നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം വേണ്ടെന്ന് കോൺഗ്രസിൽ ധാരണ. നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുന്നണിയുടെ പ്രവർത്തനങ്ങളിൽ ഉമ്മൻചാണ്ടിയെ കൂടുതൽ സജീവമാക്കണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ടു. മധ്യ കേരളത്തിലെ നഷ്ടം നികത്താൻ ഇതാണ് മാർഗമെന്നാണ് ഘടക കക്ഷികളുടെ നിലപാട്.
തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെക്കുറിച്ച് ആഴത്തിൽ പഠിച്ച് സംഘടനയെ താഴേതട്ടിൽ ശക്തിപ്പെടുത്തുക, അതുവഴി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയമുറപ്പാക്കുക എന്നതിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. അതിനിടയിൽ നേതൃ മാറ്റ ചർച്ച ദോഷം ചെയ്യും. അതിനാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്നാണ് നേതൃ തലത്തിലെ പൊതു തീരുമാനം. ഇതിന് എഐസിസിയുടെ പിന്തുണയും സംസ്ഥാന കോൺഗ്രസിനുണ്ട്. നേതാക്കൾ സംയമനം പാലിക്കണമെന്ന് കാട്ടി പരസ്യ കുറ്റപ്പെടുത്തലിനെ വിലക്കിയത് ഇതിന്‍റെ ഭാഗമാണ്.
മധ്യ കേരളത്തിലെ യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് തിരികെ പിടിക്കാൻ വേഗത്തിൽ ശ്രമം ഉണ്ടാകണമെന്ന് യുഡിഎഫിൽ ആവശ്യമുയർന്നു. അതിന് മുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഉമ്മൻചാണ്ടിയുടെ സജീവ ഇടപെടൽ അനിവാര്യമാണെന്നാണ് പൊതു വികാരം. ക്രിസ്ത്യൻ, നായർ സമുദായങ്ങളെ കൂടുതൽ വിശ്വാസത്തിലെടുത്തുവേണം മുന്നോട്ട് പോകാൻ. ക്രിസ്ത്യൻ സഭകളുടെ ആവശ്യങ്ങൾ പഠിച്ച് സഭാ അധ്യക്ഷൻമാരെ ഉടൻ കാണണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.
ഘടക കക്ഷികൾക്കുള്ള സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി നിയമസഭാ തെരഞ്ഞെടുപ്പിന് വേഗത്തിൽ സജ്ജമാകണമെന്നും ആവശ്യമുയർന്നു. ഇത്തരം കാര്യങ്ങളിൽ ജനുവരിയോടെ ഏകദേശ ധാരണയിലെങ്കിലും എത്താൻ സാധിക്കണമെന്നും യുഡിഎഫ് യോഗത്തിൽ കക്ഷികൾ ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു