പേരാവൂർ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരിൽ മൂന്ന് പേർ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മലയോരത്ത് കോൺഗ്രസിനുള്ളിൽ വിഴുപ്പലക്കിന് കാരണമായി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗീസ്, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സണ്ണി മേച്ചേരി,കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ.പാപ്പച്ചൻ മാസ്റ്റർ എന്നിവരാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ.
ഇരിട്ടി ബ്ലോക്കിലെ വള്ളിത്തോട് ഡിവിഷനിലാണ് തോമസ് വർഗീസ് പരാജയപ്പെട്ടത്. കണിച്ചാർ പഞ്ചായത്തിലെ ഓടപ്പുഴ വാർഡിൽ സണ്ണി മേച്ചേരിയും പേരാവൂർ ബ്ലോക്ക് കോളയാട് ഡിവിഷനിൽ എം.ജെ.പാപ്പച്ചനും പരാജയമറിഞ്ഞു.
മൂന്നിടത്തും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതർ രംഗത്തുണ്ടായതും കോൺഗ്രസിലെ പടലപ്പിണക്കവുമാണ് നേതാക്കളുടെ തോൽവിക്ക് കാരണമായത്. സണ്ണി മേച്ചേരിയുടെ പരാജയം കോൺഗ്രസിന് കണിച്ചാർ പഞ്ചായത്തിന്റെ ഭരണവും നഷ്ടപ്പെടുത്തി. ഇവിടെ കോൺഗ്രസ് യുവ നേതാവ് സന്തോഷ് പെരേപ്പാടൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ പടലപ്പിണക്കം കാരണം എൽ.ഡി.എഫിലെ ആന്റണി സെബാസ്റ്റ്യൻ വാർഡ് കൈക്കലാക്കുകയായിരുന്നു.
കോളയാട് ബ്ലോക്ക് ഡിവിഷനിൽ മുൻ മണ്ഡലം പ്രസിഡന്റ് വാച്ചാലി രാജൻ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുണ്ടായത് കോളയാട് പഞ്ചായത്തിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കാനും എടയാർ വാർഡ് യു.ഡി.എഫിന് നഷ്ടപ്പെടാനും കാരണമായതായാണ് വിലയിരുത്തൽ. എടയാർ വാർഡ് ജയിച്ചിരുന്നെങ്കിൽ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിക്കുമായിരുന്നു.
മൂന്ന് ബ്ലോക്ക് പ്രസിഡന്റുമാരുടെ വൻ പരാജയം പാർട്ടിക്കുള്ളിൽ ചർച്ചയായിക്കഴിഞ്ഞു. മൂന്നിടത്തും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിനായി മറ്റ് നേതാക്കൾ ചരടുവലി തുടങ്ങിയതായാണ് വിവരം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു