വോട്ട് ചെയ്യാനായി പ്രവാസികള്‍ നാട്ടിലേക്ക്; ഇത്തവണ ചാർട്ടഡ് ഫ്ലൈറ്റുകളില്ല, പകരം.. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

വോട്ട് ചെയ്യാനായി പ്രവാസികള്‍ നാട്ടിലേക്ക്; ഇത്തവണ ചാർട്ടഡ് ഫ്ലൈറ്റുകളില്ല, പകരം..

കണ്ണൂർ: തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കേ പ്രവാസി വോട്ടുകൾ ജില്ലയിലേക്കു പറന്നു തുടങ്ങി. മുസ്‍ലിം ലീഗിനോട് അനുഭാവമുള്ള കേരള മുസ്‍ലിം കൾച്ചറൽ സെന്റർ (കെഎംസിസി) പ്രവർത്തകരാണു കൂട്ടത്തോടെ വോട്ട് ചെയ്യാനായി എത്തുന്നത്. പ്രധാന നേതാക്കളെല്ലാം കഴിഞ്ഞയാഴ്ച എത്തി. മണ്ഡലംതല പ്രവർത്തകരുടെ വരവ് ഇന്നലെ തുടങ്ങി. വോട്ടെടുപ്പിനു രണ്ടുദിവസം മുൻപു പരമാവധി പ്രവാസി വോട്ടർമാരെ എത്തിക്കുകയാണു ലക്ഷ്യം. ഇത്തവണ ചാർട്ടഡ് ഫ്ലൈറ്റുകളില്ല. 
പകരം, തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. കെഎംസിസിക്ക് ഏറ്റവുമധികം അംഗങ്ങളുള്ളതു കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടർമാരാണ്. ദുബായിൽ മാത്രം ഏതാണ്ട് 2500 അംഗങ്ങളുണ്ട്. അബുദബിയിൽ 700, ഷാർജയിൽ 1000, അജ്മാൻ–റാസൽഖൈമ 1000 എന്നിങ്ങനെയാണ് അംഗങ്ങൾ. കൂത്തുപറമ്പിൽ കടുത്ത പോരാട്ടം നടക്കുന്നതിനാൽ പരമാവധിപ്പേരെ എത്തിക്കാനാണു ശ്രമം. യുഡിഎഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിന്റെ പൊട്ടങ്കണ്ടി അബ്ദുല്ലയായതിനാൽ കെഎംസിസി ആവേശത്തിലുമാണ്.ദുബായിൽ വ്യവസായ സ്ഥാപനമുണ്ട് പൊട്ടങ്കണ്ടിക്ക്. ഇവിടെ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്കാളുകൾ കൂത്തുപറമ്പുകാരാണ്. ഇക്കൂട്ടത്തിൽ കെഎംസിസിക്കാർ മാത്രമല്ല, മറ്റുസംഘടനകളിലും പാർട്ടികളിലുംപെട്ടവരുമുണ്ട്. ഇഞ്ചോടിഞ്ചു മത്സരം നടക്കുന്ന അഴീക്കോട്ടെ വോട്ടർമാരെയും പരമാവധി എത്തിക്കാനാണു ശ്രമം. അഴീക്കോട്ടെ വോട്ടർമാർ ദുബായിൽ കെഎംസിസിക്കു കീഴിൽ മാത്രം ആയിരത്തോളം പേരുണ്ട്. പ്രളയസമയത്തും കോവിഡ് പ്രതിസന്ധിക്കാലത്തും കേരളത്തിൽ കെഎംസിസി പ്രവർത്തകർ ദുരിതാശ്വാസ രംഗത്തു സജീവമായിരുന്നു.
കോവിഡ് കാലത്ത് ഗൾഫിൽനിന്ന് ഒട്ടേറെപ്പേരെ കെഎംസിസി പണം മുടക്കി ചാർട്ടഡ് വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. ഏഴുദിവസത്തേക്കു വരെയുള്ള ഷോട്ട് വിസിറ്റ് പാസ് എടുത്തുവരുന്ന പ്രവാസി വോട്ടർക്കു ക്വാറന്റീൻ വേണ്ട. വിമാനം കയറുമ്പോഴും ഇവിടെ ഇറങ്ങുമ്പോഴും ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവായിരിക്കണം. കൂടുതൽ ദിവസത്തേക്കാണു വരുന്നതെങ്കിൽ ഏഴു ദിവസത്തെ ക്വാറന്റീനുശേഷം പരിശോധന നടത്തി നെഗറ്റീവാകണം. ക്വാറന്റീനിൽ കഴിഞ്ഞുകൊണ്ട് വോട്ടെടുപ്പു ദിവസം വൈകിട്ട് 6നുശേഷം വോട്ട് ചെയ്യാൻ അവസരമുണ്ട്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog