തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എന്നും ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിച്ച് പോരുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. ആ ഇടതുപക്ഷ മനസ് കൈമോശം വരില്ലെന്ന കണക്ക് കൂട്ടലുമായാണ് എല്‍.ഡി.എഫ് ഇത്തവണയും അങ്കത്തിനിറങ്ങുന്നത്. എന്നാല്‍ സർക്കാരിനെതിരായ ജനവികാരം ഇടത് കോട്ടയില്‍ വിളളല്‍ വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ആകെയുളള 1166 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 756ഉം കൈപ്പിടിയിലൊതുക്കിയായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇടത് പക്ഷത്തിന്‍റെ തോരോട്ടം. മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും എട്ട് നഗരസഭകളില്‍ അഞ്ചിടത്തും ജില്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. കോര്‍പറേഷനിലാവട്ടെ അധികാരത്തോളമെത്തിയ മുന്നേറ്റവും എല്‍.ഡി.എഫ് നടത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെയും എല്‍.ജെ.ഡിയുടെയും വരവ് ഇത്തവണ എല്‍.ഡി.എഫിന്‍റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളും മുന്നണിക്കുളളിലെ കെട്ടുറപ്പും കരുത്താകുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു.
രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഇത്തവണ ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്നമാണ്. രണ്ടിടത്ത് കാര്യമായ വിമത ശല്യം അലട്ടുന്നുണ്ടെങ്കിലും പരമ്പരാഗത വോട്ടുകള്‍ ഇത്തവണ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ ലഭിച്ച 27 സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം അഞ്ചിടത്തെങ്കിലും അട്ടിമറി വിജയം നേടാനാകുമെന്ന കണക്ക് കൂട്ടലിലാണ് എല്‍.ഡി.എഫ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു