ഇന്ന് മാര്‍ച്ച്‌ 22. പാവങ്ങളുടെ പടത്തലവന്‍ എകെജി ഓര്‍മയായിട്ട് 44 വര്‍ഷം, സമരങ്ങളുടെ നേതാവിന്റെ വിയോഗം നഷ്ടമാക്കിയത് വലിയ വിടവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : പാവങ്ങളുടെ പടത്തലവനായിരുന്ന എ.കെ.ഗോപാലന്‍ ഓര്‍മയായിട്ട് 44 വര്‍ഷം. ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എകെജി. സമരം തന്നെ ജീവിതമാക്കി മാറ്റി അദ്ദേഹം.

കണ്ണൂരിലെ പെരളശ്ശേരിയില്‍ മധ്യവര്‍ഗ്ഗകുടുംബത്തിലായിരുന്നു ആയില്യത്ത് കുറ്റ്യേരി ഗോപാലനെന്ന എ.കെ.ജിയുടെ ജനനം.

കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് ആയില്യത്ത് കുട്ട്യാരി ഗോപാലന്‍ എന്ന എ.കെ.ഗോപാലന്റെ ഏറ്റവും വലിയ സംഭാവന.

തൊഴിലാളി സമരങ്ങള്‍ക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയുമായിരുന്നു എകെജിസ്വതന്ത്ര ഇന്ത്യയിലെ ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവായിരുന്നു എ.കെ.ജി.

ഗുരുവായൂര്‍ സത്യാഗ്രഹം കൂടാതെ പാലിയം സമരവും കണ്ണൂരിലെ കണ്ടോത്ത് ദളിതര്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരവും എ.കെ.ഗോപാലന്റെ സമര ജീവിതത്തിലെ തിളക്കമേറിയ ഏടുകളാണ്. ഇന്ത്യയിലാകമാനം കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ എകെജി ഭഗീരഥപ്രയത്നം നടത്തി.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായ എ.കെ.ജി നിയമലംഘന സമരം അടക്കമുള്ളവയുടെ മുന്‍നിരയിലുണ്ടായിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവടുമാറ്റി.

ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂര്‍ കോട്ടണ്‍മില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, അമരാവതിയിലെ സമരം, കൊട്ടിയൂരിലേയും കീരിത്തോട്ടത്തിലേയും കുടിയിറക്കലിനെതിരെ നടന്ന സമരം തുടങ്ങി എവിടെയും ചൂഷിതര്‍ക്കൊപ്പം എകെജിയുണ്ടായിരുന്നു.

1936ല്‍ ദാരിദ്രത്തിനും കഷ്ടപ്പാടിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ മലബാര്‍ മുതല്‍ മദിരാശി വരെ സംഘടിപ്പിക്കപ്പെട്ട പട്ടിണി ജാഥ ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യം സ്വാതന്ത്ര്യം നേടുമ്ബോള്‍ ജയിലിലായിരുന്ന എകെജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി.

തുടര്‍ച്ചയായി അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എകെജി 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിനൊപ്പമായിരുന്നു.

അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തതിന്റെ പേരില്‍ ചൈന ചാരനെന്ന് ആരോപിച്ച്‌ എ.കെ.ജിയെ ജയിലിലടച്ചു. ഇന്ത്യയില്‍ കരുതല്‍ തടങ്കലിലായ ആദ്യ രാഷ്ട്രീയ നേതാവാണ് എ.കെ.ജി. രാജ്യത്തിന് തന്നെ മാതൃകയായ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അമരക്കാരനായതും എ.കെ.ജി തന്നെ.

1940ല്‍ ആരംഭിച്ച ഇന്ത്യന്‍കോഫി ഹൗസ് തൊഴിലാളി വര്‍ഗത്തിന് എകെജിയുടെ വിലമതിക്കാനാവാത്ത സംഭാവനയാണ്.

സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവര്‍ഗത്തിന് സമര്‍പ്പിക്കുകയും ചെയ്ത എ.കെ.ഗോപാലന്‍ 1977 മാര്‍ച്ച്‌ 22ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുചേര്‍ക്കപ്പെട്ടവര്‍ക്കും നികത്താനാവാത്ത നഷ്ടമായി.

ഓര്‍മ്മകളുറങ്ങുന്ന എ.കെ.ജിയുടെ തറവാട് പൊളിച്ചുമാറ്റാനുള്ള നീക്കം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. സംരക്ഷിതസ്മാരകമാക്കേണ്ടിയിരുന്ന വീട് നിലനിര്‍ത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha