കൊറോണ: ജാഗ്രതാ നടപടികള്‍ക്ക് മതരാഷ്ട്രീയ നേതാക്കളുടെ പിന്തുണ. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ചുകൂടുന്ന മതരാഷ്ട്രീയസംഘടനാ പരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ തീരുമാനം. അനിവാര്യമായ ആരാധനാ കര്‍മങ്ങള്‍ കേവലം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്താനും യോഗത്തില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ക്ക് ഉച്ചഭാഷിണി അനുമതി നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പോലിസിന് നിര്‍ദ്ദേശം നല്‍കി.
ജില്ലയില്‍ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗബാധ തടയുന്നതിന് ശക്തമായ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ഭീതിയുടെ ആവശ്യമില്ല. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു.
മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് അമിത വില ഈടാക്കുകയും ഇവ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും അനാവശ്യ ഭീതി സൃഷ്ടിക്കുയും ചെയ്യുന്നവര്‍ക്കെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ താഴേത്തട്ടില്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്ഥാപനതലത്തില്‍ പ്രത്യേക യോഗങ്ങള്‍ നടന്നുവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അറിയിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സംശയാസ്പദമായ കേസുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ അധികാരികളെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൊറോണയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായിക്, വിവിധ മതരാഷ്ട്രീയസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. ഉത്സവങ്ങള്‍, ഉറൂസുകള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ ചടങ്ങ് മാത്രമാക്കി ലഘൂകരിക്കും
2. കുര്‍ബാനകള്‍, മതപ്രഭാഷണങ്ങള്‍, മത ക്ലാസുകള്‍ എന്നിവ മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കും
3. പഞ്ചായത്ത് നഗരസഭ തലത്തില്‍ ഉത്സവക്കമ്മറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും
4. മാര്‍ച്ച് 31 വരെ ഉച്ചഭാഷിണികള്‍ക്ക് അനുമതി നല്‍കില്ല
5. മാസ്‌കിന് അമിത വില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും കണ്ടെത്തുന്നതിന് റെയ്ഡിന് സബ്കലക്ടമാര്‍ക്ക് നിര്‍ദ്ദേശം
6. മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം
7. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം ശക്തമാക്കും
8. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി മുന്നു ആരോഗ്യവകുപ്പ് സംഘം മുഴുവന്‍ യാത്രക്കാരെയു പരിശോധിച്ചുവരുന്നു
9. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ശുചിത്വം ഉറപ്പ് വരുത്താന്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും നടപടിയെടുക്കണം
10. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ ബോധവല്‍ക്കരണം
11. വിവാഹം, അന്ത്യകര്‍മ്മങ്ങള്‍ എന്നി ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കഴിയുന്നത്ര നിയന്ത്രിക്കണം
12. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ജില്ലയിലേക്കുള്ള പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു