മണ്ണറിഞ്ഞ് മനസ് തൊട്ട്; ചെങ്കല്ലിലെ ചെന്താമര; തനി നാടന്‍ രാജയോഗം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നെയ്യാറ്റിന്‍കര: ഉച്ചവെയിലിനെ വകവെക്കാതെ പടവലത്തിന് തടമെടുക്കുകയാണ് ദാസ്. മുഷിഞ്ഞ ഒറ്റത്തോര്‍ത്ത് ഉടുത്ത് മണ്‍വട്ടി ആഞ്ഞു വെട്ടുന്നതിനിടയില്‍ അടുത്തേക്കു വന്നയാള്‍ തന്നെ കാണാനാണ് എന്നു വിചാരിച്ചില്ല. തോളില്‍ തട്ടി നമസ്‌ക്കാരം പറഞ്ഞപ്പോള്‍ അല്പം ഒന്നമ്ബരന്നു.നല്ല പരിചിത മുഖം തൊഴുകൈകളോടെ കണ്‍മുന്‍പില്‍.

നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെങ്കല്‍ രാജശേഖരന്‍നായരാണ് കൂട്ടപ്പന വയലില്‍ കൃഷി ചെയ്തുകൊണ്ടിരുന്ന ദാസിന്റെ അടുത്തേക്ക് വന്നത്. മുഖത്ത് ഇറ്റിറ്റ് വരുന്ന വിയര്‍പ്പുകണം നീക്കി സ്ഥാനാര്‍ത്ഥിയെ അറിയും എന്നു ദാസ് പറഞ്ഞപ്പോള്‍ ഞാനും ഇങ്ങനെ ഏറെ വിയര്‍ത്തിട്ടുണ്ട് എന്നായിരുന്നു മറുപടി.ഇതേ കൃഷി 40 വര്‍ഷം മുന്‍പ് ചെയ്തതില്‍ നിന്നു കിട്ടിയ പണമാണ് എന്റെ സംഘടനാ പരിശീലനത്തിന്റെ മുതല്‍ കൂട്ടെന്ന് പറഞ്ഞ് രാജശേഖരന്‍നായര്‍ തന്നിലെ കര്‍ഷകനെ പുറത്തെടുത്തു.

'സ്‌ക്കൂളില്‍ പഠിക്കുമ്ബോളാണ് ആര്‍എസ്‌എസ് ശാഖയില്‍ പോയിതുടങ്ങിയത്. സംഘടനാ കാര്യങ്ങള്‍ പഠിക്കാനുള്ള പരിശീലന ക്യാമ്ബില്‍ പോകണം. കോഴിക്കോടായിരുന്നു ക്യാമ്ബ്. അതിനുള്ള പണം കണ്ടെത്തിയത് ചെങ്കലിലെ വിടിനടുത്ത പാടത്ത് പാവല്‍ കൃഷിയിറക്കിയാണ്. സംഘടനാ പ്രവര്‍ത്തനത്തിനുള്ള ആദ്യ നിക്ഷേപം.'

വീട്ടില്‍ കൃഷിയും മറ്റുമുണ്ടായിരുന്നെങ്കിലും സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാകാതെ വന്നപ്പോള്‍ ബന്ധുവിന്റെ വീട്ടില്‍ത്തന്നെ കൃഷി ജോലികള്‍ക്കു പോകാനൊരുങ്ങി. പക്ഷേ അത് അപമാനമാണെന്നു പറഞ്ഞ് കുടുംബത്തില്‍ത്തന്നെ വലിയ പ്രശ്‌നങ്ങളുണ്ടായി. അതില്‍ പ്രതിഷേധിച്ചായിരുന്നു രാജശേഖരന്‍ നാട്ടില്‍ നിന്നു വണ്ടികയറിയത്

മുംബൈയില്‍ ഹോട്ടലിലെ എല്ലാ ജോലിയും ചെയ്തു നടന്ന പയ്യന്‍ ക്യാമ്ബില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മറന്നിരുന്നില്ല. ആര്‍എസ്‌എസ് ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. അടിയന്തരവസ്ഥക്കാലത്തു നടന്ന തെരഞ്ഞെടുപ്പില്‍, പിന്നീട് ഗവര്‍ണര്‍ പദവിയില്‍ വരെയെത്തിയ രാം നായികിനെ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി. അന്ന് ആരും പരസ്യമായി പ്രവര്‍ത്തിക്കില്ല. പോലീസ് അറസ്റ്റ് ചെയ്യും അല്ലെങ്കില്‍ ഗുണ്ടകള്‍ കൊല്ലും. അന്ന് രാംനായികിനു വേണ്ടി ധൈര്യത്തോടെ രാത്രിയും പകലും പ്രവര്‍ത്തിച്ചു. രാംനായിക് ജയിച്ചു.

പീന്നീട് രാഷ്ട്രീയം മാറ്റി ബിസിനസില്‍ ശ്രദ്ധിച്ച രാജശേഖരന്‍ നായര്‍ ഇടവേളക്ക് ശേഷം തെരഞ്ഞെടുപ്പു വേദിയിലെത്തുകയാണ്. സ്വന്തം നാട്ടില്‍ സ്ഥാനാര്‍ത്ഥിയായി.

കടവില്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയുമായി ഇരിക്കുന്നവര്‍. ഞാനും കുറെ ചൂണ്ടയിട്ടിട്ടുണ്ട് എന്നു പറഞ്ഞ് അവരുടെ അടുത്തേക്ക്. വോട്ടു ചോദിക്കുക മാത്രമല്ല ജോലിയും വീട്ടു വിശേഷവും ഒക്കെ ആരാഞ്ഞു. ചൂണ്ടയുമായിരുന്ന മഹേഷിന് ഒരു അഭ്യര്‍ത്ഥന. '' സാറേ, കല്ല്യാണാലോചന നടക്കുകയാണ്, പടമെങ്ങാനും പത്രത്തില്‍ വന്നാല്‍ മീന്‍ പിടിത്തക്കാരനാണെന്നു കരുതി പെണ്ണു കിട്ടാതിരുന്നാലോ' അങ്ങനെ ഒരാള്‍ക്കും പെണ്ണു കിട്ടാതിരിക്കില്ല എന്ന പറഞ്ഞ് മടക്കം.

പേരുകേട്ട ബിസിനസ്സുകാരന്‍ എന്ന് വിചാരിച്ച്‌ അടുക്കാന്‍ മടിക്കുന്നവരുടെ അടുത്തേക്ക് തനി നാട്ടുകാരനായി രാജശേഖരന്‍ നായര്‍ എത്തുമ്ബോള്‍ ഉയരുന്നത് ബിജെപിയുടെ വിജയ പ്രതീക്ഷ കൂടിയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha