തൊഴിലുറപ്പ് പണം തട്ടി : കണിച്ചാറിൽ നാലുപേർക്കെതിരേ കേസെടുക്കാൻ വിജിലൻസ് ശുപാർശ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം-ഇളമ്പാളി കോളനി റോഡ് തൊഴിലുറപ്പുപദ്ധതിയിൽ കോൺക്രീറ്റ് പണി ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണം തട്ടിയെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ദിപു വർഗീസ്, ഓവർസിയർ മിനി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി ചെമ്പരത്തിക്കൽ, സെക്രട്ടറി ബാബു തോമസ് എന്നിവർക്കെതിരേ കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തു.

ഡിവൈ.എസ്.പി. ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നടപ്പുവഴി മാത്രമുള്ള സ്ഥലത്ത് ഒരു ജോലി പോലും ചെയ്യാതിരിക്കെ കഴിഞ്ഞ മാർച്ച് 19 മുതൽ 25 വരെ 13 തൊഴിലാളികൾ ജോലി ചെയ്തതായി രേഖയുണ്ടാക്കി 21000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തൽ. മണ്ണുമാന്തി യന്ത്രത്തിന്റെ വാടക കൊടുക്കാനെന്ന പേരിൽ ഈ പണം ഇവരോട് ബാങ്കിൽനിന്ന് എടുത്തുതരാൻ തട്ടിപ്പിന് ചുക്കാൻ പിടിച്ചവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പലരും പണം പിൻവലിച്ച് കൈയിൽ സൂക്ഷിച്ചു.

അപ്പോഴേക്കും അന്വേഷണം വന്നേക്കുമെന്ന സംശയത്തിൽ പണം കൈയിൽതന്നെ വയ്ക്കാൻ ഇവരോട് നിർദേശിച്ചു. തട്ടിപ്പിന്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തറിഞ്ഞതെന്നും കൂടുതൽ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് അരങ്ങേറിയതായും വിജിലൻസ് സംശയിക്കുന്നു.

പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, എടക്കാട് ജോയിന്റ് ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസർ ആയിഷ എന്നിവർക്കൊപ്പമായിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന.

തൊഴിലുറപ്പുപദ്ധതി പ്രകാരം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് മസ്റ്റർ റോൾ സൂക്ഷിക്കേണ്ടതുണ്ട്. ഇതിൽ ദിവസേന ജോലിക്ക്‌ മുമ്പും ശേഷവും തൊഴിലാളി ഒപ്പിടണം. ഈ ഒപ്പുകൾ അത്രയും വ്യാജമായി ഇടുകയായിരുന്നു. ഒരേ ആളാണ് എല്ലാവരുടെയും ഒപ്പിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഓരോ ആഴ്ചയും മസ്റ്റർ റോൾ പഞ്ചായത്തിൽ എത്തിച്ച് അത് അവിടത്തെ ഓൺലൈൻ സംവിധാനത്തിൽ ചേർക്കണം. ഇങ്ങനെ ചേർത്തുകഴിയുമ്പോൾ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഡിജിറ്റലായി ഒപ്പിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും. സാധാരണഗതിയിൽ തൊഴിലുറപ്പ് പദ്ധതികൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് ഇത് ചെയ്യുക.

പക്ഷേ, ഉത്തരവാദിത്വം പ്രസിഡന്റിനും സെക്രട്ടറിക്കുമാണ്. ജോലി നടന്നതായി വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറും സാക്ഷ്യപ്പെടുത്തണം. പക്ഷേ, സ്ഥലത്തെ വി.ഇ.ഒ. ഇത് അറിഞ്ഞതേ ഇല്ല. ജോലി നടന്നതായി റോഡിന്റെ ഇരുവശത്തും ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡാണ് സംശയം ജനിപ്പിച്ചത്. സാമ്പത്തികവർഷം തീരാറായതുകൊണ്ട് പണം നഷ്ടപ്പെടാതിരിക്കാനാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്ന് പ്രതിയെന്ന് സംശയിക്കുന്നവർ വിജിലൻസിനോട് വിശദീകരിച്ചു. പക്ഷേ, അത്തരം സാഹചര്യങ്ങളിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് പണം നീക്കിവയ്ക്കുകയാണ് രീതിയെന്ന് (സ്പിൽഓവർ) എന്ന് വ്യക്തമായിട്ടുണ്ട്.

വിജിലൻസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർ പങ്കജാക്ഷൻ, അസി. സബ് ഇൻസ്‌പെക്ടർമാരായ വിനോദ്, മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. ബാബു എന്നിവരും ഉണ്ടായിരുന്നു. എൻജിനീയർ സുനിൽ കൊയിലേരിയൻ, എടക്കാട് ജോയിന്റ് ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസർ ആയിഷ എന്നിവർക്കൊപ്പമായിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha