വേനലില്‍ പാല്‍ ഉല്പാദനം കുറഞ്ഞു ഉപയോഗം കൂടിവരുന്നു
കണ്ണൂരാൻ വാർത്ത
കാഞ്ഞങ്ങാട്: വേനല്‍ കനത്തതോടെ ജില്ലയില്‍ പാല്‍ ഉല്‍പാദനം കുറഞ്ഞു. ജില്ലയിലെ 139 ക്ഷീര സംഘങ്ങളിലൂടെ മില്‍മ മുഖേന ജനുവരിയില്‍ പ്രതിദിനം 54,000 ലീറ്റര്‍ പാല്‍ ആണ് സംഭരിച്ചിരുന്നത്. വില്‍പന ചെയ്തത് 44,000 ലിറ്ററും. എന്നാല്‍ ഇപ്പോള്‍ സംഭരണം 51,000 ലീറ്റര്‍ ആയി കുറഞ്ഞു. അതേസമയം വില്‍പ്പന 48,000 ലീറ്റര്‍ മുതല്‍ 50,000 ലിറ്റര്‍ വരെയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 52,000 ലിറ്റര്‍ ആയിരുന്നു സംഭരണം. വില്‍പന ശരാശരി 44000-45000 ലിറ്റര്‍. നിലവില്‍ ജില്ലയില്‍ ആവശ്യത്തിനു പാല്‍ ലഭിക്കുന്നുണ്ടെങ്കിലും ഏപ്രില്‍, മേയ് മാസങ്ങളില്‍ പിന്നെയും കുറയുമെന്നതാണ് ആശങ്ക. പച്ചപ്പുല്ല് കിട്ടാത്തതും പശുക്കളുടെ പാല്‍ ഉല്‍പാദനത്തെ സാരമായി ബാധിക്കുന്നതായി ക്ഷീര കര്‍ഷകര്‍ പറയുന്നു.ഇതിനു പരിഹാരമാകണമെങ്കില്‍ ഇടമഴ കിട്ടണം. വേനല്‍ ചൂടില്‍ കന്നുകാലികള്‍ പൊള്ളുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കനത്ത ചൂടായിട്ടുണ്ട്.

വളര്‍ത്തു മൃഗങ്ങള്‍ക്ക് മുന്‍കരുതല്‍
വളര്‍ത്തു മൃഗങ്ങളെ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ വെയിലത്ത് വിടരുത്. സങ്കര ഇനം പശുക്കള്‍ക്ക് ചൂട് പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. തൊഴുത്തില്‍ ചൂടിന്റെ വികിരണവും ശ്വാസവും തങ്ങി നില്‍ക്കുന്നത് ക്ഷീണിപ്പിക്കും. കറവയെ ബാധിക്കും. തൊഴുത്തില്‍ നിന്നു മാറ്റാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വായു സഞ്ചാരം ഉറപ്പാക്കണം, ഡയറി ഫാനുകള്‍ ഉപയോഗിക്കാം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഒരു പാളി തുറന്നിടുക, മേല്‍ക്കൂരയുടെ മുകളില്‍ വായു സഞ്ചാരത്തിനു ഇടം നല്‍കി ഓല വിതറുക. രാവിലെയും വൈകിട്ടും കുളിപ്പിക്കാം. ഉഷ്ണകാല മരുന്നുകള്‍ നല്‍കുക. വെള്ളം ധാരാളമായി നല്‍കുക, ശരീരത്തെ തണുപ്പിക്കുന്ന കൊത്തമല്ലി, രാമച്ചം തുടങ്ങിയവ കലര്‍ത്തി വെള്ളം നല്‍കാം. ചാക്കിലോ തുണിയിലോ പഞ്ഞി, അറക്കപ്പൊടി എന്നിവ പൊതിഞ്ഞു നനച്ചു തലയില്‍ വയ്ക്കുന്നത് ശരീര താപം കുറയ്ക്കും.

സംഭാരം ഉള്‍പ്പെടെ ശീതളപാനീയങ്ങള്‍
കാലാവസ്ഥ മാറ്റത്തില്‍ ശീതള പാനീയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പാല്‍ ഉത്പന്ന ഉപയോഗം വര്‍ദ്ധിച്ചു. ചൂടിനെ ചെറുക്കാന്‍ സംഭാരം ഉള്‍പ്പെടെ വില്പന പൊടിപൊടിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത