തപാല്‍ വോട്ട്: കണ്ണൂരില്‍ ഇതുവരെ അപേക്ഷനല്‍കിയത് 24621 പേര്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

തപാല്‍ വോട്ട്: കണ്ണൂരില്‍ ഇതുവരെ അപേക്ഷനല്‍കിയത് 24621 പേര്‍

കണ്ണൂര്‍: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിനായി ജില്ലയില്‍ ഇതിനകം അപേക്ഷ നല്‍കിയത് 24621 പേര്‍. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍/ ക്വാറന്റൈനിലുള്ളവര്‍ എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. 28834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46818 വോട്ടര്‍മാരുമടക്കം തപാല്‍ വോട്ടിന് അര്‍ഹരായ 75652 പേരാണ് ജില്ലയിലുള്ളത്.

കൊവിഡ് ബാധിതരും ക്വാറന്റൈനിലുമുള്ളവരുമുള്‍പ്പെടെയുള്ള 51348 പേര്‍ക്ക് തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ (12 ഡി ഫോറം) പോളിംഗ് ഉദ്യോഗസ്ഥര്‍ ഇതിനോടകം എത്തിച്ചുഇതില്‍ 24621 പേരാണ് തപാല്‍ വോട്ടിനായി താല്‍പര്യം പ്രകടിപ്പിച്ച്‌ പൂരിപ്പിച്ച അപേക്ഷ തിരികെ നല്‍കിയത്. പയ്യന്നൂര്‍ (942), കല്ല്യാശ്ശേരി (2418), തളിപ്പറമ്ബ് (2586), ഇരിക്കൂര്‍ (5560), അഴീക്കോട് (169), കണ്ണൂര്‍ (2560), ധര്‍മ്മടം (1421), തലശ്ശേരി (1680), കൂത്തുപറമ്ബ് (3186), മട്ടന്നൂര്‍ (3640), പേരാവൂര്‍ (459) എന്നിങ്ങനെയാണ് തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്. മട്ടന്നൂര്‍ മണഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളത്. കുറവ് പേരാവൂര്‍ മണ്ഡലത്തിലുമാണ്.

സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന ടീമാണ് തപാല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് എത്തിച്ച്‌ നല്‍കുക. ഇവര്‍ വോട്ടര്‍മാരുടെ താമസസ്ഥലങ്ങളില്‍ എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും. രഹസ്യമായി വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറാവുന്നതാണ്. വോട്ട് ചെയ്ത ശേഷം തപാല്‍ ബാലറ്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന്‍ വഴി എത്തിക്കുകയും ചെയ്യാം. കാഴ്ച വൈകല്യമോ മറ്റു ആരോഗ്യപ്രശ്നങ്ങളോ കാരണം ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്.

80 വയസ്സിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരില്‍ വോട്ടര്‍ പട്ടികയില്‍ ഫ്‌ളാഗ് ചെയ്യപ്പെട്ടവര്‍ക്കാണ് തപാല്‍ വോട്ടിന് അര്‍ഹതയുള്ളത്. ആരോഗ്യവകുപ്പ് നല്‍കുന്ന പട്ടികയിലുള്ള കൊവിഡ് രോഗികളും ക്വാറന്റൈനിലുള്ളവരും തപാല്‍ വോട്ടിന് അര്‍ഹരാണ്.

ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്‌എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍- ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇത്തവണ തപാല്‍ വോട്ട് സൗകര്യം ലഭ്യമാണ്. തപാല്‍ വോട്ടിനായി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി അപേക്ഷാഫോറം വരണാധികാരിക്ക് ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 17 ആണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog