ഇരിട്ടി : ഇരിട്ടി പുതിയ പാലത്തിന്റെ മൂന്നാമത്തെ സ്പാനിന്റെ വാർപ്പ് പൂർത്തിയായതോടെ അനുബന്ധജോലികൾ ദ്രുത ഗതിയിലായി. പാലത്തിന്റെ മുകളിലെ കൈവരികളുടെ പണി ഏതാണ്ട് പൂർത്തിയായി. ഇരുഭാഗത്തു നിന്നും പാലത്തിലേക്ക് കടക്കുന്ന റോഡുകളുടെ പണി നടന്നു കൊണ്ടിരിക്കയാണ്. പായം ഭാഗത്ത് ട്രാഫിക് സർക്കിൾ പണിയുന്നതിന്റെ പ്രവർത്തിയും ദ്രുത ഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു. ജനുവരി മദ്ധ്യത്തോടെ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത് .
തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായാണ് ഇരിട്ടിയിൽ പുതിയ പാലം നിർമ്മിക്കുന്നത്. രണ്ടു റീച്ചുകളായി നിർമ്മിക്കുന്ന റോഡിന്റെ രണ്ടാമത്തെ റീച്ചിൽ പെട്ട കളറോഡ് മുതൽ കൂട്ടുപുഴ വളവുപാറ വരെയുള്ള പാതയിലാണ് ഇരിട്ടി പാലം വരുന്നത്. ഇതിൽ കളറോഡ് മുതൽ കൂട്ടുപുഴ വരെയുള്ള റോഡിന്റെ പ്രവർത്തി പൂർണ്ണമായിക്കഴിഞ്ഞു. എന്നാൽ ഇതിൽ പെടുന്ന കൂട്ടുപുഴ പാലത്തിന്റെ പ്രവർത്തി മൂന്നു വർഷമായി തടസ്സപ്പെട്ടു കിടക്കുകയാണ്. കർണ്ണാടക വനം വകുപ്പിതെ തടസ്സവാദമാണ് ഈ പാലം പണി തടസ്സപ്പെടാൻ ഇടയാക്കിയത്.
കഴിഞ്ഞ മെയ് 30 ന് മുൻപ് തീരേണ്ട ഇരിട്ടി പാലത്തിന്റെ നിർമ്മാണ പ്രവർത്തി കൊറോണാ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലം നീണ്ടു പോവുകയായിരുന്നു. പാലത്തിന്റെ ഉപരിതല വാർപ്പും അനുബന്ധപ്രവർത്തികളും ഏതാണ്ടെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തിയായ പായം ഭാഗത്തെ ട്രാഫിക് സർക്കിൾ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ ദ്രുതഗതിയിൽ നടന്നു വരുന്നത്. പുതിയ പാലം വരുന്നതോടെ പഴയ സർക്കിൾ വിപുലീകരിച്ചില്ലെങ്കിൽ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉണ്ടാകാൻ ഇടയുണ്ടെന്ന കെ എസ് ടി പി വിദഗ്ധ സംഘത്തിന്റെ അനുമാനത്തെ തുടർന്നാണ് ട്രാഫിക് സർക്കിൾ പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിനായി കൂടുതൽ സ്ഥലം വേണ്ടി വരുമെന്ന കണ്ടെത്തലിലെത്തുടർന്നു പാലത്തോട് ചേർന്ന നാലു സ്വകാര്യ വ്യക്തികളിൽ നിന്നുമായി 1. 32 ഏക്കർ ഭൂമി ഏറ്റെടുക്കുകയായിരുന്നു. നൂറ് മീറ്ററിലധികം ഉയരം വരുന്ന ചെങ്കുത്തായ കുന്ന് ഇടിച്ച് തട്ടുകളാക്കി തിരിച്ചാണ് പാതയും ട്രാഫിക് സർക്കിളും നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനെത്തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഇപ്പോൾ പാലത്തിലേക്ക് പ്രവേശിക്കുന്ന മൂന്നു റോഡുകളിലും അനുഭവപ്പെടുന്നത്. പത്തു ദിവസത്തിനുള്ളിൽ പ്രവർത്തി പൂർത്തിയാക്കാനാകുമെന്നും ജനുവരി മദ്ധ്യത്തിനകം പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു