
അരുവിക്കര: എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ എന്നവകാശപ്പെട്ട് ചികിത്സ നടത്തിയതിന് അറസ്റ്റിലായയാൾ അരുവിക്കര പോലീസ് സ്റ്റേഷനിൽ നാണയം വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചു. അരുവിക്കര പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്ത നാവായിക്കുളം കുന്നുവിള പുത്തൻവീട്ടിൽ രാജേഷ്(30) ആണ് പത്തു രൂപയുടെ നാണയം വിഴുങ്ങിയത്.
രാജേഷിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇയാൾ കൈയിലുണ്ടായിരുന്ന നാണയം വിഴുങ്ങിയത്. ഉടൻതന്നെ ഇയാളെ പോലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിൽ ഡോക്ടർമാർ അന്നനാളത്തിൽ കുടുങ്ങിക്കിടന്ന നാണയം പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് വൈകീട്ട് ഏഴുമണിയോടെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രാജപ്പൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.എ.ടി. ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ എന്നവകാശപ്പെട്ട് ഇയാൾ ആറുവർഷമായി വ്യാജ ഡോക്ടറായി പ്രവർത്തിക്കുകയായിരുന്നു. ഒരു യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു