വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ? സര്‍ക്കാറിനെ വെള്ളപൂശാന്‍ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധര്‍; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്ബോള്‍ സര്‍ക്കാറും വെട്ടിലാകും; 'പൊലീസ് സഖാക്കളെയും' കാത്തിരിക്കുന്നത് വമ്ബന്‍ പണി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ? സര്‍ക്കാറിനെ വെള്ളപൂശാന്‍ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധര്‍; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്ബോള്‍ സര്‍ക്കാറും വെട്ടിലാകും; 'പൊലീസ് സഖാക്കളെയും' കാത്തിരിക്കുന്നത് വമ്ബന്‍ പണി

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ നിന്നും തലയൂരാന്‍ വേണ്ടി സര്‍ക്കാര്‍ എല്ലാ വിധത്തിലും പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇഡിക്കെതിരെ കേസെടുക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ ധൃതിപിടിച്ച്‌ കേസെടുക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍. സര്‍ക്കാറിന് തെരഞ്ഞെടുപ്പു കാലത്ത് തുണയാകുന്ന വിധത്തിലുള്ള മൊഴിയാണ് സന്ദീപ് നല്‍കിയിരുന്നത്.ഈ പരാതി കോടതിയുടെ പരിഗണനയിലാണ്. പുറത്തുവരാത്ത രേഖയായതിനാല്‍ കോടതിയലക്ഷ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിയമോപദേശം തേടാമെങ്കിലും പൊതുരേഖയാകാത്തിടത്തോളം കേസെടുക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടതി നടപടികള്‍ക്കു മുന്നേ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് ഇ.ഡി. തീരുമാനം.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് നല്‍കിയ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി.ക്കെതിരേ കേസെടുക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപിന്റെ കത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നത്.

ശബ്ദരേഖയില്‍ സര്‍ക്കാര്‍ കേസെടുക്കാന്‍ സാധ്യത കുറവാണ്. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നല്‍കിയതെന്ന് ഇ.ഡി.ക്ക് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയില്‍നിന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എംഎ‍ല്‍എ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാല്‍ ശബ്ദരേഖ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് സ്വപ്ന നല്‍കിയ മൊഴിയെക്കാള്‍ പ്രാധാന്യമുണ്ട്.

ജയില്‍ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹര്‍ജിയില്‍ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിക്ക് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കാം. അല്ലെങ്കില്‍ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാല്‍മാത്രമേ പരാതി പൊതുരേഖയാവുകയുള്ളൂ.

അതേസമയം സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘത്തെ 'പ്രതിക്കൂട്ടിലാക്കുന്ന' നീക്കങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുമ്ബോള്‍ രണ്ട് ഏജന്‍സികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായും അത് മാറും. ഇ.ഡിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണങ്ങളും നീക്കങ്ങളും വ്യക്തമാക്കി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.കോടതിയുടെ ഇടപെടലില്ലാതെ ഇത്തരം നീക്കങ്ങളെ തടയാന്‍ കഴിയില്ലെന്നതിനാലാണ് സര്‍ക്കാരിന്റെ ഇതുവരെയുള്ള നീക്കങ്ങള്‍ വ്യക്തമാക്കി ഇ.ഡി അപേക്ഷ നല്‍കുന്നത്. ഇങ്ങനെ വന്നാല്‍ സര്‍ക്കാറിന് അനുകൂലമായ വിധത്തില്‍ മൊഴി നല്‍കിയ പൊലീസിലെ 'സഖാക്കളും' വെട്ടിലാകും.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖയെത്തുടര്‍ന്ന് ഇ.ഡിക്കെതിരെ കേസെടുക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാരിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിനെതിരെ നീങ്ങാന്‍ ഇ.ഡിയും ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതാണ് ആരോപണങ്ങളുടെ തുടക്കം.

തന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശപ്രകാരം അവരുടെ ഫോണില്‍ നിന്ന് മറ്റൊരാളോടു താന്‍ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. തന്നെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കഴിവുള്ളവര്‍ പുറത്തുണ്ടെന്നും അവര്‍ രക്ഷിക്കുമെന്നും സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ഉറപ്പുനല്‍കിയെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഈ മൊഴികളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി കോടതിയെ സമീപിക്കുന്നത്.

ആരോപണവിധേയയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും സംഭവത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ഇ.ഡി കോടതിയില്‍ ആവശ്യപ്പെടുക. സ്വപ്നയുടെ സുരക്ഷയ്ക്ക് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് കേരള പൊലീസാണ്. ഇതിലുള്‍പ്പെടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.

അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്നയുടെ രഹസ്യമൊഴി കസ്റ്റംസ് പുറത്തുവിട്ടതിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ അനുമതി തേടി കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാനും സിപിഎം നേതാവുമായ കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനു നല്‍കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച്‌ 24 ലേക്ക് മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog