ബ്രണ്ണൻ ലൈബ്രറി: അപൂർവ ഗ്രന്ഥങ്ങളുടെ കലവറ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

ബ്രണ്ണൻ ലൈബ്രറി: അപൂർവ ഗ്രന്ഥങ്ങളുടെ കലവറ

01Oct2020ലൈബ്രറിയിൽ ഗവേഷണ വിദ്യാർഥികൾക്കായി ഒരുക്കിയ സ്റ്റഡി കാരലുകളിലൊന്ന്

കണ്ണൂർ: ബ്രണ്ണൻ കോളേജിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ഗ്രന്ഥപ്പുരയിലെ ആർക്കൈവ്‌സ് വിഭാഗത്തിൽ കാലപ്പഴക്കത്തിലും ഒളിമങ്ങാത്ത നിരവധി പുസ്തകങ്ങൾ. സാമുവൽ ബട്‌ലറുടെ ദി ടൈം ഓഫ് ദി ലേറ്റ് വാർസ് എന്ന കൃതിയുടെ (മൂന്ന് ഭാഗങ്ങൾ) 1800-ൽ ലണ്ടനിൽ പ്രസിദ്ധപ്പെടുത്തിയ പതിപ്പുപോലെ 200 വർഷത്തിലേറെ മുൻപ്‌ അച്ചടിച്ച കൃതികൾ കടലാസ് പൊടിയാതെ നിൽക്കുന്നത് അത്‌ഭുതപ്പെടുത്തും.

1888-ൽ ഓക്സ്‌ഫഡ് സർവകലാശാല പ്രസിദ്ധപ്പെടുത്തിയ ഡമ്മി നാലിലൊന്ന് വലുപ്പത്തിൽ ആയിരത്തിലേറെ പേജുള്ള ഇംഗ്ലീഷ് ഡിക്‌ഷനറി ഓഫ് ഹിസ്റ്റോറിക്കൽ പ്രിൻസിപ്പൽസ്‌ പോറലേൽക്കാതെയുണ്ടെന്നത് പഴയകാലത്തെ കടലാസിന്റെയും അച്ചടിയുടെയും വിസ്മയമായി ലൈബ്രറിയിലുണ്ട്.

1822-ൽ ലണ്ടനിൽ അച്ചടിച്ച നേവൽ ഹിസ്റ്ററി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, 1897-ൽ ചേമ്പേഴ്‌സ്‌ പ്രസിദ്ധപ്പെടുത്തിയ ദി റൊമാൻസ് ഓഫ് കൊമേഴ്‌സ്, ഹഗ് ഗോഡ്‌ഫ്രേയുടെ ലൂണാർ തിയറി (മാക്മില്ലൻ 1885), സിഡ്‌നി കോൾവിന്റെ ലാൻഡർ (മാക്മില്ലൻ-1881), കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ബ്രിട്ടനിൽ പ്രസിദ്ധപ്പെടുത്തിയ ഇല്ലസ്‌ട്രേറ്റഡ് ജേണൽ ഓഫ് നാച്വറിന്റെ പതിപ്പുകൾ എന്നിവയെല്ലാം ദ്രവിക്കാതെ നിൽക്കുന്നു.


മലയാള പുസ്തകങ്ങളിൽ പോറലേൽക്കാതെ, പൊടിയാതെ കണ്ടെത്തിയിട്ടുള്ളത് 112 വർഷം മുൻപുവരെയുള്ള കൃതികളാണ്. ഇനിയും പരിശോധിക്കാനുള്ള പഴയ പുസ്തകശേഖരം പൂർണമായി പരിശോധിക്കുമ്പോൾ 19-ാം നൂറ്റാണ്ടിൽ അച്ചടിച്ച കൃതികൾ കണ്ടുകിട്ടിയേക്കുമെന്നാണ് കരുതുന്നത്.

കണ്ടുകിട്ടിയതിൽ ഒരു കൃതി 1908-ൽ തലശ്ശേരിക്കാരൻതന്നെയായ ശേഷഗിരി പ്രഭുവിന്റെ വ്യാകരണമിത്രമാണ്. കോഴിക്കോട്ടെ ബാസൽമിഷൻ ബുക്ക് ആൻഡ് ട്രാക്റ്റ് ഡിപ്പോസിറ്ററിയാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. പരക്കെ അറിയപ്പെടുന്നതുപോലെ ശേഷഗിരിപ്രഭുവിന്റെ മാത്രം കൃതിയല്ല വ്യാകരണമിത്രം. എം.കൃഷ്ണനുമായി ചേർന്ന് തയ്യാറാക്കിയതാണ്.

മാധ്യമ പാഠശാലകളുടെ ഉപയോഗത്തിനായി മംഗലാപുരം ഗവ. കോളേജിലെ ഉപാധ്യായനായ എം.ശേഷഗിരിപ്രഭു എം.എ.യും പ്രസിഡൻസി കോളേജിലെ ഉപാധ്യാപകനും മദ്രാസ്‌ ഗവ. ട്രാൻസ്‌ലേറ്ററും ആയ എം.കൃഷ്ണൻ ബി.എ., ബി.എൽ., എഫ്.എം.യു., എം.ആർ.എ.എസും. കൂടി ഉണ്ടാക്കിയതെന്നാണ് മുഖപേജിൽ കൊടുത്തിട്ടുള്ളത്.


പഴയന്നൂർ രാമ പിഷാരോടിയുടെ അവാതരപുരുഷന്മാർ അഥവാ മതവിചാരം (1920 കോഴിക്കോട്) ആണ് മറ്റൊന്ന്. പിഷാരോടി കോഴിക്കോട്ടെ ഗവ. കമേഴ്‌സ്യൽ സ്കൂൾ മാസ്റ്ററായിരുന്നു. തൃശ്ശിവപേരൂർ കേരളകല്പദ്രുമം അച്ചുക്കൂടത്തിൽ 1921-ൽ അച്ചടിച്ച അമരകോശം വലിയ പോറലേൽക്കാതെയുണ്ട്. പാലപ്പുറത്ത് പുതിയേടത്ത് ഗോവിന്ദൻ നമ്പ്യാർ അവർകളുടെ ശിഷ്യനായി യോഗവിദ്യോപദേഷ്ടാവായ യോഗാനന്ദ സ്വാമി അവർകളിൽനിന്ന് സിദ്ധിച്ചതായ നാമത്രയത്തോടുകൂടിയ കയ്ക്കുളങ്ങര വാരിയത്രാമവാരിയരവർകളാൽ ഉണ്ടാക്കപ്പെട്ട ബാലബോധിനി എന്ന ഭാഷാവ്യാഖ്യാനത്തോടുകൂടിയത് എന്നാണ് കർതൃത്വത്തെക്കുറിച്ച് ആദ്യപേജിൽ എഴുതിയിട്ടുള്ളത്.

പൊടിപിടിച്ചനിലയിലുള്ള പഴക്കംചെന്ന പുസ്തകങ്ങൾ മുഴുവൻ സൂക്ഷ്മമായ പരിശോധന നടത്തി വിശദമായ കാറ്റ്‌ലോഗ് തയ്യാറാക്കുക, പുസ്തകം പുരാവസ്തുമൂല്യം കൂടി കണക്കിലെടുത്ത് സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയസംവിധാനമുണ്ടാക്കുക, ഗവേഷണത്തിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങി ബ്രണ്ണൻ ലൈബ്രറിക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. മുഖ്യ ലൈബ്രറിയൻ ഉൾപ്പെടെ ആറ് ജീവനക്കാർ മാത്രമേയുള്ളുവെന്നതാണ് നേരിടുന്ന പ്രയാസം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog