പേവിഷബാധയേറ്റ രണ്ട് പശുക്കളെ മരുന്ന് കുത്തിവെച്ച് കൊന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 3 January 2021

പേവിഷബാധയേറ്റ രണ്ട് പശുക്കളെ മരുന്ന് കുത്തിവെച്ച് കൊന്നു


എടക്കാനത്ത് പേവിഷബാധയേറ്റ പശുക്കളെ മരുന്ന് കുത്തിവെച്ച് കൊന്നശേഷം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് സംസ്കരിക്കുന്നു
ഇരിട്ടി: എടക്കാനത്ത് രണ്ട് പശുക്കൾക്ക് പേവിഷബാധയേറ്റതോടെ പ്രദേശത്തെ ക്ഷീരകർഷകർ ആശങ്കയിലായി. ഒരാഴ്ചയ്ക്കിടെ രണ്ട് പശുക്കൾക്ക് പേ ലക്ഷണം കണ്ടതോടെ ഇവയെ മരുന്ന്കുത്തിവെച്ച് കൊന്നു. എടക്കാനം കണങ്ങോട് പടിക്കേക്കുഴിയിൽ സുരേന്ദ്രൻ, എടക്കാനം സ്കൂളിനുസമീപം കണ്ടത്തിൽ ഹൗസിൽ ടി.സുരേന്ദ്രൻ എന്നിവരുടെ പശുക്കളെയാണ് പേ ലക്ഷണം കണ്ടതിനെ തുടർന്ന് രണ്ട് ദിവസം നിരീക്ഷിച്ചശേഷം മൃഗഡോക്ടർമാരുടെ നേതൃത്വത്തിൽ മരുന്ന് കുത്തിവെച്ച് കൊന്നത്.


പശുക്കളെ തീറ്റിക്കാനായി കൊണ്ടുപോയ സ്ഥലത്തുവെച്ചോ തൊഴുത്തിൽ കെട്ടിയസമയത്തോ പേയിളകിയ തെരുവ്‌ പട്ടിയോ കുറുക്കനോ കടിച്ചതാവാനാണ്‌ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. പേയിളകിയ ലക്ഷണം കണ്ടതിനെ തുടർന്ന് പശുക്കളെ മറ്റ് പശുക്കളിൽനിന്ന് മാറ്റി അകലെ സുരക്ഷിതസ്ഥലത്ത് രണ്ട് ദിവസം നിരീക്ഷണത്തിലാക്കി. രക്ഷപ്പെടുത്താനാകാത്ത വിധം പേയിളികിയതായി കണ്ടെത്തിയതിനെ തുടർന്നാണ് വെറ്ററിനറി സർജൻ ഡോ. ഷിബുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മരുന്ന് കുത്തിവെച്ച് പശുക്കളെ കൊന്നത്. പശുക്കളുടെ ജഡം പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്ത് സംസ്‌ക്കരിച്ചു.

പ്രദേശത്തെ മറ്റ് പശുക്കൾക്കും ക്ഷീരകർഷകർക്കും കുടുംബാംഗങ്ങൾക്കും പ്രതിരോധ മരുന്ന് കുത്തിവെച്ചു. പ്രദേശത്തെ ക്ഷീരകർഷകർ ആശങ്കയിലായതോടെ ആരോഗ്യ വകുപ്പിന്റെയും മ്യഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് ബോധവത്‌ക്കരണ ക്ലാസുകളും പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നിർദേശങ്ങളും നൽകി.

പെരുകിവരുന്ന തെരുവുനായ ശല്യം പരിഹരിക്കാനാവശ്യമായ നടപടി നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മേഖലയിൽ നിരവധിപേരാണ് ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ലിറ്റർ പാലുകളാണ് സൊസൈറ്റികളിൽ അളക്കുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog