ഇരിട്ടി : കേരളാ - കർണ്ണാടക അതിർത്തിലെ കിളിയന്തറയിൽ പ്രവർത്തിക്കുന്ന കന്നുകാലി കോഴിവസന്താ നിർമ്മാർജ്ജന ചെക്ക് പോസ്റ്റിന്റെ (റിണ്ടർപെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റ് ) കെട്ടിട നിർമ്മാണം തറയിൽ ഒതുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിയുന്നു. സമീപത്തെ വായനശാലാ കെട്ടിടത്തിന്റെ ഒറ്റമുറിക്കുള്ളിൽ പത്തു വർഷത്തോളമായി ശ്വാസം മുട്ടി കഴിയുകയാണ് ഇവിടെത്തെ ആറോളം ജീവനക്കാർ. പതിറ്റാണ്ടുകളായി ഇരിട്ടി - കൂട്ടുപുഴ റോഡരികിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ ചെക്ക് പോസ്റ്റ് കെട്ടിടം പത്തു വര്ഷം മുൻപ് തലശ്ശേരി - വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കുകയായിരുന്നു. ഈ സമയത്താണ് ചെക്ക് പോസ്റ്റ് കിളിയന്തറയിലെ നവനളന്ത വായനശാല ആന്റ് ഗ്രന്ഥാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയത്.
കർണ്ണാടകത്തിൽ നിന്നും അതിർത്തി കടത്തിക്കൊണ്ടുവരുന്ന കന്നുകാലികൾ, കോഴികൾ തുടങ്ങിയവയെ ഈ ചെക്ക് പോസ്റ്റിൽ നിർത്തി പരിശോധിച്ച് രോഗങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമായിരുന്നു കേരളത്തിലേക്ക് കടത്തി വിട്ടിരുന്നത്. കേന്ദ്രത്തിനു സ്വന്തമായി കെട്ടിടം വേണമെന്നുള്ള നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുകയും കിളിയന്തറ വാണിജ്യനികുതി ചെക്ക് പോസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5 സെന്റ് സ്ഥലം അധികൃതർ ഇതിനായി കണ്ടെത്തുകയും ചെയ്തു. എന്നാൽ കെട്ടിടം തറയിൽ ഒതുങ്ങിയതല്ലാതെ രണ്ടു വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തി പാടേ നിലച്ചു കിടക്കുകയാണ്.
12 ലക്ഷത്തോളം രൂപയാണ് ഇവിടെ അനുബന്ധ കെട്ടിടവും സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രക്കാണ് കെട്ടിട നിർമാണച്ചുമതല . നിര്‍മ്മാണ കാലാവധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ തറയുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവർത്തികൾ പാടേ നിലച്ചു കിടക്കുന്നതിനാൽ അനുവദിച്ച തുക ലാപ്സായി പോകാനാണ് സാദ്ധ്യത. അതേസമയം സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കണ്ടെയ്‌നര്‍ കെട്ടിടമാണ് ചെക്ക്‌പോസ്റ്റിനായി ഇവിടെ നിര്‍മ്മിക്കുന്നതെന്നും പറയപ്പെടുന്നു.
കൊറോണ വൈറസുകളും, പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളിലെ കോഴി ഉള്‍പ്പെടെയുള്ള പക്ഷി മൃഗാദികളെ പരിശോധനയ്ക്ക് വിധേയമാക്കേണ്ട കേരള കാര്‍ണ്ണാടകാ അതിര്‍ത്തിക്ക് സമീപത്തെ കിളിയന്തറയിലെ ആര്‍ ഇ ചെക്കുപോസ്റ്റ് ഇപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് ഇങ്ങിനെ ഫയലില്‍ ഉറങ്ങികിടക്കേണ്ടി വന്നത് എന്നാണു ആക്ഷേപം. രാപ്പകൽ 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കേണ്ട ചെക്ക് പോസ്റ്റിൽ ഇപ്പോൾ ഉള്ള ആറോളം ജീവനക്കാർ വായനശാലയുടെ ഇടുങ്ങിയ മുറിക്കുള്ളിൽ ശരിക്കും ദുരിതജീവിതമാണ് നയിക്കുന്നത്. ടോയിലറ്റ് സൗകര്യങ്ങൾ അടക്കം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഇതിനൊപ്പം ഗ്രന്ഥാലയത്തിന്റെ പ്രവർത്തനവും താറുമാറായ അവസ്ഥയിലാണ്. വായനശാലക്കനുവദിച്ച കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ കഴയുന്നില്ല. മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് മേഖലയിലെ നാട്ടുകാർ ഉൾപ്പെടെയുള്ളവർ. അടിയന്തര പ്രാധാന്യത്തോടെ റിണ്ടർ പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റിന്റെ പ്രര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത് .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു