കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മൂന്നു നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിൽ ഒരു തദ്ദേശസ്ഥാപനത്തിൽ പോലും ഭരണം ലഭിക്കാതെ യു.ഡി.എഫ്. പയ്യന്നൂര്‍, മട്ടന്നൂർ, തലശ്ശേരി മണ്ഡലങ്ങളിലാണ് പഞ്ചായത്തും ബ്ലോക്കും നഗരസഭയും ഉൾപ്പെടെ ഒന്നിലും ഭരണം നേടാനാകാതെ പോയത്. ചെറുപുഴ ഇത്തവണ എൽ.ഡി.എഫ് ജയിച്ചതോടെയാണ് പയ്യന്നൂർ മണ്ഡലം അപ്പാടെ എൽ.ഡി.എഫിന്റെ കയ്യിലായത്. അതേസമയം, കടമ്പൂരിൽ ഭരണം പിടിക്കുകയും മുഴപ്പിലങ്ങാട് പഞ്ചായത്ത് ത്രിശങ്കുവിലാക്കുകയും ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കി.
കഴിഞ്ഞതവണ ഇവിടെ ഒരു തദ്ദേശസ്ഥാപനവും ലഭിച്ചിരുന്നില്ല. പേരാവൂർ മണ്ഡലത്തിലാണ് കനത്ത നഷ്ടം സംഭവിച്ചത്. ഇവിടെ എട്ടു പഞ്ചായത്തിൽ ഒരെണ്ണവും (അയ്യൻകുന്ന്) ഇരിട്ടി ബ്ലോക്കും മാത്രം കയ്യിൽ. ആറളം, കണിച്ചാർ പഞ്ചായത്തുകൾ എൽ.ഡി.എഫിലേക്കു മറിയുകയും കൊട്ടിയൂർ ത്രിശങ്കുവിലാവുകയും ചെയ്തു. ഇരിട്ടി നഗരസഭയിൽ കഴിഞ്ഞ തവണ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷമില്ലാതെ ത്രിശങ്കുവിലായി. നിയമസഭയിൽ യു.ഡി.എഫ് പ്രതിനിധീകരിക്കുന്നതാണ് ഈ മണ്ഡലം.
അതേസമയം മലയോരത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ട ഇരിക്കൂർ പഞ്ചായത്താണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. പേരാവൂർ മണ്ഡലത്തിലുണ്ടായ നഷ്ടം ഇവിടെയില്ല. ശ്രീകണ്ഠപുരം നഗരസഭയും അഞ്ച് പഞ്ചായത്തുകളും യു.ഡി.എഫിന്റെ കയ്യിൽ തന്നെ. ഇരിക്കൂർ ബ്ലോക്കിൽ തുല്യനിലയിലുമെത്തി. എന്നാൽ ഉദയഗിരി, പയ്യാവൂർ പഞ്ചായത്തുകൾ നഷ്ടമായി. നിയമസഭയിൽ യു.ഡി.എഫ് പ്രതിനിധീകരിക്കുന്ന അഴീക്കോട് മണ്ഡലത്തിൽ നാല് പഞ്ചായത്തുകൾ എൽ.ഡി.എഫിനാണെങ്കിലും വളപട്ടണം യു.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫ് ഭരിക്കുന്ന കോർപറേഷന്റെ ഒരു ഭാഗവും ഈ മണ്ഡലത്തിലാണെന്നതിനാൽ പൂർണമായി കയ്യിൽനിന്ന് വഴുതിയെന്നു പറയാനാകില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു