സുരേഷ് ​ഗോപിക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ എംപി സ്ഥാനം രാജിവെക്കേണ്ടി വരുമോ; രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത രാജ്യസഭാം​ഗം രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അയോ​ഗ്യതക്ക് കാരണമാകുമെന്ന് കോണ്‍​ഗ്രസ്; നിയമനടപടി ആലോചിക്കുമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃശൂര്‍: സുരേഷ് ​ഗോപി ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിക്കുന്നതിനെതിരെ കോണ്‍​ഗ്രസ് രം​ഗത്ത്. രാജ്യസഭയിലേക്കു രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കക്ഷി രാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്ന തത്വം പാലിക്കണമെന്നാണ് കോണ്‍​ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പരാതി നല്‍കുന്ന കാര്യം സജീവ പരി​ഗണനയിലാണെന്ന് കോണ്‍​ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.സുരേഷ് ഗോപി രാജ്യസഭയിലെ നോമിനേറ്റ് ചെയ്ത അംഗമാണ്.ഓരോ മേഖലയിലും മികവു തെളിയിക്കുന്നവരെയാണ് സഭാംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്യുന്നത്. അങ്ങനെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരാള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അയോഗ്യതയ്ക്കു കാരണമാവുമെന്നാണ് നിയമ വിദഗ്ധരുമായുള്ള ആലോചനയില്‍ അറിയാനായതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വപന്‍ ദാസ്ഗുപ്തയ്‌ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ നീക്കം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായ സ്വപന്‍ദാസ് ഗുപ്ത ബംഗാളിലെ താരകേശ്വരി മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം എതെങ്കിലും രാഷ്ട്രീയ പാര്‍്ട്ടിയില്‍ ചേര്‍ന്നാല്‍ അംഗത്വത്തില്‍ അയോഗ്യത വരുമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് ദാസ്ഗുപ്തയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നത്.

അതേസമയം, സുരേഷ് ​ഗോപി ഇന്നലെ തൃശ്ശൂരിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. അണികളിലും ആരാധകരിലും ആവേശം വാനോളം വിതറിയാണ് താരം തൃശ്ശൂരിലേക്ക് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിലാണ് സുരേഷ് ​ഗോപി ഹെലികോപ്റ്ററില്‍ എത്തിയത്. അവിടെ താരക്കെ സ്വീകരിക്കാന്‍ എന്‍ഡിഎയുടെ ജില്ലാ നേതാക്കള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് കാറില്‍ അയ്യന്തോളിലെ കലക്ടറേറ്റിലേക്ക് പത്രിക നല്‍കാന്‍ തിരിച്ചു.

ബൈക്ക് റാലിയുടെ അകമ്ബടിയോടെയായിരുന്നു സുരേഷ് ​ഗോപി കലക്ടറേറ്റിലെത്തിയത്. നടന്‍ ദേവനും ഒപ്പമുണ്ടായിരുന്നു. ആര്‍ഡിഒ എന്‍.കെ.കൃപയ്ക്ക് പത്രിക നല്‍കുമ്ബോള്‍ സമയം 12.15. പത്രിക സമര്‍പ്പിച്ച്‌ പുറത്തിറങ്ങുമ്ബോള്‍ കലക്ടറേറ്റിലെ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും കാത്തു നില്‍പ്പുണ്ടായിരുന്നു. അ‍ഞ്ച് മിനിറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ മറുപടി ആക്‌ഷന്‍. പുറത്തിറങ്ങുമ്ബോള്‍ മൊബൈല്‍ ക്യാമറകള്‍ മിന്നി. കലക്ടറേറ്റിനു മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ചു സ്വീകരിച്ചു. കൈവീശി കാണിച്ച്‌ അഭിവാദ്യം അര്‍പ്പിച്ച്‌ തിരികെ കാറിലേക്ക്.ല ഒരു മണിയോടെ തിരിച്ച്‌ ശോഭാ സിറ്റിയിലെത്തി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് തിരിച്ചു. ഇനി, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള വിശ്രമത്തിനു ശേഷം 24ന് പ്രചാരണത്തിന് മണ്ഡലത്തില്‍ തിരിച്ചെത്തും.

പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്ബടിയോടെയാണ് അദ്ദേഹം കളക്ടറേറ്റിലെത്തിയത്. തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി എംപി തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു. മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തവണ തൃശൂര്‍ അങ്ങെടുക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ തൃശൂരില്‍ വിജയസാധ്യതയല്ല, മത്സരസാധ്യതയാണ് ഉള്ളതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആര് ജയിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. എങ്കിലും നല്ല മത്സര സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. പാര്‍ട്ടി മുന്നോട്ടുവെച്ചത് നാല് സീറ്റുകളാണ്. അതില്‍ തൃശൂര്‍ താന്‍ തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃശൂരില്‍ മത്സരിക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു,

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയായത്. കലാകാരന്‍ എന്ന നിലയില്‍ രാഷ്ട്രീയമായ കാര്യങ്ങളില്‍ മറുപടി പറയാനാവില്ല. എംപിയെന്ന നിലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതെല്ലാം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വോട്ട് വര്‍ദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ സേവന പ്രവര്‍ത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയില്‍ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച 10 ദിവസത്തെ വിശ്രമം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha