കൊടുവള്ളി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ഇന്ന് തുടക്കം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

കൊടുവള്ളി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ഇന്ന് തുടക്കം


തലശ്ശേരി: കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവൃത്തി ഇന്ന് (ശനിയാഴ്ച) തുടങ്ങും. ഇവിടെ 230-ാം നമ്പർ ലെവൽ ക്രോസിന് പകരമായി മേൽപ്പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നടപ്പാകുന്നത്. ശനിയാഴ്ച 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, ഡോ. ടി.എം.തോമസ്‌ ഐസക് എന്നിവർ പങ്കെടുക്കും. കെ.മുരളീധരൻ എം.പി. വിശിഷ്ടാതിഥിയാവും. എ.എൻ.ഷംസീർ എം.എൽ.എ. ശിലാഫലകം അനാവരണംചെയ്യും. തലശ്ശേരി സിറ്റി സെന്ററിൽ ഉദ്ഘാടനച്ചടങ്ങ് നടക്കും. സംസ്ഥാനസർക്കാർ 281.65 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് പത്ത് മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്. അതിൽ ഒന്നാണ് കൊടുവള്ളി റെയിൽവേ മേൽപ്പാലം.

മേൽപ്പാലം വരുന്നതോടെ അഞ്ചരക്കണ്ടി-മമ്പറം റൂട്ടിലും ദേശീയപാതയിലുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകും. മമ്പറം ഭാഗത്ത്  നിന്നും തലശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഗേറ്റ് അടക്കുമോ എന്ന ഭയത്തിലാണ് ഇവിടെ എത്തുന്നത്. ഗേറ്റ് അടച്ചാൽ സ്വകാര്യ ബസ്സുകൾ മത്സരിച്ചോടുകയാണ്. ഗേറ്റ് അടക്കുമ്പോഴും പലപ്പോഴും വാഹനങ്ങൾ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നത് അപകടസാധ്യതയുണ്ടാക്കാറുണ്ട്. ഇതിനൊക്കെ പരിഹാരമാകും പുതിയ മേൽപ്പാലം.

.60 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായാണ് മേൽപ്പാലം നിർമ്മിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണം. 4 വർഷം മുൻപാണ് പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചത്. 2016 സെപ്‌റ്റംബർ 27-ന് നിർമ്മാണം കിഫ്ബിയിലുൾപ്പെടുത്തി ഭരണാനുമതി ലഭിച്ചു. സാങ്കേതിക പഠനത്തിന് ശേഷം സമർപ്പിച്ച പദ്ധതിരേഖ കിഫ്ബി അംഗീകരിക്കുകയും തുക അനുവദിക്കുകയും ചെയ്തു. അതിന് ശേഷം റെയിൽവേയുടെ അനുമതി തേടി. കളക്ടർ മുഖേന ഭൂമി നിയമപരമായി ഏറ്റെടുത്തു. പദ്ധതിക്ക്‌ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുപ്പിലുണ്ടായ തടസ്സം മൂലം പദ്ധതി തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. കൊടുവള്ളി പഴയ വടക്കുമ്പാട് ബാങ്ക് ശാഖാ കെട്ടിട പരിസരത്ത്  നിന്ന് തുടങ്ങി റെയിൽവേ സിഗ്നൽ ലൈറ്റ് വരെയാണ് പാലം നിർമ്മിക്കുന്നത്.

സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രെക്ചറായാണ് നിർമ്മിക്കുക. പൈൽ, പൈൽക്യാപ് എന്നിവ കോൺക്രീറ്റിലും, പിയർ, പിയർക്യാപ്, ഗർഡർ എന്നിവ സ്റ്റീലിലും, ഡെക് സ്ലാബ് കോൺക്രീറ്റുറ്റിലുമാണ് നിർമ്മിക്കുന്നത്. സംസ്ഥാത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത് . കോൺക്രീറ്റ് മേൽപ്പാലത്തിന് 24 മാസത്തെ സമയം വേണം.  സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ടെക്ച്ചർ നിർമ്മാണത്തിന് ഡിസൈൻ തയ്യാറാക്കുന്നതിന് ഉൾപ്പെടെ 12 മാസം മതി. സ്‌ട്രെക്ച്ചർ ഡിസൈൻ ഐ.ഐ.ടി. പരിശോധനയ്ക്ക്‌ ശേഷം നിർമ്മാണം തുടങ്ങും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog