരിപ്പിച്ചു.

മറ്റൊരാളിന്റെ ഫോണില്‍ സ്വപ്‌ന സംസാരിച്ചതു റെക്കോഡ്‌ ചെയ്‌തു പുറത്തുവിട്ടതു കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനാണെന്നാണു വിലയിരുത്തല്‍. തയാറാക്കി നല്‍കിയ കാര്യങ്ങള്‍ സ്വപ്‌ന അതേപടി ഫോണില്‍ പറയുകയായിരുന്നുവെന്നാണ്‌ ഇ.ഡി. പറയുന്നത്‌. തന്റെ ഫോണില്‍ നിന്ന്‌ വിളിച്ചാല്‍ കുടുങ്ങുമെന്നതിനാല്‍ മറ്റൊരു പൊലീസുകാരിയുടെ ഫോണില്‍ നിന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്‌ഥനെ വിളിക്കുകയായിരുന്നു. ഈ ഫോണ്‍വിളിയില്‍ നിന്നാണു കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ഭാഗം എഡിറ്റ്‌ ചെയ്‌തെടുത്തു പ്രചരിപ്പിച്ചത്‌.
നവംബര്‍ 18നാണ്‌ ശബ്‌ദസന്ദേശം പുറത്തുവരുന്നത്‌. ശബ്‌ദരേഖ പുറത്തുവിട്ടത്‌ അന്വേഷണം അട്ടിമറിക്കാനാണെന്നും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും കസ്‌റ്റംസും ഇ.ഡിയും സംശയിക്കുന്നു. ഭാവിയില്‍ സുരക്ഷാ ചുമതലയ്‌ക്കു കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരിന്‌ ഇ.ഡി. റിപ്പോര്‍ട്ട്‌ കൈമാറിയിട്ടുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha