ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം പരിസരവാസികൾക്ക് ഭീഷണിയായി. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണയാണ് പാറയിൽ തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ വെങ്ങര കോപ്പാട്ട് റോഡിനടുത്തുള്ള ഭാഗത്താണ് ആദ്യം തീപ്പിടിത്തമുണ്ടായത്. ഇത് പിന്നീട് പച്ചക്കറി നടുന്ന തവരത്തടം ഭാഗത്തേക്കും പടരുകയായിരുന്നു.
പരിസരത്തുള്ള കുറേ യുവാക്കൾ തീയണക്കാനെത്തി. പിന്നീട് പഴയങ്ങാടി പോലീസും പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് എത്താൻ പറ്റാത്ത സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഇതിനാൽ വെള്ളമുപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടന്നില്ല. പച്ചിലമരക്കൊമ്പുകൾ വെട്ടിയെടുത്താണ് അവരും തീയണച്ചത്. മണിക്കൂറോളം നീണ്ട ശ്രമഫലമായാണ് തീ അണയ്ക്കാനായത്.
മാടായിപ്പാറ പോലുള്ള ജൈവഭൂമികയിലെ ജൈവവൈവിധ്യം തകർക്കുകയെന്ന ഗൂഢ ഉദ്ദേശ്യത്തോടെയാണ് കാലാകാലങ്ങളിൽ ഇവിടെ തീയിടുന്നതെന്നാണ് നാട്ടുകാർ പറയുന്നു. ഇതിന്റെ വരുംവരായ്കകൾ ചിന്തിക്കാതെ ഇത്തരം ആളുകൾ ചെയ്യുന്ന പ്രവൃത്തിയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് പരിസരവാസികളും പാറയിലെത്തുന്ന മറ്റുള്ളവരുമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു