പ്രതിഷേധം വിജയിച്ച വയലിൽ നെല്ല് വിളഞ്ഞത് നൂറുമേനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

06Sep2020

പയ്യന്നൂർ: പ്രതിഷേധത്തിന്റെ നെൽച്ചെടികൾ വിളഞ്ഞ കണ്ടങ്കാളി തലോത്ത് വയലിൽ ഇത്തവണ നൂറുമേനി. പെട്രോളിയം പദ്ധതിയെ ജനകീയസമരംകൊണ്ട് ചെറുത്ത സ്ഥലത്താണ് വർഷങ്ങൾക്കുശേഷം വയൽ മുഴുവൻ കതിരണിഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ സമരത്തിന്റെ ഭാഗമായി വയലിൽ കൃഷി ഇറക്കിയിരുന്നെങ്കിലും വർഷങ്ങൾക്കുശേഷമാണ് ഇത്രയും വിശാലമായി വയലിൽ കൃഷി ഇറക്കുന്നത്.

കണ്ടങ്കാളിയിൽ 85 ഏക്കറോളം വയൽ ബി.പി.സി.എൽ., ഐ.ഒ.സി. തുടങ്ങിയ കമ്പനികൾക്ക് കേന്ദ്രീകൃത എണ്ണസംഭരണശാല നിർമിക്കാൻ ഏറ്റെടുത്തത് വിവാദങ്ങൾക്കും പ്രതിഷേധത്തിനും വഴിതെളിക്കുകയായിരുന്നു. ഇതിനെതിരേ കർഷകരും പരിസ്ഥിതിപ്രവർത്തകരും നാട്ടുകാരും രംഗത്തെത്തുകയും ജനകീയസമരവുമായി മുന്നോട്ട് പോവുകയുമായിരുന്നു.

വയലിനെയും അതിനോടൊപ്പമുള്ള കണ്ടൽക്കാടുകളെയും തണ്ണീർത്തടങ്ങളെയും കവ്വായി കായലിലെ വെള്ളത്തെയും പദ്ധതി ദോഷകരമായി ബാധിക്കുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. മൂന്നുവർഷത്തോളം നീണ്ട സമരത്തെത്തുടർന്ന് ഈവർഷം ഫെബ്രുവരിൽ പെട്രോളിയം പദ്ധതി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. വയലിനെ സംരക്ഷിക്കാനുള്ള സമരം വെറുതെയായിരുന്നില്ലെന്ന് സമരം അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ കർഷകർ തെളിയിക്കുകയായിരുന്നു.


നൂറേക്കറിൽ കൃഷി

പെട്രോളിയം പദ്ധതി വിരുദ്ധ സമരത്തിന്റെ ഭാഗമായി വയലിൽ കഴിഞ്ഞ വർഷങ്ങളിൽ കൃഷി ഇറക്കിയിരുന്നു. ഈ വർഷം കൃഷി നൂറേക്കറിലേക്ക്‌ വ്യാപിപ്പിക്കുകയായിരുന്നു. കോവിഡും അനുബന്ധ സാഹചര്യങ്ങളും കൃഷിക്ക്‌ അനുകൂലമാക്കി.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും വയലിൽ കൃഷി ഇറക്കി.

തനത് നെല്ലിനമായ തൗവ്വനാണ് തലോത്ത് വയലിൽ വിതച്ചത്. മേയ് അവസാനം പുതുമഴയോട് കൂടിയാണ് വയലിൽ വിത്തിറക്കിയത്.

ചിങ്ങത്തിൽ വിളയുന്ന തൗവ്വൻ വിതയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് കണ്ടങ്കാളി വയൽ. ഞായറാഴ്ച കൊയ്ത്ത് നടക്കും. രാവിലെ എട്ടുമുതൽ നടക്കുന്ന കൊയ്ത്തിൽ കർഷകരും നാട്ടുകാരും പങ്കെടുക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha