കൊടുങ്ങല്ലൂര്‍ : ദേശീയപാത 66-ല്‍ കുറ്റിപ്പുറംമുതല്‍ ഇടപ്പള്ളിവരെയുള്ള നാലുവരിപ്പാതയ്ക്കായി ഭൂമി ഏറ്റെടുത്ത് ദേശീയപാതാ അതോറിറ്റിയെ ഏല്‍പ്പിക്കുന്നത് വൈകും. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (സ്ഥലം ഏറ്റെടുക്കല്‍) കൊടുങ്ങല്ലൂര്‍ ഓഫീസിലെ ജീവനക്കാരുടെ കുറവാണ് നടപടിക്രമങ്ങള്‍ നീണ്ടുപോകാന്‍ കാരണം.
അതേസമയം സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന എല്ലാ കേസുകളിലും കഴിഞ്ഞദിവസം കോടതി തീര്‍പ്പുകല്പിച്ചിരുന്നു. ഇപ്പോള്‍ ജില്ലയില്‍ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു തടസ്സങ്ങളൊന്നും നിലവിലില്ല. 55 ഭൂവുടമകള്‍ നല്‍കിയ കേസുകളില്‍ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ പെറ്റീഷനിലാണ് വിധിയുണ്ടായത്.മേയ് മാസത്തിനുള്ളില്‍ ഭൂമിയുടെ കൈമാറ്റം നടത്തണെമെന്നായിരുന്നു കഴിഞ്ഞമാസം നടന്ന ഉന്നതതല യോഗത്തിന്റെ നിര്‍ദ്ദേശം. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിര്‍ണയം തൊണ്ണൂറുശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും വസ്തുവിലെ കെട്ടിടങ്ങളുടെ വിലനിര്‍ണയിക്കേണ്ടത് പൊതുമരാമത്തുവകുപ്പാണ്.
ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ പൊതുമരാമത്തുവകുപ്പിന് കൈമാറിയിരുന്നു. ദേശീയപാതാ അതോരിറ്റി നിശ്ചയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെ വിലനിര്‍ണയത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂമിയിലെ ഫലവൃക്ഷങ്ങളുടെ വിലനിര്‍ണയം നടത്തേണ്ടത് കൃഷിവകുപ്പും വനംവകുപ്പുമാണ്. ഈ ജോലികള്‍ ഏതാണ്ട് പകുതിയിലധികം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടയില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍നിന്ന് ജീവനക്കാരെ വനഭൂമി പട്ടയനിര്‍ണയത്തിനായി നിയോഗിച്ചതോടെ നാലുവരിപ്പാതയുടെ ജോലികള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. എട്ട് റവന്യൂ ഇന്‍സ്‌പെക്ടര്‍മാരെയും മൂന്ന് സര്‍വേയര്‍മാരെയുമാണ് ഓഫീസില്‍നിന്നു പിന്‍വലിച്ചിട്ടുള്ളത്. ഇതുമൂലം മാര്‍ച്ച് 31-ന് അവസാനിക്കേണ്ട ജോലികള്‍ നീണ്ടുപോകുന്നു. 2018 മേയില്‍ പുറത്തിറങ്ങിയ ത്രീ (എ) വിജ്ഞാപനത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഏറ്റെടുക്കാന്‍ കഴിയാതെ പോയ ഭൂമിയുടെ ത്രീ (എ) വിജ്ഞാപനം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതില്‍ പരാതിയുണ്ടെങ്കില്‍ പരാതികള്‍ 21 ദിവസത്തിനകം തപാല്‍ മാര്‍ഗം സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ കൊടുങ്ങല്ലൂര്‍ ഓഫീസില്‍ നല്‍കണം. ജില്ലയുടെ വടക്കേ അറ്റമായ ചാവക്കാട് താലൂക്കിലെ കടിക്കാടുമുതല്‍ കൊടുങ്ങല്ലൂര്‍ മേത്തല വലിയപണിക്കന്‍തുരുത്തുവരെയുള്ള പത്തുവില്ലേജുകളിലായി 63 കിലോമീറ്റര്‍ ദൂരത്തില്‍ 204.74 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു