പാലം വിദഗ്‌ധർ പരിശോധിക്കും : മാഹിപ്പാലം അപകടാവസ്ഥയിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 October 2020

പാലം വിദഗ്‌ധർ പരിശോധിക്കും : മാഹിപ്പാലം അപകടാവസ്ഥയിൽ

01Oct2020

മാഹി: ദേശീയപാതയിൽ മാഹിപ്പാലത്തിലുണ്ടായ തകരാർ പരിഹരിക്കാൻ അടിയന്തര അറ്റകുറ്റപ്പണി നടത്തും. രണ്ടാഴ്ച പാലം അടച്ചിട്ട് നടത്തേണ്ട പണിയുടെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒക്ടോബറിലുണ്ടാകും. ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്.

പാലത്തിന്റെ സ്ലാബുകൾക്കിടയിലെ എക്‌സ്‌പാൻഷൻ ജോയിൻറുകൾക്കിടയിലാണ് കേടുപാടുണ്ടായത്. സ്ലാബുകൾ ബന്ധിപ്പിക്കുന്ന സ്ഥലത്ത് സ്റ്റീലിന്റെ ചാനൽ സെക്ഷൻ ഉണ്ട്. മൂന്നുസ്ഥലത്ത് ഇവ പൊട്ടിയതായി പരിശോധനയിൽ കണ്ടെത്തി. ചാനൽ സെക്ഷൻ ഉറപ്പിക്കുന്നത് കോൺക്രീറ്റ് ചെയ്താണ്. ചാനൽ സെക്ഷൻ പൊട്ടിയതോടെ ഈ കോൺക്രീറ്റ് പൊടിഞ്ഞുപോയി.

അതിനാൽ ചാനൽ സെക്ഷൻ മുറിച്ചുമാറ്റി പുതിയത് ഘടിപ്പിക്കുകയോ വെൽഡിങ് നടത്തി ബലപ്പെടുത്തുകയോ വേണം. കോൺക്രീറ്റ് പൊടിഞ്ഞ സ്ഥലത്ത് പുതുതായി കോൺക്രീറ്റ് ചെയ്യേണ്ടതുമുണ്ട്. കോൺക്രീറ്റ് ചെയ്താൽ അവ ഉറയ്ക്കുന്നതിന് രണ്ടാഴ്ച സമയം വേണം. അതിനാലാണ് അറ്റകുറ്റപ്പണിക്ക് പാലം രണ്ടാഴ്ച അടച്ചിടേണ്ടിവരുന്നത്. ഈ സമയത്ത് പാലത്തിലൂടെയുള്ള ഗതാഗതം തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യും.


കഴിഞ്ഞയാഴ്ചയാണ് തകരാർ കണ്ടത്. പാലത്തിന്റെ മധ്യത്തിലെ സ്ലാബിനോട് ചേർന്നാണ് കൂടുതൽ തകർച്ച. ന്യൂമാഹി ഭാഗത്തുനിന്ന് മാഹിയിലേക്ക് പോകുമ്പോഴുള്ള ഇടതുവശത്താണ് കേടുപാടുള്ളത്. ഇതുകാരണം പാലത്തിന്റെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ വേഗം കുറയുകയും അത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്റ്റീലിന്റെ ചാനൽ സെക്ഷൻ ഇളകുന്നുണ്ട്. അഞ്ച് സ്പാനുകളാണ് പാലത്തിനുള്ളത്. ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ ബെന്നി ജോൺ, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ടി. പ്രശാന്ത്, അസി. എൻജിനീയർ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog