തിരുവനന്തപുരം: കാട്ടാക്കട മേഖലയില്‍ കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചുവിട്ട് സിപിഎം. എന്‍ഡിഎയുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഭരണ കക്ഷിയിലെ പ്രവര്‍ത്തകര്‍ക്ക് എതിരായി കേസെടുക്കാന്‍ തയാറായില്ല. സിപിഎമ്മുകാര്‍ നടത്തുന്ന വ്യാപക ആക്രമണങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് മറ്റുപാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്.
വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസ് ഡിവൈഎസ്പി ഓഫീസില്‍ നേരിട്ടെത്തി പരാതിപ്പെട്ടു. പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നു.ഒരാളെ പോലും കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു.
നടപടി എടുക്കാമെന്ന സ്ഥിരം പല്ലവിക്കപ്പുറം പോലീസ് ഒന്നുംതന്നെ ചെയ്യുന്നില്ലായെന്ന് ആരോപിച്ച് കൃഷ്ണദാസ് പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎസ്പി പലപ്രാവശ്യം അനുനയിപ്പിക്കാന്‍ എത്തിയെങ്കിലും കൃഷ്ണദാസ് വഴങ്ങിയില്ല. സംഭവമറിഞ്ഞ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സ്ത്രീകളടക്കം നിരവധി പ്രവര്‍ത്തകര്‍ കാട്ടാക്കട പോലീസ് ആസ്ഥാനത്തേക്ക് എത്തി. വിഷയം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്ബ് വിളവൂര്‍ക്കലില്‍ ബിജെപി കാര്യകര്‍ത്താവ് സന്ദീപിന്റെ വീടിന് നേര്‍ക്ക് ബോംബേറ് നടന്നിരുന്നു. വിളപ്പില്‍ശാലയില്‍ ബിജെപി പ്രവര്‍ത്തകരുടെ മൂന്ന് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. കാട്ടക്കട മേഖലയെ കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു