തലശേരി: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം. ക്ഷേത്രങ്ങള്‍, പള്ളികള്‍, എന്നിവിടങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല. മാഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ അമന്‍ ശര്‍മയുടേതാണ് ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ 144 നിലനില്‍ക്കും.
അതേസമയം കണ്ണൂരിലെ അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയിലെ മടിക്കേരിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ 24 മണിക്കൂറും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വീരാജ് പേട്ടയില്‍ നിന്നും മാക്കൂട്ടം ചുരം പാത വഴി എത്തുന്ന ഇരുചക്ര വാഹനങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനയാണ് നടക്കുന്നത്. എക്സൈസ്, പൊലീസ്, റവന്യു വകുപ്പ് എന്നിവയും ആലോപതി, ആയുര്‍വേദം എന്നിവയില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങളുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
ആരെയെങ്കിലും സംശയിക്കത്തക്ക സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ 108 ആംബുലസിന്റെ സേവനത്തോടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ രാത്രികാല പരിശോധനയ്ക്ക് തടസമായി നില്‍ക്കുന്നത് വെളിച്ചക്കുറവാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം നേതൃത്വം നല്‍കുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. മൂന്ന് ഷിഫ്റ്റുകളായാണ് പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ബോധവത്ക്കരിക്കുന്നതിനായി ക്ലാസും ലഘുരേഖകളും വിതരണം ചെയ്യുന്നുണ്ട്.
ബംഗളൂരുവില്‍ ഐ ടി സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഐ ടി മേഖലയിലെ ഭൂരിഭാഗം മലയാളികളും വീരാജ്പേട്ട- മാക്കൂട്ടം ചുരം പാതവഴിയാണ് എത്തുന്നത്. രാത്രി കാലങ്ങളില്‍ മുപ്പതിലേറെ സ്വകാര്യ ടൂറിസ്റ്റു ബസുകളാണ് ബംഗളൂരുവില്‍ നിന്നും കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ എത്തുന്നത്.
നിരോധനാജ്ഞയും ആരോഗ്യ അടിയന്തിരാവസ്ഥയും കൂടി പ്രഖ്യാപിച്ചതോടെ നഗരങ്ങളും ഗ്രാമങ്ങളും വിജനമായി. നടപടികള്‍ ശക്തമാക്കിയതോടെ കുറച്ചു ദിവസമായി കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
മേഖലയിലെ വ്യാപാരികളില്‍ ഭൂരിഭാഗവും മലയാളികളാണ്. കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ , മട്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികളാണ് ഇതില്‍ ഏറിയപങ്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ പലരും നാട്ടിലേക്ക് മടങ്ങാനുള്ള തെയ്യാറെടുപ്പിലാണ്. അവരെ അതിര്‍ത്തിയില്‍ പരിശോധിച്ചതിന് ശേഷം മാത്രമെ കടത്തി വിടുകയുള്ളൂ. സംശയം തോന്നുന്നവരെ നിരീക്ഷണത്തിന് വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു