ചർച്ചകൾ സജീവം ' ഇലക്ഷൻ അങ്കത്തിന് അണിയറ പ്രവർത്തനം തകൃതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചര്‍ച്ചകള്‍ അവസാന ലാപ്പില്‍: സ്ഥാനാര്‍ഥികളെ ഉടനറിയാം ; പ്രചരണത്തില്‍ മേല്‍ക്കോയ്മ നേടാന്‍ മുന്നണികള്‍


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേല്‍ക്കോയ്മ നേടാനുള്ള നെട്ടോട്ടത്തില്‍ മുന്നണികള്‍. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാന ലാപ്പിലേക്ക് എത്തിയതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്നു നടക്കും. മുസ്ലിം ലീഗിന് മൂന്നു സീറ്റ് അധികം നല്‍കി യു.ഡി.എഫ്. ചര്‍ച്ച അവസാന ഘട്ടത്തിലാണ്. ഇനി പ്രധാനമായും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായാണ് ചര്‍ച്ച. എന്‍.ഡി.എയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തയാറായി. ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.

* എല്‍.ഡി.എഫ്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സി.പി.എം. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്നും സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും നടക്കും. ഇതിനൊപ്പംതന്നെ എല്‍.ഡി.എഫ്. സീറ്റ് വിഭജനത്തിനായുള്ള രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകളും ഇന്ന് ആരംഭിക്കും.

സി.പി.എമ്മും സി.പി.ഐയും പരസ്പരം വിട്ടുവീഴ്ചയ്ക്കു തയാറാണെങ്കിലും കഴിഞ്ഞ തവണ മുന്നണിയിലുണ്ടായിരുന്ന എല്ലാവര്‍ക്കും സീറ്റ് ലഭിക്കാനിടയില്ല. കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് പത്തു സീറ്റുകളാകും കിട്ടുക. സി.പി.എം രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് ചില സിറ്റിങ് എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കും.

തോമസ് ഐസക്ക്, ജി. സുധാകരന്‍, എ. പ്രദീപ്കുമാര്‍, കെ. സുരേഷ്‌കുറുപ്പ് എന്നിവര്‍ക്ക് ഒരവസരം കൂടി ലഭിച്ചേക്കും. പ്രദീപിന്റെ കാര്യത്തില്‍ തീരുമാനം ആയെങ്കിലും സുരേഷ് കുറുപ്പ് അടക്കമുള്ളവരുടെ കാര്യത്തില്‍ ആരെയൊക്കെ സ്ഥാനാര്‍ഥികളാക്കണമെന്ന ശിപാര്‍ശ തയാറാക്കാന്‍ ഇന്ന് ആരംഭിക്കുന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുക്കും. ജില്ലാ കമ്മിറ്റികളുടെ ശിപാര്‍ശ പരിഗണിച്ച് സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

സി.പി.ഐ. മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ എക്‌സിക്യൂട്ടിവിനോട് സംസ്ഥാന എക്‌സിക്യുട്ടീവ് നിര്‍ദേശിക്കും. ഈ പട്ടിക പരിഗണിച്ച് സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന കര്‍ശന നിലപാട് സി.പി.ഐ. എടുത്തിട്ടുള്ളതിനാല്‍ നിലവിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടാനിടയില്ല.

ഉടന്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്, ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ച് ഭരണത്തുടര്‍ച്ചയ്ക്കായുള്ള പ്രചാരണത്തിന് താമസിക്കേണ്ടെന്നാണ് എല്‍.ഡി.എഫിന്റെ തീരുമാനം. അതിനാല്‍ ബുധനാഴ്ചക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി 10ന് മുന്‍പ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചേക്കും.

* യു.ഡി.എഫ്.
യു.ഡി.എഫില്‍ മുസ്ലിം ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് 94 സീറ്റിലും മുസ്ലിം ലീഗ് 27 സീറ്റിലും മത്സരിക്കാനാണ് ധാരണ. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് ലീഗിന് പുതുതായി നല്‍കുന്നത്. പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും തമ്മില്‍ വച്ച് മാറിയേക്കും.

അന്തിമ തീരുമാനം നാളെയുണ്ടാകും. 15 സീറ്റ് ചോദിച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 9-10 സീറ്റുകളേ ലഭിക്കാനിടയുള്ളൂ. കോവിഡ് ചികിത്സയില്‍ കഴിയുന്ന പി.ജെ. ജോസഫിനെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. ആര്‍.എസ്.പിക്ക് അഞ്ച് സീറ്റുകള്‍ നല്‍കും. ജേക്കബ് ഗ്രൂപ്പിനും സി.എം.പിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ജനതാദള്‍ ജോണ്‍ വിഭാഗത്തിനും ഓരോ സീറ്റുകള്‍ നല്‍കും. മാണി സി. കാപ്പനു പാലാ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

* എന്‍.ഡി.എ.

എന്‍.ഡി.എയില്‍ ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്ന 40 എ ക്ലാസ് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ളവരുടെ പട്ടിക തയാറായിക്കഴിഞ്ഞു. ആര്‍.എസ്.എസിന്റെ കൂടി അഭിപ്രായം കണക്കിലെടുത്തേ അന്തിമ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും.

തുഷാര്‍ വെള്ളാപ്പള്ളിയടക്കമുള്ളവര്‍ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നില്‍ അദ്ദേഹം മത്സരത്തിനുണ്ടാകുമെന്നാണ് സൂചന. ബി.ഡി.ജെ.എസും ഉടന്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha