ജനകീയമാണ് ഈ ജനകീയ ഹോട്ടല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo‘ഉച്ചയോടെ നല്ല തിരക്കാകും. ഒരു ദിവസം അഞ്ഞൂറിലധികം ഊണൊക്കെ ചെലവാകുന്നുണ്ട്. നാക്കിലയിലേക്ക് ചൂട് ചോറ് വിളമ്പുന്നതിനിടെ എം പി നീമ പറഞ്ഞു. തോരനും അച്ചാറും പച്ചക്കറിയും മീന്‍ കറിയുമുള്‍പ്പെടെയുള്ള ഊണാണ് ഇരുപത് രൂപയ്ക്ക് നല്‍കുന്നത്. ഇത് തുടങ്ങിയതില്‍ പിന്നെ പലരുടെയും ഉച്ചഭക്ഷണം ഇവിടെയായി’. തിരക്കിനിടയില്‍ നീമ പറഞ്ഞു നിര്‍ത്തി. തലശ്ശേരി പുതിയ സ്റ്റാന്റില്‍ കല്‍പ്പക ആര്‍ക്കേഡില്‍ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ സെക്രട്ടറിയാണ് എം പി നീമ.  സാധാരണക്കാരന് താങ്ങാനാവുന്ന നിലയില്‍ ഉച്ചഭക്ഷണം ലഭിച്ചു തുടങ്ങിയതോടെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാകുമ്പോഴേക്കും ജനകീയ ഹോട്ടലില്‍ തിരക്ക് തുടങ്ങും. ഇത് ഇവിടുത്തെ മാത്രം കഥയല്ല. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ സാധാരണക്കാരായ മനുഷ്യരുടെ അന്നദാതാവായി മാറിത്തുടങ്ങിയിരിക്കുന്നു. അതില്‍ ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍. ചോറിന് പുറമെ  സ്‌പെഷ്യലായി മീന്‍ പൊരിച്ചതും ഓംലറ്റും  ഇവിടെ ലഭിക്കും. 40 രൂപയ്ക്ക് അയല പൊരിച്ചതുമുണ്ട്. പാര്‍സല്‍ ഊണിന്  25 രൂപയാണ്.

തുടക്കം കടത്തില്‍ നിന്ന്…
കൊവിഡിനെ തുടര്‍ന്ന് ജൂണില്‍ ആരംഭിച്ച സമൂഹ അടുക്കളകളാണ് പിന്നീട്  ജനകീയ ഹോട്ടലുകളായത്. തലശ്ശേരി ജനകീയ ഹോട്ടലിന്റെ കഥയും മറ്റൊന്നല്ല. ജില്ലയിലെ മികച്ച ജനകീയ ഹോട്ടല്‍ എന്ന നേട്ടത്തിലേക്കെത്തുമ്പോള്‍ അതിന്റെ പ്രവര്‍ത്തകരുടെ മുഖത്ത്  വലിയൊരു വിജയം നല്‍കിയ ആത്മസംതൃപ്തി കാണാം. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍മാരായിരുന്ന ആറംഗ സംഘം ലോക്ഡൗണ്‍ കാലത്ത് ഒരു സേവനമെന്ന നിലയിലാണ് സമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. പിന്നീട് ജൂലൈയില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി.  അഞ്ച് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തായിരുന്നു തുടക്കം. പാത്രങ്ങള്‍ വാങ്ങിക്കുവാന്‍ 50000 രൂപയും ഫര്‍ണിച്ചറുകള്‍ വാങ്ങിക്കുവാന്‍ 42000 രൂപയും കുടുംബശ്രീ നല്‍കി. സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്ന നാല് മുറി കെട്ടിടത്തിന്റെയും വൈദ്യുതിയുടെയും വാടക നഗരസഭ നല്‍കും. തുടക്കത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നെങ്കിലും  ഇപ്പോള്‍ അഞ്ച് പേര്‍ മാത്രമാണുള്ളത്. ജനകീയ ഹോട്ടല്‍ സെക്രട്ടറി എം പി നീമ, പ്രസിഡണ്ട് യു കെ ഷീല, വി ഷീജ, വി  രമ, പി രമാവതി എന്നിവരെ കൂടാതെ സഹായികളായി രണ്ട് ജോലിക്കാരുമുണ്ട്. ഇവരുടെ കൂലിയും മറ്റ് ചെലവുകളും കഴിഞ്ഞാല്‍ ഒരു ദിവസം അറുന്നൂറ് രൂപവരെ തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്ന് ജനകീയ ഹോട്ടലിന്റെ  പ്രവര്‍ത്തകര്‍ പറയുന്നു.
‘രാവിലെ ആറ്  മണിക്ക്  തന്നെ ഉച്ചയൂണിനുള്ള പണികള്‍ ആരംഭിക്കും. പിന്നെ അഞ്ച് മണിയാകും മറ്റെന്തിനെക്കുറിച്ചെങ്കിലും ആലോചിക്കാന്‍ സമയം ലഭിക്കണമെങ്കില്‍’. പൊതിച്ചോറുകള്‍ ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കുന്നതിനിടയില്‍ പ്രസിഡണ്ട് യു കെ ഷീല പറഞ്ഞു. ‘ഇതുവരെ പരിചയമില്ലാത്ത മേഖലയായിരുന്നതിനാല്‍  തുടക്കത്തില്‍ നല്ല ആശങ്കയുണ്ടായിരുന്നു. പക്ഷെ, ലാഭമായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ധൈര്യം സംഭരിച്ച് ഇറങ്ങി പുറപ്പെട്ടതാണ്. ഇത്രത്തോളം വിജയിക്കുമെന്ന് കരുതിയില്ല. ആത്മാര്‍ഥമായി അധ്വാനിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്ന്  ബോധ്യമായി. ഇപ്പോള്‍ കടങ്ങളെല്ലാം വീട്ടിത്തുടങ്ങി. സ്വന്തമായി ഒരു വരുമാനവുമായി. കോര്‍പറേഷനും കുടുംബശ്രീ ജില്ലാ മിഷനും  കൃത്യമായി സഹായമെത്തിക്കുന്നുണ്ട്’ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു.
കുടുംബാംഗങ്ങളുടെ സപ്പോര്‍ട്ടാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്നാണ് ജനകീയ ഹോട്ടലിന്റെ സാരഥികളായ അഞ്ച് പേര്‍ക്കും പറയാനുള്ളത്. രാവിലെ  വീട്ടുജോലികളെല്ലാം തീര്‍ത്ത് ആറ് മണിക്ക് തന്നെ ഹോട്ടലിലെത്തും. പിന്നെ  തിരികെയെത്തുന്നത് വരെ വീട്ടുകാര്യങ്ങള്‍ നോക്കി പരാതിയും പരിഭവങ്ങളും ഒന്നുമില്ലാതെ അവര്‍ നല്‍കുന്ന പിന്തുണ തന്നെയാണ്  തങ്ങളുടെ വിജയ രഹസ്യമെന്ന് ഇവര്‍ പറഞ്ഞു.
തലശ്ശേരിയില്‍ മാത്രമല്ല, കുടുംബശ്രീയുടെ കീഴില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ മിക്ക ജനകീയ ഹോട്ടലുകളിലും ഇതുതന്നെയാണ് കാഴ്ച. വിശപ്പു രഹിത കേരളമെന്ന ദൗത്യത്തിന്  പിന്നില്‍ തുടങ്ങിയതാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 75 ഭക്ഷണശാലകളും. ഇതില്‍ 11 എണ്ണം നഗരപ്രദേശങ്ങളിലും 64 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണ്. ജില്ലയിലെ വിവിധ ജനകീയ ഹോട്ടലുകളില്‍ നിന്നും ഒരു ദിവസം 15,000 ഊണാണ് ചെലവാകുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനമാകട്ടെ  4.5 ലക്ഷത്തോളം രൂപയും. ഒരു ഊണിന്  10 രൂപയെന്ന കണക്കില്‍  കുടുംബശ്രീ പ്രത്യേക സബ്‌സിഡിയും നല്‍കുന്നുണ്ട്.  കുടുംബശ്രീ ജില്ലാ മിഷന്‍ വഴിയാണ്  ഇത് നല്‍കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ 30000 രൂപ വര്‍ക്കിംഗ് ഗ്രാന്റ് നല്‍കും. പഞ്ചായത്ത് പരിധിയിലുള്ള യൂണിറ്റുകള്‍ക്ക് ഗ്രാമ പഞ്ചായത്ത് 10000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 20000 രൂപയുമാണ് നല്‍കുന്നത്.
ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ജനകീയ ഹോട്ടലുകളുടെ മുഖമുദ്ര.  കൊവിഡിനെ തുടര്‍ന്ന് പല മേഖലകളിലുമുണ്ടായ പ്രതിസന്ധി ഇവരെ ബാധിച്ചിട്ടില്ല.  20 രൂപക്ക് ഉച്ചയൂണ്‍ ലഭിച്ച് തുടങ്ങിയതോടെ നഗരത്തിലെ ഡ്രൈവര്‍മാരും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം ജനകീയ ഹോട്ടലുകളെയാണ് ഇപ്പോള്‍ ഏറെയും ആശ്രയിക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha