ഹൃദയപൂര്‍വം ജില്ലാ കലക്ടർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 March 2021

ഹൃദയപൂര്‍വം ജില്ലാ കലക്ടർ


തെരഞ്ഞെടുപ്പ് പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കാന്‍ 
ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടറുടെ കത്ത് 
'പ്രിയ ഓഫീസര്‍, എന്റെ ഭക്ഷണം എന്റെ പാത്രത്തില്‍ എന്ന ക്യാമ്പയിന്‍ നടപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുമ്പോള്‍ ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും സ്പൂണും കരുതാന്‍ മറക്കരുത്..' ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നല്‍കിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇത്തരത്തിലൊരു കത്ത് നല്‍കിയത്. ജില്ലയിലെ പതിനയ്യായിരത്തോളം വരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഈ കത്ത് ലഭിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ നാലുനേരം ഭക്ഷണം കഴിക്കുന്നതിനായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പാത്രങ്ങളും കപ്പുകളും മറ്റും കണക്കു കൂട്ടിയാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായേക്കാവുന്നത് 5426 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ്. അതില്‍ നിന്നും ഓരോരുത്തരും തങ്ങളുടെ പങ്ക് കുറച്ച് ക്യാമ്പയിനിന്റെ ഭാഗമാകണമെന്നാണ് കലക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. മാസ്‌കുകളും കൈയുറകളും നിക്ഷേപിക്കാന്‍ ഓരോ ബൂത്തിലും പ്രത്യേകം ചവറ്റുകൊട്ടകളും ഒരുക്കും.പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടു തെരഞ്ഞെടുപ്പ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. കൊവിഡ് കാലത്ത് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെയും ഡിസ്‌പോസിബിള്‍ പാത്രങ്ങളുടെയും കപ്പുകളുടെയും ഉപയോഗം വ്യാപകമായതോടെയാണ് തെരഞ്ഞെടുപ്പില്‍ സീറോ വേസ്റ്റ് എന്ന ആശയം സ്വീകരിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടപ്പാക്കിയ 'എന്റെ ഭക്ഷണം എന്റെ പാത്രത്തില്‍' ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പച്ച ഇലയുടെ മാതൃകയില്‍ വേറിട്ട രീതിയിലാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. 'നമുക്കും പ്രകൃതിയിലേക്കു മടങ്ങാം. ഹൃദയപൂര്‍വം ജില്ലാ കലക്ടര്‍.. 'കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. 
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിക്കൊണ്ടാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കത്ത് പ്രകാശനം ചെയ്തത്. ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ പി എം രാജീവ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബി ജെ ധനഞ്ജയന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ ആര്‍ അജയകുമാര്‍, ഇ മോദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog