പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാന്‍ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടര്‍മാര്‍ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍; ഇതുവരെയുള്ള കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടര്‍മാരെ; വ്യാജ വോട്ടര്‍മാരുടെ പേരുകള്‍ തല്‍ക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാന്‍ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടര്‍മാര്‍ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍; ഇതുവരെയുള്ള കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടര്‍മാരെ; വ്യാജ വോട്ടര്‍മാരുടെ പേരുകള്‍ തല്‍ക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നത് കാലങ്ങളായി നടന്നുവരുന്നതാണ്. മലബാറില്‍ ലീഗിന്റെ പൊന്നാപുരം കോട്ടകളിലും ഈ പതിവുണ്ട്. ഇങ്ങനെ ജനവിധിയെ അട്ടിമറിക്കുന്നതില്‍ കള്ളവോട്ടുകള്‍ക്ക് വലിയ സ്ഥാനം തന്നെയുണ്ട്. എന്നാല്‍, ഇക്കുറി ആ നീക്കം ചെരുക്കാന്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം. അദ്ദേഹം മുന്‍കൈയെടുത്ത് രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളും പുറത്തുവിട്ടു.ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടര്‍മാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി. ബാക്കി മണ്ഡലങ്ങളില്‍ ക്രമക്കേടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ അന്വേഷണത്തിലാണ്.

ഓരോ മണ്ഡലത്തിലെയും ജനവിധി അട്ടിമറിക്കാന്‍ സാധിക്കുംവിധമാണ് വ്യാജ വോട്ടര്‍മാരുടെ എണ്ണമെന്ന് രമേശ് പറഞ്ഞു. യഥാര്‍ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച്‌ ഒന്നിലധികം വ്യാജ വോട്ടുകള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. വ്യാജ വോട്ടിന്റെ വിവരം യഥാര്‍ഥ വോട്ടര്‍മാര്‍ അറിഞ്ഞിരിക്കാനിടയില്ല അദ്ദേഹം പറഞ്ഞു.

പൊന്നാനിയില്‍ 5589; കുറ്റ്യാടിയില്‍ 5478

ഇന്നലെ കൈമാറിയ 51 മണ്ഡലങ്ങളുടെ പട്ടികയില്‍ ഓരോ മണ്ഡലത്തിലുമുള്ള വ്യാജ വോട്ടര്‍മാര്‍. പൊന്നാനി: 5589, കുറ്റ്യാടി: 5478, നിലമ്ബൂര്‍: 5085, തിരുവനന്തപുരം: 4871, വടക്കാഞ്ചേരി: 4862, നാദാപുരം: 4830, തൃപ്പൂണിത്തുറ: 4310, വണ്ടൂര്‍: 4104, വട്ടിയൂര്‍ക്കാവ്: 4029, ഒല്ലൂര്‍: 3940, ബേപ്പൂര്‍: 3858, തൃക്കാക്കര: 3835, പേരാമ്ബ്ര: 3834, പാലക്കാട്: 3750, നാട്ടിക: 3743, ബാലുശ്ശേരി: 3708, നേമം: 3692, കുന്നമംഗലം: 3661, കായംകുളം: 3504, ആലുവ: 3258, മണലൂര്‍: 3212, അങ്കമാലി: 3161, തൃത്താല: 3005, കോവളം: 2995, എലത്തൂര്‍: 2942, മലമ്ബുഴ: 2909, മുവാറ്റുപുഴ: 2825, ഗുരുവായൂര്‍: 2825, കാട്ടാക്കട: 2806, തൃശൂര്‍: 2725, പാറശാല: 2710, പുതുക്കാട്: 2678, കോഴിക്കോട് നോര്‍ത്ത്: 2655, അരുവിക്കര: 2632, അരൂര്‍: 2573, കൊച്ചി: 2531, കൈപ്പമംഗലം: 2509, കുട്ടനാട്: 2485, കളമശ്ശേരി: 2375, ചിറ്റൂര്‍: 2368, ഇരിങ്ങാലക്കുട: 2354, ഒറ്റപ്പാലം: 2294, കോഴിക്കോട് സൗത്ത്: 2291, എറണാകുളം : 2238, മണ്ണാര്‍ക്കാട്: 2218, ആലപ്പുഴ: 2214, നെടുമങ്ങാട്: 2208, ചെങ്ങന്നൂര്‍: 2202, കുന്നത്തുനാട്: 2131, പറവൂര്‍: 2054, വര്‍ക്കല: 2005.

വ്യാജവോട്ട് പട്ടികയുണ്ടാക്കും; വോട്ട് ചെയ്യാന്‍ അനുവദിക്കില്ല: കമ്മീഷന്‍

വോട്ടര്‍ പട്ടികയിലെ വ്യാജ വോട്ടര്‍മാരുടെ പേരുകള്‍ തല്‍ക്കാലം നീക്കേണ്ടതില്ലെന്നും പകരം ഒന്നിലേറെ വോട്ടുള്ളവരെ ഒരു വോട്ടു മാത്രം ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇരട്ടിപ്പ് ചൂണ്ടിക്കാട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കും.

ഇങ്ങനെ ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി അറിയാന്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ നിയോഗിക്കും. ഇവര്‍ വീടുകളിലെത്തി ഏതു ബൂത്തിലാണ് വോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും എങ്ങനെയാണ് ഇരട്ടിപ്പ് സംഭവിച്ചതെന്നും അന്വേഷിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന ബൂത്തില്‍ വോട്ട് ചെയ്യാം. ബാക്കിയെല്ലാം വ്യാജ വോട്ടുകളായി രേഖപ്പെടുത്തുകയും ഈ പട്ടിക പോളിങ് ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയും ചെയ്യും. ഈ പട്ടികയിലെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ അനുവദിക്കില്ല.

കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മിക്കയിടത്തും വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.

വ്യാജന്മാര്‍ നുഴഞ്ഞു കയറാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍പട്ടികയില്‍ വ്യാപകമായി 'വ്യാജന്മാര്‍' കടന്നുകൂടാന്‍ മുഖ്യകാരണം കണ്ണടച്ച്‌ ആളെ ചേര്‍ക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദ്ദേശം. മുന്‍പ് വോട്ടു ചേര്‍ക്കാനോ സ്ഥലംമാറ്റത്തിനോ അപേക്ഷ ലഭിച്ചാല്‍ ബൂത്ത് ലവല്‍ ഓഫിസര്‍ (ബിഎല്‍ഒ) അപേക്ഷകരുടെ വീട്ടില്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ വീട്ടിലെത്തിയുള്ള പരിശോധനയ്ക്ക് ഇളവു നല്‍കി. ഇതാണ് വ്യാജ വോട്ടുകള്‍ കൂടാന്‍ ഇടയാക്കിയത്.

ഒരാള്‍ പലവട്ടം അപേക്ഷിച്ചാല്‍ കണ്ടെത്തുക ഇതോടെ ബിഎല്‍ഒമാര്‍ക്കു ദുഷ്‌കരമായി. കിട്ടിയ അപേക്ഷകള്‍ക്കെല്ലാം കണ്ണടച്ച്‌ അംഗീകാരം നല്‍കിയതോടെ വോട്ടര്‍മാരുടെ പേരുകള്‍ രണ്ടും അതിലേറെയും തവണ പട്ടികയില്‍ കടന്നുകൂടി. ഇതിനു പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ ബോധപൂര്‍വമായ നീക്കമുണ്ടോ എന്നാണ് ഇനി കണ്ടെത്തേണ്ടത്.

പുതുതായി പേരു ചേര്‍ത്തവരുടെയും സ്ഥലംമാറിയവരുടെയും വീട്ടില്‍ ബിഎല്‍ഒമാര്‍ നേരിട്ടു വോട്ടര്‍ ഐഡി കാര്‍ഡ് എത്തിച്ചപ്പോഴെങ്കിലും ഈ ഇരട്ടിപ്പു കണ്ടെത്തേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. അതുകൊണ്ടാണ് കള്ളവോട്ടു ലക്ഷ്യമിട്ടാകാം വ്യാജവോട്ട് ചേര്‍ക്കല്‍ എന്ന സംശയം ബലപ്പെടുന്നത്.കഴിഞ്ഞ ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയാണു സംസ്ഥാനത്തു നിലവിലുള്ളത്.

ആകെ 2,67,31,509 വോട്ടര്‍മാരാണു പട്ടികയിലുള്ളത്. കരടുപട്ടികയിലെ 2,63,08,087 വോട്ടര്‍മാരില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്രയേറെ ആളുകള്‍ വോട്ടര്‍പട്ടികയില്‍ പുതുതായി ഉള്‍പ്പെടുന്നതു ചരിത്രത്തിലാദ്യമാണ്. ഇരട്ടിച്ചവരെ കണ്ടെത്താന്‍ കമ്മിഷന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഫലപ്രദമല്ലെന്ന് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയ ഇരട്ടിപ്പിന്റെ പട്ടിക ഡിസംബറില്‍ കലക്ടര്‍മാര്‍ക്കു കൈമാറിയിരുന്നു. ഇതു പരിശോധിച്ചപ്പോള്‍ ശരിക്കുള്ള ഇരട്ടിപ്പല്ല സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതെന്നു മനസ്സിലായി.

തപാല്‍വോട്ട് അപേക്ഷയേറെ കണ്ണൂരില്‍

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടക്കുന്നെന്ന് ആക്ഷേപമുള്ള കണ്ണൂര്‍ ജില്ലയില്‍ തപാല്‍വോട്ടിന് 42,214 അപേക്ഷകര്‍. ഏറ്റവും കൂടുതല്‍ തപാല്‍വോട്ട് അപേക്ഷ ലഭിച്ചതും കണ്ണൂരില്‍നിന്നു തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പുറത്തുവിട്ട കണക്കു വ്യക്തമാക്കുന്നു. ബുധനാഴ്ചയായിരുന്നു തപാല്‍വോട്ടിന് അപേക്ഷിക്കേണ്ട അവസാന ദിവസം. സംസ്ഥാനത്ത് തപാല്‍വോട്ടിന് അപേക്ഷിച്ചത് 4.02 ലക്ഷം പേരാണ്. 9.49 ലക്ഷം പേരാണു തപാല്‍വോട്ടിന് അപേക്ഷിക്കാന്‍ അര്‍ഹര്‍. 8.87 അപേക്ഷാഫോമുകള്‍ വിതരണം ചെയ്തു.

തപാല്‍വോട്ടിന്റെ പേരില്‍ വ്യാപകമായി കള്ളവോട്ട് നടക്കാന്‍ ഇടയുണ്ടെന്നും ഇതു തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തപാല്‍വോട്ട് ചെയ്യുമ്ബോള്‍ ക്യാമറ നിരീക്ഷണവും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും കമ്മിഷന്‍ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ചില രാഷ്ട്രീയകക്ഷികള്‍ക്കു വലിയ സ്വാധീനമുള്ള മേഖലകളില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിക്കു വഴങ്ങി കള്ളവോട്ടിനു കൂട്ടുനില്‍ക്കുമോ എന്ന ആശങ്കയുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog