പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം മന്ത്രി നാടിനു സമർപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 17 January 2021

പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം മന്ത്രി നാടിനു സമർപ്പിച്ചുപയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം പയ്യന്നൂരിൻ്റെ അനിവാര്യതയാണെന്ന്  മന്ത്രി  പറഞ്ഞു.

പയ്യന്നൂരിൻ്റെ ദേശീയ ബോധത്തിന് മുഖവുര ആവശ്യമില്ല. ഗാന്ധിജിയുമായി ബന്ധപ്പെട്ട് പയ്യന്നൂരിൻ്റെ പ്രാധാന്യം ഏറെയാണ്.  ലോകം ഗാന്ധിയിലേക്ക് തിരിച്ച് വരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സന്ദേശങ്ങളുടെ പ്രാധാന്യം ഏറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചരിത്ര മൂസിയങ്ങളെക്കുറിച്ച് നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു കൊണ്ടാണ് പുരാവസ്തു പുരാരേഖ വകുപ്പിൻ്റെ നേതൃത്വത്തിൽ പുതിയ മ്യൂസിയങ്ങൾ സജ്ജീകരിക്കുന്നത്. ചരിത്ര കഥ പറയുന്ന ഇത്തരം തീമാറ്റിക് മ്യൂസിയങ്ങൾ  എല്ലാ തലമുറയിൽ പെട്ടവർക്കും  മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ  രണ്ടാമത്തെയും സര്‍ക്കാര്‍ മ്യൂസിയമാണ് പയ്യന്നൂരിലെ ഗാന്ധി സ്മൃതി മ്യൂസിയം.
1910ല്‍ ഇന്തോ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഗാന്ധി മ്യൂസിയമാക്കി  മാറ്റുന്നതിന്  2.44 കോടി രൂപയാണ് അനുവദിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ പദ്ധതി ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച്  ഒരു വര്‍ഷം കൊണ്ടാണ് മ്യൂസിയം ഒരുക്കിയത്. പയ്യന്നൂരിലെ പഴയ തലമുറയില്‍പ്പെട്ട ആളുകളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള  ജനകീയകൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചരിത്രപ്രാധാന്യമുള്ള രേഖകളും പുരാവസ്തുക്കളും  ശേഖരിക്കുകയും  ചെയ്തു. സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് മ്യൂസിയം സജ്ജീകരിച്ചത്.

നേരത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പൊലീസ് സ്റ്റേഷനിലെ വിവിധ സെല്ലുകളിലായി ഗാന്ധിജി കേരളത്തില്‍ എത്തിയതിന്റെ നാള്‍വഴികള്‍, പയ്യന്നൂരിലെ ഉപ്പു സത്യാഗ്രഹം, ക്വിറ്റ്ഇന്ത്യ സമരം, പട്ടിണി ജാഥ, അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍, ഗാന്ധിജിയുടെ പയ്യന്നൂര്‍ സന്ദര്‍ശനം തുടങ്ങിയവയുടെ സചിത്ര വിവരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗാന്ധി പ്രതിമകള്‍, ഗാന്ധിജി ഉപയോഗിച്ച വസ്തുക്കളുടെ മാതൃകകള്‍, ഗാന്ധിജിയുടെ അപൂര്‍വ ഫോട്ടോകള്‍, രേഖാചിത്രങ്ങള്‍, ഗാന്ധിജിയെക്കുറിച്ചുള്ള പ്രമുഖരുടെ വാക്കുകള്‍ തുടങ്ങിയവയും ഇവിടെ വേറിട്ട രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്‍ ഇ ഡി പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സ്റ്റുഡിയോ സംവിധാനങ്ങളും മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്. മലബാറിലെ കര്‍ഷക പോരാട്ടങ്ങളായ കരിവെള്ളൂര്‍, മുനയന്‍കുന്ന്, കോറോം, സമരങ്ങളുടെ സമ്പൂര്‍ണ്ണ വിവരണങ്ങള്‍, പുരാവസ്തുക്കൾ  ഉള്‍പ്പടെയുള്ളവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും  ഈ മ്യൂസിയം  മുതല്‍ക്കൂട്ടാവും.  പതിവു രീതികളില്‍ നിന്നും മാറി, സന്ദര്‍ശകരുമായി സംവദിക്കുന്ന, കഥ പറയുന്ന മ്യൂസിയമാണ് പയ്യന്നൂരില്‍  ഒരുക്കിയിട്ടുള്ളത്. ഗാന്ധിജി സന്ദര്‍ശിച്ച ശ്രീനാരായണ വിദ്യാലയം, ഖാദി കേന്ദ്രം, ഉളിയത്ത് കടവ്, അന്നൂര്‍ കസ്തൂര്‍ബാ മന്ദിരം തുടങ്ങിയവ ഉള്‍പ്പെടുത്തി രണ്ടാം ഘട്ടത്തിൽ ഗാന്ധി സൈറ്റ് മ്യൂസിയവും ഒരുക്കും.

സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മ്യൂസിയം ബ്രോഷർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സി കൃഷ്ണൻ എം എൽ എക്ക് നൽകി പ്രകാശനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. പയ്യന്നൂർ നഗരസഭാധ്യക്ഷ  കെ വി ലളിത, ഉപാധ്യക്ഷൻ പി വി കുഞ്ഞപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി വി വത്സല, സ്വാതന്ത്ര്യസമരസേനാനി വി പി അപ്പുക്കുട്ടപൊതുവാള്‍,  പയ്യന്നൂര്‍ കുഞ്ഞിരാമന്‍,  കേരളം  ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് കെ പി സധു, നഗരസഭ കൗൺസിലർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog