ശോഭയെ പാലം വലിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാകും; മണ്ഡലത്തിലെ അതിവിശ്വസ്തനായ ജനറല്‍ സെക്രട്ടറിയെ നിരീക്ഷണത്തിലാക്കി ആര്‍എസ്‌എസ്; ജയം ഉറപ്പിക്കാന്‍ വിയര്‍പ്പൊഴുക്കാനും കേന്ദ്രമന്ത്രിക്ക് നിര്‍ദ്ദേശം; ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിഭാഗീയതയില്‍ അടിതെറ്റാതിരിക്കാന്‍ അമിത് ഷാ ഒരുക്കുന്നത് 'ഇസഡ് കാറ്റഗറി പ്രൊട്ടക്ഷന്‍'; കഴക്കൂട്ടത്ത് അടിതെറ്റിയാല്‍ സമാധാനം പറയേണ്ടി വരിക മുരളീധരന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ശോഭയെ പാലം വലിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാകും; മണ്ഡലത്തിലെ അതിവിശ്വസ്തനായ ജനറല്‍ സെക്രട്ടറിയെ നിരീക്ഷണത്തിലാക്കി ആര്‍എസ്‌എസ്; ജയം ഉറപ്പിക്കാന്‍ വിയര്‍പ്പൊഴുക്കാനും കേന്ദ്രമന്ത്രിക്ക് നിര്‍ദ്ദേശം; ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിഭാഗീയതയില്‍ അടിതെറ്റാതിരിക്കാന്‍ അമിത് ഷാ ഒരുക്കുന്നത് 'ഇസഡ് കാറ്റഗറി പ്രൊട്ടക്ഷന്‍'; കഴക്കൂട്ടത്ത് അടിതെറ്റിയാല്‍ സമാധാനം പറയേണ്ടി വരിക മുരളീധരന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെതിരെ വിമത നീക്കങ്ങള്‍ ഉണ്ടായാല്‍ കേന്ദ്രമന്ത്രി സ്ഥാനം വി മുരളീധരന് നഷ്ടമാകും. ശോഭയെ ജയിപ്പിച്ചേ മതിയാകൂവെന്ന നിര്‍ദ്ദേശം മുരളീധരന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ മുരളിക്ക് ലഭിച്ച വോട്ടുകള്‍ കുറഞ്ഞാല്‍ കടുത്ത നടപടിയും ഉണ്ടാകും. ശബരിമല വിഷയവുമായി പ്രചരണത്തിന് ഇറങ്ങിയ ശോഭയ്ക്ക് മികച്ച ജയസാധ്യത ആര്‍ എസ് എസും കല്‍പ്പിക്കുന്നുണ്ട്. കാര്യവാഹായ അര്‍ജുന്‍ ഗോപാലിനാണ് ചുമതല ആര്‍എസ്‌എസ് നല്‍കിയിട്ടുള്ളത്. കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നുള്ള ആളിനെ ചുമതല ഏല്‍പ്പിച്ചതും ്‌അട്ടിമറികള്‍ നടക്കുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിനാണ്.ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കഴക്കൂട്ടത്തു സ്ഥാനാര്‍ത്ഥിത്വം പിടിച്ചുവാങ്ങിയ ശോഭാ സുരേന്ദ്രനെ പാലം വലിക്കുമെന്ന സൂചനകള്‍ സജീവമാണ്. വി മുരളീധരന് ഏറെ സ്വാധീനമുള്ള മണ്ഡലാണ് ഇത്. 2026ല്‍ ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ വി മുരളീധരന് ആഗ്രഹവും ഉണ്ട്. അതുകൊണ്ട് തന്നെ ശോഭയെ അട്ടിമറിക്കുമെന്ന ഭയം അണികളില്‍ സജീവമാണ്. കഴക്കൂട്ടത്ത് വി മുരളീധരന്റെ പ്രധാനികളില്‍ ഒരാള്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. ഇയാളെ പ്രത്യേകം നിരീക്ഷിക്കാനാണ് ആര്‍എസ്‌എസ് നീക്കം. ബിജെപി കേന്ദ്ര നേതൃത്വത്തിനും ഇയാളെ കുറിച്ച്‌ പരാതി കിട്ടിയിട്ടുണ്ട്. ശോഭ തോറ്റാല്‍ ഈ നേതാവിനെതിരേയും കര്‍ശനമായ നടപടി ഉണ്ടാകും.

ശോഭയെ പാലം വലിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന സന്ദേശം മുരളീധരന് കിട്ടി കഴിഞ്ഞു. മണ്ഡലത്തിലെ മുരളീധരന്റെ അതിവിശ്വസ്തനായ ജനറല്‍ സെക്രട്ടറിയെ നിരീക്ഷണത്തിലാക്കി ആര്‍ എസ് എസും ശോഭയെ ജയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രന്റെ ജയം ഉറപ്പിക്കാന്‍ വിയര്‍പ്പൊഴുക്കാനും കേന്ദ്രമന്ത്രിക്ക് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിഭാഗീയതയില്‍ അടിതെറ്റാതിരിക്കാന്‍ അമിത് ഷാ ഒരുക്കുന്നത് 'ഇസഡ് കാറ്റഗറി പ്രൊട്ടക്ഷന്‍' ആണെന്നാണ് സൂചന. രഹസ്യ ഏജന്‍സികളും നിരീക്ഷണം നടത്തും. കഴക്കൂട്ടത്ത് ശോഭയ്ക്ക് അടിതെറ്റിയാല്‍ സമാധാനം പറയേണ്ടി വരിക മുരളീധരനാകും എന്ന സന്ദേശം സംസ്ഥാന നേതൃത്വത്തിനും കിട്ടിയിട്ടുണ്ട്.

കാലുവാരിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ശോഭയ്ക്കായി ആര്‍.എസ്.എസും മണ്ഡലത്തില്‍ സജീവമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പ്രഭാരി സി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ മണ്ഡലത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പ്പര്യത്തോടെ ശോഭ നേടിയ കഴക്കൂട്ടം ദേശീയ നേതൃത്വത്തിന് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. ശോഭയ്ക്കെതിരായ നീക്കം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.

ശോഭയെ വെട്ടാനായി യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവിനെയാണു കഴക്കൂട്ടം സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലേക്കു സ്ഥാന നേതാക്കള്‍ കണ്ടുവച്ചിരുന്നത്. വിജയന്‍ തോമസുമായി അടുപ്പമുള്ള നേതാവായിരുന്നു ഇയാള്‍. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെത്തുമെന്ന സൂചന ഇതിന്റെ ചുവടുപിടിച്ചായിരുന്നു. ശരത് ചന്ദ്രപ്രസാദിനേയും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതൊന്നും നടന്നില്ല. അതോടെ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയാണ് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മരിച്ചിടത്തെല്ലാം പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് നേടിയ ചരിത്രവും ശോഭയെ ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരിയാക്കി.

കഴക്കൂട്ടത്ത് ഇടതു സ്ഥാനാര്‍ത്ഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ. എസ്.എസ്. ലാലും സജീവമാണ്. തുടക്കത്തില്‍ പിന്നിലായെങ്കിലും ദേശീയ നേതാക്കളടക്കം ശോഭയുടെ വിജയത്തിനായി മണ്ഡലത്തിലുണ്ടാകും. പ്രധാനമന്ത്രി മോദിയും കഴക്കൂട്ടത്ത് പ്രചരണത്തിന് എത്തും. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്‍ ഇന്ന് മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കും. വൈകുന്നേരം കഴക്കൂട്ടത്തെത്തുന്ന ശോഭ സുരേന്ദ്രന് കാര്യവട്ടം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് മണ്ഡലമിളക്കിയുള്ള റോഡ് ഷോയുമുണ്ടാകും.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ മത്സരിക്കാന്‍ ഉറപ്പിച്ച മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷയായ ശോഭ സുരേന്ദ്രനെ മത്സരിക്കാന്‍ ദേശീയ നേതൃത്വം നിയോഗിച്ചത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച്‌ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ മത്സരിച്ചാല്‍ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള തീരുമാനമായതിനാല്‍ തന്നെ ശോഭയുടെ പ്രചാരണ രംഗത്ത് ഉഴപ്പിയാല്‍ മറുപടി നല്‍കേണ്ടിയും വരും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog